ഷിക്കാഗോ: പത്തുദിവസം മുമ്പ് മാത്രം യുഎസില്‍ എത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മോഷ്ടാക്കളുടെ വെടിയേറ്റ് മരിച്ചു. വിജയവാഡ സ്വദേശി നന്ദപു ദേവാന്‍ഷ് (23) ആണ് കൊല്ലപ്പെട്ടത്. ആന്ധ്രാപ്രദേശില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയാണ് നന്ദപു. ഹൈദരാബാദ് സ്വദേശി കൊപ്പള സായ് ചരണിന്് പരിക്കേറ്റു.
ജനുവരി 22 ന് ഷിക്കാഗോയിലെ പ്രിന്‍സ്റ്റണ്‍ പാര്‍ക്കില്‍ വെച്ചാണ് അക്രമികള്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. വിശാഖപട്ടണം സ്വദേശിയായ മറ്റൊരു വിദ്യാര്‍ത്ഥി ലക്ഷ്മണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഷിക്കാഗോ ഗവര്‍ണേഴ്സ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ പ്രവേശനം ലഭിച്ചതിനെ തുടര്‍ന്ന് 10 ദിവസം മുമ്പാണ് മൂന്ന് വിദ്യാര്‍ത്ഥികളും യുഎസില്‍ എത്തിയത്..
വാടകയ്ക്ക് എടുത്ത അപ്പാര്‍ട്ട്മെന്റിലാണ് ഇവര്‍ ഒരുമിച്ച് താമസിച്ചിരുന്നത്.
ഇന്റര്‍നെറ്റ് കണക്ഷനുള്ള റൂട്ടര്‍ വാങ്ങാന്‍ പോയതായിരുന്നു മൂവരും. ആയുധധാരികളായ രണ്ടുപേര്‍ അവരെ വഴിതിരിച്ചുവിടുകയും വിദ്യാര്‍ത്ഥികളോട് മൊബൈല്‍ ഫോണ്‍ കൈമാറാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
അവരുടെ പാസ്വേഡുകള് പങ്കിടാനും പറഞ്ഞു. വിദ്യാര്‍ത്ഥികളില്‍ നിന്ന് പണമെല്ലാം കൈക്കലാക്കി.
രംഗം വിടുമ്പോള്‍, ആയുധധാരികള്‍ വെടിയുതിര്‍ത്തു. ദേവന്ഷിനും സായ് ചരണിനും വെടിയേറ്റ് മുറിവേറ്റിട്ടുണ്ട്. അതേസമയം ലക്ഷ്മണ് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
ഇരകള്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് പോലീസ് എത്തിയാണ് മൂവരേയും ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിലിരിക്കെ ദേവാന്‍ഷ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
സായി ചരണിനെ യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തതായാണ് വിവരം. തന്റെ മാസ്റ്റേഴ്സ് ചെയ്യുന്നതിനായി ജനുവരി 13 നാണ് അദ്ദേഹം ഷിക്കാഗോയില്‍ വന്നിറങ്ങിയത്.