ഗാന്ധിയന്‍ തത്ത്വചിന്തയുടെ വഞ്ചന: രാഹുല്‍ ഗാന്ധി വിവാദത്തില്‍ ഉന്നത യുഎസ് കോണ്‍ഗ്രസ് അംഗം


MARCH 25, 2023, 6:31 AM IST

വാഷിംഗ്ടണ്‍:  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയത് ഗാന്ധിയന്‍ തത്ത്വചിന്തയുടെ ആഴത്തിലുള്ള വഞ്ചനയാണെന്ന്  ഇന്ത്യന്‍ വംശജനായ ഉന്നത യുഎസ് കോണ്‍ഗ്രസ് അംഗം  റോ  ഖന്ന വെള്ളിയാഴ്ച അഭിപ്രായപ്പെട്ടു.

മാനനഷ്ടക്കേസില്‍ സൂറത്തിലെ കോടതി ശിക്ഷിച്ചതിന് ഏകദേശം 24 മണിക്കൂറിന് ശേഷം, മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗാന്ധിയെ വെള്ളിയാഴ്ച ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു റോ  ഖന്ന.

''രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കിയത് ഗാന്ധിയന്‍ തത്വശാസ്ത്രത്തോടും ഇന്ത്യയുടെ ആഴമേറിയ മൂല്യങ്ങളോടും കാണിക്കുന്ന വഞ്ചനയാണ്,'' റോ ഖന്ന ട്വീറ്റില്‍ പറഞ്ഞു.

''ഇതിനുവേണ്ടിയല്ല എന്റെ മുത്തച്ഛന്‍ (അമര്‍നാഥ് വിദ്യാലങ്കാര്‍) വര്‍ഷങ്ങളോളം ജയിലില്‍ കിടന്നത്,''  യുഎസ് ജനപ്രതിനിധി സഭയില്‍ സിലിക്കണ്‍ വാലിയെ പ്രതിനിധീകരിക്കുന്ന അംഗമായ ഖന്ന പറഞ്ഞു.

ഇന്ത്യയെയും ഇന്ത്യന്‍-അമേരിക്കക്കാരെയും കുറിച്ചുള്ള കോണ്‍ഗ്രസ്സ് കോക്കസിന്റെ കോ-ചെയര്‍ ആയ ഖന്ന, ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

'ഇന്ത്യന്‍ ജനാധിപത്യത്തിന് വേണ്ടി ഈ തീരുമാനം മാറ്റാന്‍ നിങ്ങള്‍ക്ക് അധികാരമുണ്ട്,' ഖന്ന മറ്റൊരു ട്വീറ്റില്‍ പ്രധാനമന്ത്രി മോഡിയോട് പറഞ്ഞു.

നാല് തവണ എംപിയായ 52 കാരനായ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി ഒരു ഉന്നത കോടതി സ്റ്റേ ചെയ്തില്ലെങ്കില്‍ എട്ട് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ വിലക്കും.

അതേസമയം, ഗാന്ധിയുടെ അയോഗ്യത ഇന്ത്യയിലെ ജനാധിപത്യത്തിന്റെ ദുഃഖകരമായ ദിവസമാണെന്ന് യു.എസ്.എയിലെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോര്‍ജ് എബ്രഹാം വിശേഷിപ്പിച്ചു.

'ഇന്ത്യയിലെ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഇത് ദുഃഖകരമായ ദിവസമാണ്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിലൂടെ, എല്ലായിടത്തും ഇന്ത്യക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി മോഡി സര്‍ക്കാര്‍ മരണമണി മുഴക്കിയിരിക്കുകയാണെന്ന് എബ്രഹാം പറഞ്ഞു.ഒരു രാഷ്ട്രീയ പ്രചാരണത്തിന്റെ ചൂടില്‍ നടത്തിയ നിസ്സാരമായ ഒരു പരാമര്‍ശത്തിനെതിരെ കോടതി കേസ് കൊണ്ടുവരുന്നത് ലജ്ജാകരമാണ്, അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഭരണഘടനയുടെ ആത്മാവിന് ഇത് നിരക്കുന്നതെല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Other News