വാഷിംഗ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനം ജൂണില്‍. വാഷിംഗ്ടണിലെത്തുന്ന മോഡിക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അത്താഴ വിരുന്നൊരുക്കുമെന്ന് വൈറ്റ് ഹൗസുമായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. മോഡിയുടെ സന്ദര്‍ശന സമയത്തില്‍ കൃത്യതയില്ലെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യത്തെക്കുറിച്ച് സ്ഥിരീകരികരണം തേടിയെങ്കിലും സുരക്ഷാ കൗണ്‍സിലിന്റെ വക്താവ് പ്രതികരിക്കാന്‍ തയ്യാറായില്ല.
പ്രതിരോധം, സാങ്കേതികവിദ്യ, ബഹിരാകാശ പര്യവേക്ഷണം, വ്യാപാരം, നിക്ഷേപം തുടങ്ങി വിവിധ മേഖലകളില്‍ യു.എസ്.-ഇന്ത്യ ബന്ധം കൂടുതല്‍ ആഴത്തിലാണെന്നതിന്റെ സൂചനയാണ് മോഡിയുടെ ഔദ്യോഗിക സന്ദര്‍ശനം.
മാത്രമല്ല, സാമ്പത്തിക വ്യാപാര സൈനിക മേഖലകളില്‍ ഇരു രാജ്യങ്ങള്‍ക്കുമെതിരെ വര്‍ധിച്ചുവരുന്ന ചൈനീസ് ഭീഷണി ചെറുക്കുന്നതിനും, ബൈഡന്‍ ഭരണം മുന്നോട്ടുകൊണ്ടുപോകുന്ന സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക്കിനായുള്ള നയങ്ങളും സംരംഭങ്ങളും സംബന്ധിച്ച ചര്‍ച്ചകള്‍ക്കും കൂട്ടായ്മയ്ക്കും ഇന്ത്യയും ഒരു പ്രധാന പങ്ക് വഹിക്കുന്നു.
സെപ്തംബറില്‍ ന്യൂ ഡല്‍ഹിയില്‍ ഇന്ത്യയുടെ ആതിഥേയത്വത്തില്‍ നടക്കുന്ന ഗ്രൂപ്പ് ഓഫ് 20 (ജി 20) നേതാക്കളുടെ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയങ്ങളിലൊന്ന് റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം സംബന്ധിച്ചുള്ളതായിരിക്കും.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍ സമ്മേളനത്തില്‍ പങ്കെടുക്കുമോ എന്ന് വ്യക്തമല്ലെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
കൂടാതെ മെയ് മാസത്തില്‍ ഓസ്‌ട്രേലിയയില്‍ ചേരാനിരിക്കുന്ന ക്വാഡ് ഉച്ചകോടിക്കിടെ ഓസ്‌ട്രേലിയയുടെയും ജപ്പാന്റെയും നേതാക്കള്‍ക്കൊപ്പം ബൈഡനും മോഡിയും ഓസ്ട്രേലിയയില്‍ കണ്ടുമുട്ടുമെന്നും പ്രതീക്ഷിക്കുന്നു.
ഡിസംബറില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് ബൈഡന്‍ അത്താഴ വിരുന്ന് ഒരുക്കിയിരുന്നു. ഏപ്രില്‍ 26 ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോളിനായും അത്താഴവിരുന്ന് നടത്തും. ജൂണില്‍ മോഡിയുമായുള്ള അത്താഴ വിരുന്ന് ഇത്തരത്തില്‍ ആഗോള നേതാക്കള്‍ക്കായി ബൈഡന്‍ ഒരുക്കുന്ന മൂന്നാമത്തെ അത്താഴ വിരുന്ന് ആയിരിക്കും.