വളർത്തു നായ അമേരിക്കൻ തിരഞ്ഞെടുപ്പിൽ വോട്ട്  ചെയ്‌തെന്ന കാലിഫോണിയൻ വനിതയുടെ വാദം അധികൃതർ തള്ളി


NOVEMBER 21, 2020, 11:37 PM IST

കാലിഫോണിയ: ഒരു കാലിഫോണിയൻ വനിത നവംബറിൽ നടത്തിയ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്റെ വളർത്തു നായയുടെ (സർവീസ് ഡോഗ്) പേരിൽ ആരോ വോട്ട് ചെയ്തുവെന്ന് അവകാശപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച അവരുടെ വാദം സാമൂഹിക മാധ്യമങ്ങളിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. പക്ഷേ കാലിഫോണിയ കൗണ്ടി ഉദ്യോഗസ്ഥർ ഈ വാദം തള്ളി. അന്വേഷണത്തിന് ശേഷമാണ് അധികൃതർ ഇക്കാര്യം നിക്ഷേധിച്ച് രംഗത്ത് എത്തിയത്.

ജെമ്മ റെനി ലോക്കറ്റെല്ലിയാണ് ഇത് സംബന്ധിച്ച് ആദ്യമായി സർവീസ് ഡോഗായ മാഗി മാഗു വെലയുടെ ഉടമയുമായി ഒരു അഭിമുഖം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഉടമയായ സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. സാന്താക്രൂസ് കൗണ്ടിയിൽ വോട്ടുചെയ്യാൻ തന്റെ നായയെ ആരോ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും നായക്ക് വേണ്ടി ആരോ ഒരു മെയിൽ ഇൻ ബാലറ്റിൽ വോട്ട് ചെയ്തുവെന്നും യുവതി അവകാശപ്പെട്ടു. ട്രംപ് അടക്കം ഉള്ളവർ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതിനിടയിലാണ് ഇത്തരം ഗൗരവമേറിയ ഒരു ആരോപണം ഉയർന്നത്. തുടർന്നാണ് അധികൃതർ അന്വേഷണം നടത്തി ഇത് തെറ്റാണ് എന്ന് കണ്ടെത്തിയത്.

ആദ്യം സ്ത്രീ തമാശ പറയുകയാണെന്ന് കരുതിയിരുന്നെങ്കിലും ചില ചോദ്യങ്ങൾ ചോദിച്ചതിന് ശേഷം കഥയിൽ കൂടുതൽ എന്തോ ഉണ്ടെന്ന് തോന്നിയത് കൊണ്ടാണ് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചത് എന്നാണ് ലോക്കറ്റെല്ലി പറയുന്നത്.

ഞാനും ഒരു നായ പ്രേമിയാണ്, ആദ്യം അവർ തമാശ പറയുകയാണ് എന്നാണ് കരുതിയത്.എന്നാൽ പേപ്പർ ട്രയൽ എന്നെ കാണിച്ചതോടെയാണ് ഇത് പങ്ക് വെക്കണം എന്ന് തോന്നിയത്. അംഗീകൃതമായ വോട്ടുകൾ മാത്രമാണ് എണ്ണിയത് എന്ന് ഉറപ്പുവരുത്തണം എന്ന ആഗ്രഹം ഉണ്ടെന്നും ലോക്കറ്റെല്ലി പറയുന്നു.

സാന്താക്രൂസ് കൗണ്ടി ക്ലർക്ക് ഗെയിൽ പെല്ലെറിൻ ഇക്കാര്യം പരിശോധിച്ചു. മാഗി മാഗു വെല എന്ന പേരിൽ ആരും വോട്ട് ചെയ്തിട്ടില്ല. ഇത്തരം ആരോപണങ്ങൾ ഗൗരവത്തോടെ തന്നെയാണ് കൈകാര്യം ചെയ്യുന്നത് എന്നും അവർ വിശദീകരിച്ചു. വോട്ടിന് രജിസ്റ്റർ ചെയ്യാൻ പൂർണ്ണ പേര്, വിലാസം, ജനനതിയതി, തിരിച്ചറിയൽ നമ്പർ എന്നിവ ആവശ്യമാണ് എന്നും പെല്ലെറിൻ പറയുന്നു.

Other News