കാലിഫോര്‍ണിയ ബോട്ടപകടത്തില്‍ മരിച്ചവരില്‍ ഇന്ത്യന്‍-അമേരിക്കന്‍ ദമ്പതികളും


SEPTEMBER 6, 2019, 12:39 PM IST

സാന്‍ ഫ്രാന്‍സിസ്‌കോ: കാലിഫോര്‍ണിയയിലെ സാന്താക്രൂസ് ദ്വീപില്‍ വാരാന്ത്യ ഡൈവിനിടെ ബോട്ടില്‍ തീപിടിച്ചുണ്ടായ ദുരന്തത്തില്‍ മരിച്ചവരില്‍ ഇന്ത്യന്‍ അമേരിക്കന്‍ ദമ്പതികളും ഉള്‍പ്പെട്ടതായി സൂചന. ബോട്ടിലുണ്ടായിരുന്ന ഫിനാന്‍സ് കമ്പനി ഉദ്യോഗസ്ഥനായ കൗസ്തുഭ് നിര്‍മ്മലും ഭാര്യയും ദന്ത ഡോക്ടറുമായ സഞ്ജീരി ദേവ്പുജാരി എന്നിവര്‍ ദുരന്തത്തിനിരയായതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബര്‍ 2 ന് പുലര്‍ച്ചെയുണ്ടായ ബോട്ട് തീപിടുത്തത്തില്‍ സ്‌കൂബാ ഡൈവിംഗിനു പോയ ബോട്ടിന് തീപിടിച്ച് 34 പേരാണു മരിച്ചത്. 33 യാത്രക്കാരും 6 ജീവനക്കാരും ഉണ്ടായിരുന്നു. അഞ്ചുപേര്‍ മാത്രമാണ് വെള്ളത്തില്‍ ചാടി രക്ഷപ്പെട്ടത്. ഇവര്‍ മുകളിലത്തെ ഡെക്കില്‍ ആയതിനാലാണ് രക്ഷപ്പെടാന്‍ കഴിഞ്ഞത്. സാന്റ ബാര്‍ബറാ തുറമുഖം കേന്ദ്രീകരിച്ചു സര്‍വീസ് നടത്തുന്ന ദ കണ്‍സംപ്ഷന്‍ എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്.ചാനല്‍ ഐലന്റിലേക്കുള്ള മൂന്നു ദിന അവധിക്കാല ട്രിപ്പിനിടയിലായിരുന്നു ദുരന്തം. 

Other News