ലിസ മോണ്ട്ഗോമറിയുടെ വധശിക്ഷ നടപ്പിലാക്കി


JANUARY 13, 2021, 1:56 PM IST

ന്യൂയോര്‍ക്ക്: മനുഷ്യാവകാശ അഭ്യർത്ഥനകൾ വിഫലമായി. ലിസ മറേ മോണ്ട്ഗോമറിയുടെ വധശിക്ഷ അമേരിക്കയില്‍ നടപ്പിലാക്കി.

ലിസയുടെ വധശിക്ഷ സ്റ്റേ ചെയ്തുകൊണ്ട് യുഎസ് സര്‍ക്യൂട്ട് കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച സ്റ്റേ സുപ്രീം കോടതി ഇന്ന് റദ്ദ് ചെയ്തതിനെ തുടർന്നാണ് വധശിക്ഷ ഇന്ത്യാനയിലെ ടെറെ ഹോടിലുള്ള ഫെഡറൽ കറക്ഷണൻ കോംപ്ലക്സിൽ  നടപ്പാക്കിയത്.

 68 വര്‍ഷങ്ങൾക്ക് ശേഷമാണ് യുഎസില്‍ ഒരു സ്ത്രീ വധശിക്ഷയ്ക്ക് വിധേയയാകുന്നത്. 1953ൽ ബോണി ബ്രൗൺ ഹെയ്‌ഡിയുടെ വധശിക്ഷയാണ് യുഎസിൽ അവസാനമായി നടപ്പാക്കിയത്.

ഓണ്‍ലൈന്‍ ചാറ്റിലൂടെ  പരിചയപ്പെട്ട ഗര്‍ഭിണിയായ ബോബി ജോസ്റ്റിനെന്ന യുവതിയുടെ വീട്ടില്‍ അതിക്രമിച്ച കയറി അവരെ കൊലപ്പെടുത്തി  എന്നതാണ് ലിസക്ക് മേൽ ചുമത്തപ്പെട്ട കുറ്റം. കൊലപ്പെടുത്തിയ ശേഷം എട്ടു മാസം പ്രായമായ ഗർഭസ്ഥശിശുവിനെ പുറത്തെടുത്തുവെന്നും  സംഭവസ്ഥലത്ത് നിന്നും ഗര്‍ഭസ്ഥ ശിശുവുമായി രക്ഷപ്പെട്ട പ്രതിയെ കാന്‍സസിലെ ഫാം ഹൗസില്‍ നിന്നും കണ്ടെത്തുകയായിരുന്നുവെന്നുമാണ് പ്രോസിക്യൂഷൻ വാദം. ലിസയെ അറസ്റ്റ് ചെയ്ത പോലീസ് ഗര്‍ഭസ്ഥ ശിശുവിനെ ആശുപത്രിയിലേക്ക് മാറ്റുകയും സംരക്ഷണം പിതാവിനെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു.

മാനസിക വെല്ലുവിളി നേരിടുന്ന ലിസയ്ക്ക് കോടതി മാപ്പ് നല്‍കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. ലിസയുടെ ശിക്ഷ തടയാൻ ഇന്ത്യാനയിലെ കോടതിയിൽ അവരുടെ അഭിഭാഷകർ 7000 പേജുള്ള ദയാഹർജി നൽകുകയും ചെയ്തിരുന്നു. കുട്ടിക്കാലത്ത് വളര്‍ത്തച്ഛന്‍ ഉള്‍പ്പടെയുള്ളവരില്‍ നിന്നും ക്രൂരമര്‍ദ്ദനത്തിന് ഇരയായ ലിസക്ക് തലക്ക് കാര്യമായ ക്ഷതമേറ്റിരുന്നു. അതിന്‍റെ ഫലമായി ഉണ്ടായ മാനസിക ദൗര്‍ബല്യം ലിസക്ക് ഉണ്ടെന്നായിരുന്നു അവരുടെ അഭിഭാഷകരുടെ വാദം.

Other News