കര വഴിയുള്ള കാനഡ- യു എസ് യാത്ര നവംബറോടെ സുഗമമാകും 


OCTOBER 14, 2021, 8:21 PM IST

വാഷിംഗ്ടണ്‍: നവംബറോടെ കാനഡയിലും മെക്‌സിക്കോയിലും നിന്ന് യുഎസിലേക്ക് കരമാര്‍ഗം യാത്ര ചെയ്യുന്നതിനുള്ള നിലവിലെ കര്‍ശന നിബന്ധനകളില്‍ ഇളവുകള്‍ കൊണ്ടുവരാന്‍ ബൈഡന്‍ അഡ്മിനിസ്‌ട്രേഷന്‍ ആലോചിക്കുന്നു. ഇതോടെ അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ക്ക് യുഎസിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ വാക്‌സിനേഷന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കേറ്റുകള്‍ ഹാജരാക്കിയാല്‍ മതിയാകും. 

ട്രംപ് ഭരണം 2020ല്‍ ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ ഇളവ് ചെയ്യാനാണ് ബൈഡന്‍ ഭരണം ആലോചിക്കുന്നത്. കനേഡിയന്‍മെക്‌സിക്കന്‍ സര്‍ക്കാരുകള്‍ക്കും അതിര്‍ത്തി മേഖലയിലെ യുഎസ് നഗരവാസികള്‍ക്കും ഏറെ ക്ലേശങ്ങള്‍ സൃഷ്ടിച്ച നിബന്ധനകളാണ് ഇതോടെ ഒഴിവാക്കുന്നത്. 

കോവിഡ് വാക്‌സിന്‍ വ്യാപകമായി ലഭ്യമായതോടെ ഇരുരാജ്യങ്ങളിലുള്ളവര്‍ക്കും അതിര്‍ത്തി കടക്കാന്‍ ഇനി ഏറെ ബുദ്ധിമുട്ടേണ്ടി വരില്ല. എന്നാല്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് യുഎസിലേക്ക് പ്രവേശനമുണ്ടാവില്ല.

ഇനി രാജ്യങ്ങളിലുമുള്ളവര്‍ക്ക് അവര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ ഷോപ്പിംഗിനോ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുന്നതിനോ ഇതോടെ തടസമുണ്ടാവില്ല. നേരത്തേയും സ്‌കൂളില്‍ പോകുന്നവര്‍ക്കും ട്രക്കുകള്‍ക്കും അമേരിക്കയിലേക്ക് പ്രവേശനവിലക്ക് ഉണ്ടായിരുന്നില്ല. 

ഈ തീരുമാനത്തോടെ ആകാശമാര്‍ഗവും കരമാര്‍ഗവും അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിനുള്ള വ്യവസ്ഥകള്‍ക്ക് ഏകരൂപം കൈവരും. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കുന്നതിനുള്ള ഇളവ് ചെയ്ത വ്യവസ്ഥകളും നവംബറിലാണ് നിലവില്‍ വരുക. ജനുവരിയോടെ മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും ഇതേ വ്യവസ്ഥകള്‍ തന്നെയാവും ബാധകമാവുക. പുതിയ വ്യവസ്ഥകള്‍ നിലവില്‍ വരുന്ന തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് ഹോം ലാന്‍ഡ് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Other News