ജോർജിയയിൽ ട്രംപിന് വൻ തിരിച്ചടി


MAY 26, 2022, 8:04 PM IST

വാഷിംഗ്‌ടൺ: 

മുൻ പ്രസിഡണ്ട് ഡോണൾഡ്‌ ട്രംപിന് റിപ്പബ്ലിക്കൻ പാർട്ടിക്ക് മേൽ ഉണ്ടെന്ന് പറയപ്പെടുന്ന സ്വാധീനം തീർത്തും ദുർബലമാണെന്ന സൂചന നൽകി ജോർജിയയിലെ റിപ്പബ്ലിക്കൻ പ്രൈമറി തെരഞ്ഞെടുപ്പ് ഫലങ്ങൾ. സംസ്ഥാനത്ത് നടന്ന ഏതാണ്ട് എല്ലാ പ്രൈമറി തെരഞ്ഞെടുപ്പുകളിലും ട്രംപ് പകരം വീട്ടാൻ ചാപ്പ കുത്തിയിരുന്ന സ്ഥാനാർത്ഥികളെല്ലാം അവരുടെ മുഖ്യ എതിരാളികളെ തറപറ്റിച്ചു. ഗവർണർ ബ്രയാൻ കെംപ്, സെക്രട്ടറി ഓഫ് സ്റ്റേറ്റ് സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെടാൻ രംഗത്തുള്ള ബ്രാഡ് റാഫൻസ്‌പെർജർ, അറ്റോണി ജനറൽ സ്ഥാനത്തേക്ക് പാർട്ടി സ്ഥാനാർത്ഥിത്വത്തിനായി രംഗത്തെത്തിയ ക്രിസ് കാർ എന്നിവരാണ് അവരിൽ പ്രമുഖർ.

2020ലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഫലങ്ങൾ അട്ടിമറിക്കാനുള്ള ട്രംപിന്റെ ശ്രമത്തെ ശക്തമായി എതിർത്തവരാണ് ഇവരെല്ലാം. കഴിഞ്ഞ ഒരു വർഷക്കാലമായി ഈ മൂന്ന് പേരെയും മത്സരരംഗത്ത് നിന്ന് തുരത്താനുള്ള പരിശ്രമത്തിലായിരുന്നു ട്രംപ്.

പക്ഷേ, മുൻ പ്രസിഡണ്ട് പിന്തുണച്ച അവരുടെ ഓരോരുത്തരുടെയും എതിരാളികൾക്ക് ലഭിച്ച വോട്ടുകൾ ഏറെ ദയനീയമായിരുന്നു. കെംപിനെതിരെ മത്സരിച്ച മുൻ സെനറ്റർ ഡേവിഡ് പെർഡ്യുവിന് കെംപിനേക്കാൾ 50% വോട്ടുകൾ കുറവാണ് ലഭിച്ചത്.

കാറിനെതിരെ മത്സരിച്ച ജോൺ ഗോർഡൺ നേടിയത് 47% കുറവ് വോട്ടും. റാഫെൻസ്‌പെർജർ ട്രംപ് പിന്തുണച്ച തൻറെ എതിരാളിയെ തറപറ്റിച്ചത് 20% അധിക വോട്ടുകൾ നേടിയാണ്.

Other News