ജോര്‍ജ് ഫ്‌ളോയിഡ് കോവിഡ് ബാധിതനായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്


JUNE 4, 2020, 3:57 PM IST

മിനസോട്ട: യുഎസിലെ മിനസോട്ടയില്‍ പോലീസുകാരന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ജോര്‍ജ് ഫ്‌ളോയിഡ് കോവിഡ് ബാധിതനായിരുന്നുവെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തില്‍ യുഎസില്‍ വലിയ പ്രക്ഷോഭങ്ങള്‍ അരങ്ങേറുന്നതിനിടെയാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. ദി ന്യൂയോര്‍ക്ക് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.  സംഭവം നടക്കുമ്പോള്‍ ഫ്‌ളോയിഡിന് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നതായും  മയക്ക്    മരുന്നുകള്‍  ഉപയോഗിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

ഏപ്രിലില്‍ ഫ്‌ളോയിഡിനെ കോവിഡ്-19 ബാധിച്ചിരുന്നതായാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. ഏപ്രില്‍ മൂന്നിനാണ് 46 വയസ്സുകാരനായ ഫ്‌ളോയിഡ് കോവിഡ് പരിശോധനയ്ക്ക് വിധേയനായത്. ഇത് പ്രകാരം ഫ്‌ളോയിഡ് രോഗ ബാധിതനായിരുന്നു എന്നാണ് ഹെന്നെപിന്‍ കൗണ്ടി മെഡിക്കല്‍ പരിശോധകന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഫ്‌ളോയിഡിന്റെ മരണശേഷം മിന്നെസോട്ട ആരോഗ്യ വിഭാഗം മൂക്കില്‍ നിന്ന് സ്രവം ശേഖരിച്ച് പരിശോധന നടത്തിയതില്‍ രോഗബാധയുണ്ടെന്ന് കണ്ടെത്തിയിരുന്നു.  നേരത്തെ പോസിറ്റീവായിരുന്ന ഫ്‌ളോയിഡിന്റ ശരീരത്തില്‍ വൈറസ് അവശേഷിച്ചിരുന്നതിനാലായിരിക്കാം മരണശേഷവും പോസിറ്റീവായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍, ഫ്‌ളോയിഡിന്റെ മരണത്തില്‍ രോഗബാധ പങ്കുവഹിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. ഫ്‌ളോയിഡിന്റെ ശ്വാസകോശം പൂര്‍ണ ആരോഗ്യത്തിലായിരുന്നെന്നും ഹൃദയധമനികള്‍ ചുരുങ്ങിയിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്.

മെയ് 25-നാണ് ജോര്‍ജ്ജ് ഫ്‌ളോയിഡ് പോലീസുകാരന്റെ ആക്രമണത്തില്‍ മരിക്കുന്നത്. മിനിയാപൊളിസില്‍ വെളുത്ത വര്‍ഗക്കാരനായ പോലീസ് ഓഫീസര്‍ ഡെറിക് ഷൗവിന്‍ ഫ്‌ളോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിയതിനെ തുടര്‍ന്നായിരുന്നു മരണം. പോലീസ് ഓഫീസര്‍ ഒമ്പത് മിനിറ്റോളം ഫ്‌ളോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ യുഎസിലെ വര്‍ണ വിവേചനത്തിന് എതിരെ പ്രതിഷേധം ആളിക്കത്തുകയായിരുന്നു.

Other News