ടെക്‌സസ് സ്‌കൂളുകളില്‍ പത്ത് കല്‍പ്പനകള്‍ പ്രദര്‍ശിപ്പിക്കണമെന്ന റിപ്പബ്ലിക്കന്‍ ബില്‍ അപ്രസക്തമായി


MAY 25, 2023, 2:59 PM IST

ഓസ്റ്റിന്‍ : ടെക്സാസിലെ എല്ലാ പൊതു വിദ്യാലയങ്ങളിലെ  ഓരോ ക്ലാസ് മുറിയിലും പത്ത് കല്‍പ്പനകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന നിയമനിര്‍മ്മാണം പാസാക്കുന്നതില്‍ ടെക്‌സാസ് നിയമസഭ  പരാജയപ്പെട്ടു. ചൊവ്വാഴ്ച രാത്രി നിര്‍ണായകമായ സമയപരിധിക്ക് മുമ്പ് സഭയില്‍ നിന്ന് വോട്ട് നേടുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ബില്‍  അപ്രസക്തമായത് .

റിപ്പബ്ലിക്കന്‍ സ്റ്റേറ്റ് സെനറ്റര്‍ ഫില്‍ കിംഗ് അവതരിപ്പിച്ച  വിവാദ ബില്ലില്‍, 'ഓരോ ക്ലാസ് റൂമിലെയും വ്യക്തമായ സ്ഥലത്ത്' പഴയനിയമ പാഠം ഒരു ഭംഗിയുള്ള പോസ്റ്ററിലോ ഫ്രെയിമിലോ പ്രദര്‍ശിപ്പിക്കാന്‍ സ്‌കൂളുകള്‍ ആവശ്യപ്പെടുന്നതായിരുന്നു.  ടെക്‌സസ് സെനറ്റ് ബില്‍ കഴിഞ്ഞയാഴ്ച പാസാക്കിയിരുന്നു.

 പത്ത് കല്‍പ്പനകള്‍  പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ബില്ലിനെ പൗരാവകാശ സംഘടനകള്‍ അപലപിച്ചിരുന്നു. അമേരിക്കന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനും പള്ളിയെയും സംസ്ഥാനത്തെയും വേര്‍തിരിച്ചുകാണുന്നതിനും എതിരെയുള്ള കടന്നാക്രമണമാണെന്നും ബില്ലിനെ അപലപിച്ചുകൊണ്ട് പൗരാവകാശ സംഘടനകള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു .''തങ്ങളുടെ കുട്ടി പഠിക്കേണ്ട മതപരമായ കാര്യങ്ങള്‍ എന്താണെന്ന് തീരുമാനിക്കേണ്ടത് മാതാപിതാക്കളാണ് (സംസ്ഥാനം അല്ല)''അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് ഓഫ് യൂണിയന്റെ ടെക്‌സാസ് ചാപ്റ്റര്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

പബ്ലിക് സ്‌കൂളുകളെ പത്ത് കല്‍പ്പനകള്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നത് ക്രിസ്ത്യന്‍ ദേശീയതയുടെ കുരിശുയുദ്ധത്തിന്റെ ഭാഗമാണ്, അവരുടെ വിശ്വാസങ്ങള്‍ക്കനുസൃതമായി ജീവിക്കാന്‍ മറ്റുള്ളവരെ നിര്‍ബന്ധിക്കുകയാണെന്ന് അമേരിക്കന്‍സ് യുണൈറ്റഡ്ഫോര്‍ സെപ്പറേഷന്‍ ഓഫ് ചര്‍ച്ച് ആന്‍ഡ് സ്റ്റേറ്റ് പറഞ്ഞു.

 സ്‌കൂളുകള്‍  ഉള്ളിടത്തോളം കാലം, 'ഇന്‍ ഗോഡ് വി ട്രസ്റ്റ്' അടയാളങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്ന നിയമം 2021-ല്‍ ടെക്സാസില്‍ പ്രാബല്യത്തില്‍ വന്നിരുന്നു. അടുത്ത അധ്യയന വര്‍ഷത്തില്‍ തന്നെ സ്‌കൂള്‍ കൗണ്‍സിലര്‍മാരായി പ്രവര്‍ത്തിക്കാന്‍ മതാചാര്യന്മാരെ അനുവദിക്കുന്ന ഒരു ബില്‍ ടെക്സാസ് നിയമസഭയില്‍ അടുത്തിടെ പാസാക്കി. പൊതുവിദ്യാലയങ്ങളില്‍ പ്രാര്‍ത്ഥനയ്ക്കായി ഒരുനിമിഷം നീക്കിവെക്കാനും ബൈബിള്‍ പോലുള്ള ഒരു മതഗ്രന്ഥത്തില്‍ നിന്ന് വചനം വായിക്കാനും അനുവദിക്കുന്ന ഒരു ബില്ലും ടെക്‌സസ്സില്‍ നിലവിലുണ്ട്.

 -പി പി ചെറിയാന്‍

Other News