ലൈംഗിക പീഡന പരാതി; സുപ്രീംകോടതി ജഡ്ജി കവനൗഗിനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍


SEPTEMBER 16, 2019, 5:19 PM IST

വാഷിങ്ടണ്‍: ലൈംഗികാതിക്രമണ ആരോപണം നേരിടുന്ന സുപ്രീം കോടതി ജഡ്ജി ബ്രെറ്റ് കവനൗഗിനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ രംഗത്ത്. അതേസമയം അദ്ദേഹത്തിന്റെ രക്ഷയ്ക്ക് പ്രസിഡന്റ് ട്രമ്പ് തന്നെ നേരിട്ട് രംഗത്തെത്തിയതും വാര്‍ത്തയായി.കോളജ് വിദ്യാഭ്യാസകാലത്ത് ബ്രെറ്റ് കവനൗഗ് ലൈംഗികാതിക്രമണം നടത്തിയെന്നാണ് ഇപ്പോള്‍ ആരോപണമുയര്‍ന്നിട്ടുള്ളത്. നേരത്തെ ഹൈസ്‌ക്കൂള്‍ കാലഘട്ടത്തില്‍ താന്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് കവനൗഗ് സെനറ്റിന് മുന്‍പാകെ കുറ്റസമ്മതം നടത്തിയിരുന്നു. എന്നാല്‍ പിന്നീട് കോളേജ് കാലഘട്ടത്തിലും അദ്ദേഹം ഈ പ്രവൃത്തി തുടര്‍ന്നുവെന്നാണ് പുതിയ പരാതി തെളിയിക്കുന്നത്. അതേസമയം കോളേജ് കാലഘട്ടത്തില്‍ അങ്ങിനെയൊരു സംഭവമുണ്ടായിട്ടില്ലെന്നാണ് കവനൗഗ് സെനറ്റില്‍ മൊഴിനല്‍കിയത്.യെയില്‍ സര്‍വകലാശാല പഠന കാലത്ത് ഒരു മദ്യപാന പാര്‍ട്ടിയ്ക്കിടെ ബ്രെറ്റ് കവനൗഗ് നഗ്നത പ്രദര്‍ശിപ്പിച്ചുവെന്ന മുന്‍ ക്ലാസ്‌മേറ്റ് ഡെമറാ റമിറസിന്റെ ആരോപണമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പരാതിയിന്മേല്‍ നടപടിയെടുക്കാന്‍ എഫ്ബിഐ തയ്യാറായില്ല. ഇതാണ് ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളെ പ്രകോപിപ്പിച്ചത്.

കവനൗഗിന്റെ പേരില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട സെനറ്ററും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ കമല ഹാരിസ് കവനൗഗ് സെനറ്റിനെ മാത്രമല്ല അമേരിക്കയിലെ മുഴുവന്‍ ജനങ്ങളേയും തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ചു. അതേസമയം കമലയുടെ 2020 ലെ എതിര്‍സ്ഥാനാര്‍ത്ഥിയായ സെനറ്റര്‍ എലിസബത്ത് വാറന്‍ ഒരു പടികൂടി കടന്ന് ട്രമ്പിനെയും കടന്നാക്രമിച്ചു.കവനൗഗ് അയാളെ നിയമിച്ച വ്യക്തിയെപ്പോലെ തന്നെ സ്വഭാവ ദൂഷ്യമുള്ളയാളാണെന്നായിരുന്നു എലിസബത്ത് വാറന്റെ ട്വീറ്റ്. കവനൗഗിനെതിരായ ആരോപണം ഗുരുതരവും ആശങ്കപ്പെടുത്തുന്നതുമാണെന്ന് അവര്‍ വ്യക്തമാക്കി.

സത്യപ്രതിജഞാലംഘനം നടത്തിയ കവനൗഗിനെ ഇംപീച്ച് ചെയ്യണമെന്നായിരുന്നു മുന്‍ ടെക്‌സാസ് പ്രതിനിധിയായ ബെറ്റോ ഒ റൗര്‍ക്ക നിര്‍ദ്ദേശിച്ചത്. കവനൗഗിനെ രക്ഷിക്കാന്‍ റിപ്പബ്ലിക്കന്‍മാര്‍ എഫ്ബിഐയുമായി ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. മുന്‍ യു.എസ് ഹൗസിംഗ് സെക്രട്ടറിയായ ജൂലിയന്‍ കാസ്‌ട്രോ,ബെര്‍നി സാന്‍ഡേഴ്‌സ്, കോറി ബൂക്കര്‍  എന്നിവരും കവനൗഗിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ കവനൗഗിനെ ന്യായീകരിച്ചും അദ്ദേഹത്തെ സംരക്ഷിക്കാന്‍ നീതിന്യായ വകുപ്പ് രംഗത്തുവരണമെന്ന് ആഹ്വാനം ചെയ്തും പ്രസിഡന്റ് ട്രമ്പ് രംഗത്തെത്തി. യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യാജആരോപണങ്ങള്‍ കവനൗഗിനുമേല്‍ അഴിച്ചുവിടുകയാണെന്നും ഇതിനെതിരെ കവനൗഗ് നിയമനടപടികള്‍ സ്വീകരിക്കണമെന്നും ട്രമ്പ് നിര്‍ദ്ദേശിച്ചു.

Other News