ബൈഡന്‍ സ്‌റ്റേജില്‍ കാലിടറി വീണു; പരിക്കില്ലെങ്കിലും നാണക്കേടായി


JUNE 2, 2023, 10:37 AM IST

വാഷിംഗ്ടണ്‍: 2024 ലെ തരെഞ്ഞെടുപ്പ് ചര്‍ച്ചകളും സ്ഥാനാര്‍ത്ഥിത്വങ്ങളും ചര്‍ച്ചയായിരിക്കെ പ്രസിഡന്റ് ജോ ബൈഡന്റെ തുടര്‍ച്ചയായ വീഴ്ചകള്‍ ലോകമാധ്യമങ്ങള്‍ ആഘോഷിക്കുന്നു. കഴിഞ്ഞ ദിവസം കൊളറാഡോ സ്പ്രിങ്‌സിലെ എയര്‍ഫോഴ്‌സ് അക്കാഡമിയില്‍ നടന്ന ഡിപ്ലോമ വിതരണ ചടങ്ങില്‍ പങ്കെടുക്കവേയാണ് ബൈഡന് കാലിടറിയത്. ഉദ്ഘാടന പ്രസംഗം കഴിഞ്ഞതിനു ശേഷം അവസാന ഡിപ്ലൊമയും വിതരണം ചെയ്ത് തിരിഞ്ഞപ്പോളാണ് ബൈഡന്‍ അടിതെറ്റി വീണത്. ഒരു തെരഞ്ഞെടുപ്പു കൂടി നേരിടാന്‍ പ്രായവും ആരോഗ്യവും ബൈഡനെ അനുവദിക്കുമോ എന്ന ചര്‍ച്ചകള്‍ എതിരാളികള്‍ സജീവമാക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ തുടര്‍ച്ചയായ വീഴ്ചകള്‍ മാധ്യമങ്ങള്‍ ആഗോഷിക്കുന്നത്. വ്യാഴാഴ്ചയിലെ വീഴ്ചയില്‍ അദ്ദേഹത്തിന് കാര്യമായ പരിക്കുകള്‍ ഒന്നും പറ്റിയില്ല. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും സീക്രറ്റ് സര്‍വീസ് ഉദ്യോഗസ്ഥരും പിന്നീട് അദ്ദേഹത്തെ താങ്ങി എഴുന്നേല്‍പ്പിക്കുകയായിരുന്നു.

അമേരിക്കന്‍ സമീപകാല ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ പ്രസിഡണ്ടായ ജോ ബൈഡന്‍ പിന്നീട് പരിപാടി തീരുന്നത് വരെ ഏതാനും നിമിഷങ്ങള്‍ കൂടി, സ്റ്റേജില്‍ തുടര്‍ന്നു. അദ്ദേഹം പരിപൂര്‍ണ്ണ ആരോഗ്യവാനാണെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. പൊതുവേദികളില്‍ ഇത് ബൈഡന്റെ ആദ്യ വീഴ്ച്ചയല്ല എന്നതാണ് ഇതിന് കൂടുതല്‍ വാര്‍ത്താമൂല്യം നല്‍കുന്നത്. വീഴ്ച്ച പതിവാക്കിയ പ്രസിഡണ്ട് എന്നും ചിലര്‍ അദ്ദേഹത്തെ പരാമര്‍ശിക്കുന്നുണ്ട്.

കഴിഞ്ഞ വേനല്‍ക്കാലത്ത് തന്റെ ഡെലാവെയറില്‍ ഉള്ള, തന്റെ കടല്‍ത്തീര വസതിക്ക് സമീപത്തെ കെയ്പ് ഹെന്‍ലോപെന്‍ സ്റ്റേറ്റ് പാര്‍ക്കില്‍ സൈക്കിള്‍ സവാരി നടത്തുന്നതിനിടെ ബൈഡന്‍ വീണത് വാര്‍ത്ത ആയിരുന്നു. അതുപോലെ 2020 ല്‍ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം, എന്നാല്‍, പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുന്‍പായി അദ്ദേഹം വീണ് കാലുകളിലെ നേരിയ പരിക്ക് സംഭവിച്ചിരുന്നു. ആഴ്ച്ചകളോളം വാക്കിങ് ബൂട്ടിന്റെ സഹായത്തോടെയായിരുന്നു അദ്ദേഹം നടന്നിരുന്നത്.

വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ബൈഡന് അതിനുള്ള ആരോഗ്യമില്ല എന്ന് എക്കാലവും ആരോപിച്ചുകൊണ്ടിരിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഈ വീഴ്ച പുതിയ ആയുധമാക്കിയിരിക്കുകയാണ്.''അദ്ദേഹം വീണോ? പരിക്കൊന്നും പറ്റിയില്ലല്ലോ?'' എന്നായിരുന്നു ഈ വാര്‍ത്ത അറിഞ്ഞ മുന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ പ്രതികരണം. ഐയവയില്‍ ഒരു പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ഡൊണാള്‍ഡ് ട്രംപ്.

2020-ല്‍ വെസ്റ്റ് പോയിന്റിലെ യു എസ് മിലിറ്ററി അക്കാദമിയില്‍ ഡിപ്ലൊമവിതരണത്തിനു പോയ താന്‍ അന്ന്, ചരിഞ്ഞ പ്രതലത്തിലൂടെ കൂടുതല്‍ ശ്രദ്ധിച്ചു നടന്നതിന് ഏറ്റുവാങ്ങേണ്ടി വന്ന വിമര്‍ശനങ്ങളെയും ട്രംപ് പരാമര്‍ശിച്ചു. ആരോഗ്യ പ്രശ്‌നമായിട്ടായിരുന്നു അന്ന് വിമര്‍ശകര്‍ അതിനെ വിശേഷിപ്പിച്ചത്.

ഏതായാലും 76 കാരനായ ട്രംപും ആരോഗ്യപരമായി അത്ര നല്ല നിലയിലല്ല എന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐയവയിലെ പൊതുപരിപാടിക്കിടെ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കാന്‍ അദ്ദേഹം പാടുപെട്ടെന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ച്ചയായ വീഴ്ചകള്‍ ബൈഡനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്ന് ഉറപ്പാണ്.

Other News