സാമ്പത്തിക തട്ടിപ്പ്; വജ്രവ്യാപാരി നീരവ് മോഡി വിചാരണ നേരിടണമെന്ന് യുഎസ് കോടതി


OCTOBER 20, 2021, 7:57 AM IST

ന്യൂയോര്‍ക്ക് : ഇന്ത്യന്‍ ബാങ്കുകളെ കബളിപ്പിച്ച് വിദേശത്തേക്കു കടന്നതിനെ തുടര്‍ന്ന് നിയമ നടപടികള്‍ നേരിടുന്ന വജ്രവ്യാപാരി നീരവ് മോഡിക്കെതിരെ അമേരിക്കന്‍ കോടതിയും കര്‍ശന നടപടി കൈക്കൊള്ളുന്നു.

 ബിനാമി ഇടപാടിലൂടെ നീരവും കൂട്ടാളികളും സ്വന്തമാക്കിയ കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ തുടര്‍ നടപടികള്‍ ഒഴിവാക്കണമെന്ന ഹര്‍ജി കോടതി തള്ളിക്കൊണ്ടാണ് യുഎസ് കോടതി നീരവ് മോഡിക്ക് തിരിച്ചടി നല്‍കിയത്. ഫയര്‍സ്റ്റാര്‍ ഡയമണ്ട്, ഫാന്റസി ഇന്‍ക്, എ ജഫെ എന്നീ കമ്പനികളുമായി ബന്ധപ്പെട്ട കേസിലാണ് വിധി.

ന്യൂയോര്‍ക്കിലെ പാപ്പര്‍ കോടതിയാണ് നീരവിന്റെ ഹര്‍ജി തള്ളിക്കൊണ്ട് ഉത്തരവിട്ടത്. നീരവിനൊപ്പം മിഹിര്‍ ഭന്‍സാലി, അജയ് ഗാന്ധി എന്നിവരുടെ നിയന്ത്രണത്തിലുണ്ടായ കമ്പനികളില്‍ നടത്തിയ സാമ്പത്തിക തട്ടിപ്പ് മൂലം നഷ്ടം നേരിട്ടവര്‍ക്ക് ഏകദേശം 15 മില്യന്‍ യു.എസ് ഡോളറെങ്കിലും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി നിയോഗിച്ച ട്രസ്റ്റി റിച്ചാര്‍ഡ് ലെവിന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഈ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും ആരോപണങ്ങളും തളളണമെന്ന നീരവിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. കമ്പനികളില്‍ നിന്നുള്ള ലാഭം അതേ കമ്പനികളിലേക്ക് തിരികെ നിക്ഷേപിച്ച് അധികവില്‍പനയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് നീരവും കൂട്ടാളികളും തട്ടിപ്പ് നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു.

വഞ്ചന, നിയമ ലംഘനം ഉള്‍പ്പെടെയുളള കുറ്റങ്ങളാണ് നീരവ് മോഡിക്കും കൂട്ടാളികള്‍ക്കുമെതിരെ യു.എസില്‍ നിലവിലുള്ള കേസില്‍ ചുമത്തിയിരിക്കുന്നത്. ഇവര്‍ നടത്തിയ തട്ടിപ്പുകളിലൂടെ പഞ്ചാബ് നാഷണല്‍ ബാങ്ക് ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ക്ക് ഒരു ബില്യന്‍ യു.എസ് ഡോളറിലധികം നഷ്ടം നേരിട്ടതായും കോടതി നിരീക്ഷിച്ചു. നിലവില്‍ യു.കെയിലെ ജയിലില്‍ കഴിയുന്ന നീരവ് മോഡിയെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തുടരുകയാണ്.

Other News