ടെക്‌സസ് വെടിവെപ്പിലെ ഇരകളുടെ കുടുംബം സന്ദര്‍ശിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍


MAY 26, 2022, 1:02 PM IST

വാഷിംഗ്ടണ്‍: ടെക്സാസില്‍ ഉവാള്‍ഡിലെ റോബ് എലിമെന്ററി സ്‌കൂളില്‍ കഴിഞ്ഞദിവസമുണ്ടായ വെടിവെയ്പില്‍ കൊല്ലപ്പെട്ട 19 കുട്ടികളുടെയും രണ്ട് അധ്യാപകരുടെയും കുടുംബങ്ങള്‍ സന്ദര്‍ശിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. ഭാര്യ ജില്‍ ബൈഡനും ഒപ്പം ഉണ്ടാകും. സന്ദര്‍ശന തീയതി നിശ്ചയിച്ചിട്ടില്ല. അധികം വൈകാതെ സന്ദര്‍ശനം നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുകയാണെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി.

''ജില്ലും ഞാനും വരും ദിവസങ്ങളില്‍ ടെക്‌സാസിലേക്ക് പോകും, മരണപ്പെട്ട കുട്ടികളുടെ കുടുംബങ്ങളെ നേരില്‍ കണ്ട് അവരുടെ ദുഖത്തില്‍ പങ്കുചേരും.'' ബൈഡന്‍ പറഞ്ഞു. സംഭവിക്കുന്ന കാര്യങ്ങള്‍ തന്നെ അസ്വസ്ഥതപ്പെടുത്തുന്നു. സാമാന്യബുദ്ധിയില്‍ ചിന്തിച്ചാല്‍ 'തോക്ക് പരിഷ്‌കരണം' എല്ലാ ദുരന്തങ്ങള്‍ക്കും ഒരു പരിഹാരമാര്‍ഗമല്ല. എങ്കിലും ഇത്തരം അക്രമങ്ങളില്‍ നിയന്ത്രണം വരും. തോക്ക് പരിഷ്‌കരണ രണ്ടാം ഭേദഗതി വരുന്നതോടെ തോക്ക് ഉപയോഗത്തില്‍ നിയന്ത്രണവും വരുമെന്നും അദ്ദേഹം പറഞ്ഞു.

21 പേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഉവാള്‍ഡിലെ റോബ് എലിമെന്ററി സ്‌കൂളില്‍ നടന്ന ആക്രമണം ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മാരകമായ സ്‌കൂള്‍ വെടിവയ്പ്പാണ്. 2012 ല്‍ കണക്റ്റിക്കട്ടിലെ സാന്‍ഡി ഹുക്ക് എലിമെന്ററി സ്‌കൂളില്‍ നടന്ന വെടിവയ്പ്പില്‍ 26 കുട്ടികളും മുതിര്‍ന്നവരും കൊല്ലപ്പെട്ടിരുന്നു. ന്യൂയോര്‍ക്കിലെ ബഫല്ലോയില്‍ കഴിഞ്ഞ മാസം നടന്ന വെടിവയ്പ്പില്‍ 10 പേരിച്ചതാണ് സമീപകാലത്ത് ഇതിന് മുന്‍പ് നടന്ന വലിയ കുട്ടക്കുരുതി. ഇത്തരം സംഭവങ്ങള്‍ തടയാന്‍ നട്ടെല്ലുള്ള സര്‍ക്കാര്‍ ഇവിടുണ്ട്. രാജ്യത്തെ സായുധ ആക്രമണങ്ങളും മയക്കുമരുന്ന് വ്യാപനവും അവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

ഫെഡറല്‍ പോലീസിംഗ് പരിഷ്‌കാരങ്ങള്‍ ലക്ഷ്യമിട്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പിടുന്നതിനുള്ള ചടങ്ങിനിടെയാണ് വിഷയത്തില്‍ ബൈഡന്റ് ദീര്‍ഘമായ പ്രതികരണം നടത്തിയത്. 2012 ല്‍ കണക്റ്റിക്കട്ടിലെ സാന്‍ഡി ഹുക്ക് എലിമെന്ററി സ്‌കൂളില്‍ വെടിവയ്പ്പ് ഉണ്ടാകുമ്പോള്‍ അന്ന് വൈസ് പ്രസിഡന്റായിരുന്നു ബൈഡന്‍. ഇന്ന് പ്രസിഡന്റും.

ടെക്‌സാസ് എലിമെന്ററി സ്‌കൂളില്‍ വെടിവയ്പ്പ് നടത്തിയ 18 കാരന്‍ സാല്‍വഡോര്‍ റാമോസിന് ക്രിമിനല്‍ ചരിത്രമോ മാനസികാരോഗ്യ ചരിത്രമോ ഇല്ലാത്ത ഒരു പ്രാദേശിക ഹൈസ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിച്ചയാളാണെന്ന് പൊലീസ് പറഞ്ഞു. 18 വയസ് തികഞ്ഞ ജന്മദിനത്തില്‍ രണ്ട് തോക്കുകള്‍ നിയമപരമായി വാങ്ങി. മുത്തശ്ശിയെ വെടിവച്ച ശേഷമാണ് റാമോസ് സ്‌കൂളില്‍ എത്തിയത്. റാമോസിന്റെ പക്കല്‍ തോക്കുകള്‍ ഉണ്ടെന്ന് അറിയില്ലെന്നാണ് മുത്തച്ഛന്‍ പൊലീസിനോട് പറഞ്ഞത്.

കൊലപാതകത്തിന് മുന്‍പായി പ്രതി തന്റെ പെണ്‍ സുഹൃത്തുമായി ചാറ്റ് ചെയ്തതിന്റെ വിവരങ്ങളും പൊലീസ് കണ്ടെടുത്തു. കൃത്യം നടത്തുന്നതിന് മുന്‍പായി മുത്തശിയുമായി വഴക്കിട്ടതിന്റെയും ആറു മിനിറ്റിന് ശേഷം മുത്തശിയെ വെടിവച്ചതായുമുള്ള സന്ദേശങ്ങള്‍ പ്രതി പെണ്‍സുഹൃത്തിന്റെ മൊബൈലിലേക്ക് നല്‍കി. രാവിലെ 11.30നാണ് അവസാന മെസേജ് അയച്ചത്. പിന്നീടാണ് സ്‌കൂളിലേക്ക് എത്തി ഇയാള്‍ വെളിയുതിര്‍ത്തത്.

Other News