കാലിഫോര്‍ണിയയില്‍ വീണ്ടും വെടിവെയ്പ്; മൂന്നുപേര്‍ മരിച്ചു


JANUARY 28, 2023, 11:05 PM IST

ലോസ് ഏഞ്ചല്‍സ്: കാലിഫോര്‍ണിയയിലുണ്ടായ വെടിവയ്പ്പില്‍ മൂന്നു പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റതായും പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എ പി റിപ്പോര്‍ട്ട് ചെയ്തു.  

ശനിയാഴ്ച പുലര്‍ച്ചെയാണ് വെടിവെയ്പുണ്ടായത്. ഈ മാസം കാലിഫോര്‍ണിയയില്‍ നടക്കുന്ന ആറാമത്തെ കൂട്ട വെടിവയ്പ്പാണ് ഇത്.

ലോസ് ഏഞ്ചല്‍സിലെ ഉയര്‍ന്ന പ്രദേശമായ ബെവര്‍ലി ക്രെസ്റ്റില്‍ പുലര്‍ച്ചെ രണ്ടരയ്ക്ക് ശേഷമാണ് വെടിവയ്പ്പ് നടന്നതെന്ന് ലോസ് ഏഞ്ചല്‍സ് പൊലീസ് ഡിപ്പാര്‍ട്ട്മെന്റിലെ ഫ്രാങ്ക് പ്രെസിയാഡോ സ്ഥിരീകരിച്ചു. വാഹനത്തിലുണ്ടായിരുന്ന മൂന്നുപേരാണ് വെടിയേറ്റ് മരിച്ചത്. നാലു പേര്‍ വാഹനത്തിന് പുറത്തു നില്‍ക്കവെ വെടിയേല്‍ക്കുകയായിരുന്നു. 

വെടിയേറ്റവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. പരിക്കേറ്റരില്‍ ചിലരുടെ നില ഗുരുതരമാണ്. 

വെടിവയ്ക്കാനുണ്ടായ കാരണമെന്താണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് പ്രെസിയാഡോ പറഞ്ഞു. പ്രതിയെന്ന് സംശയിക്കുന്നയാളാണോ പ്രതികളാണോ കസ്റ്റഡിയിലുള്ളതെന്ന് വ്യക്തമല്ല.

കഴിഞ്ഞയാഴ്ച ലോസ് ഏഞ്ചല്‍സ് നഗരപ്രാന്തത്തിലെ ഒരു ഡാന്‍സ് ഹാളില്‍ നടന്ന കൂട്ടക്കൊലയ്ക്ക് പിന്നാലെയാണ് ശനിയാഴ്ച പുലര്‍ച്ചെ വെടിവയ്പുണ്ടായത്. ഡാന്‍സ് ഹാളിലെ വെടിവെയ്പില്‍ 11 പേര്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൂടാതെ രണ്ട് ഫാമുകളില്‍ നടന്ന വെടിവയ്പില്‍ ഏഴ് പേര്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

രാജ്യത്തെ ഏറ്റവും കഠിനമായ തോക്ക് നിയമങ്ങളും ഏറ്റവും കുറഞ്ഞ തോക്ക് മരണ നിരക്കും ഉള്ള സംസ്ഥാനത്തിന് ഈ കൊലപാതകങ്ങള്‍ തലവേദനയായി.

ഗണ്‍ വയലന്‍സ് ആര്‍ക്കൈവ് അനുസരിച്ച് തുടര്‍ച്ചയായി മൂന്നാം വര്‍ഷവും 2022-ല്‍ യു എസില്‍ 600-ലധികം കൂട്ട വെടിവയ്പുകളാണ് രേഖപ്പെടുത്തിയത്. അതില്‍ കുറഞ്ഞത് നാല് പേര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തു.

Other News