അവള്‍ എന്റെ തരക്കാരിയല്ല; കോളമിസ്റ്റിന്റെ പീഡന ആരോപണം പൂര്‍ണമായും തള്ളി ട്രമ്പ്


JUNE 25, 2019, 2:35 PM IST

വാഷിംഗ്ടണ്‍: അവള്‍ എന്റെ തരക്കാരിയല്ല. കരോള്‍ പറയുന്നത് മുഴുവന്‍ കള്ളമാണ്. പൂര്‍ണ ബഹുമാനത്തോടെയാണിത് പറയുന്നത്, എന്റെ തരക്കാരല്ലാത്തവരോട് ഇത് ഒരിക്കലും സംഭവിക്കില്ല. പൊളിറ്റിക്കല്‍ ന്യൂസ് ഔട്ട്‌ലെറ്റ് ആയ ദ ഹില്ലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് തനിക്കെതിരെ ഉയര്‍ന്ന പതിനാറാമത്തെ സ്ത്രീയുടെ ലൈംഗിക പീഡന ആരോപണത്തെ യുഎസ് പ്പരസിഡന്റ് സ്ഥാനത്തേക്ക് രണ്ടാമൂഴം തേടുന്ന ഡോണള്‍ഡ് ട്രമ്പ് ഇത് പറഞ്ഞത്.

തനിക്കെതിരെ ബലാത്സംഗ ആരോപണം ഉന്നയിച്ച മാഗസിന്‍ അഡൈ്വസ് കോളമിസ്റ്റ് ഇ ജീന്‍ കാരോളിനെയാണ് ട്രമ്പ് പൂര്‍ണമായും തള്ളിയത്.

കഴിഞ്ഞയാഴ്ച ന്യൂയോര്‍ക്ക് മാഗസിന്‍ പുറത്തിറക്കിയ കാരോളിന്റെ പുസ്തകത്തില്‍ ആയിരുന്നു ട്രമ്പിനെതിരായ ആരോപണം. പ്രസിഡന്റ് ആകുന്നതിനു മുമ്പ് ട്രമ്പ് ലൈംഗികമായി മോശമായി പെരുമാറി എന്നായിരുന്നു ആരോപണം. പ്രസിഡന്റ് ആയതിനുശേഷം ട്രമ്പിനെതിരെ ലൈംഗിക ആരോപണം ഉന്നയിക്കുന്ന പതിനാറാമത്തെ സ്ത്രീ ആയിരുന്നു കാരോള്‍.

1990ല്‍ ന്യൂയോര്‍ക്കിലെ ഡിപ്പാര്‍ട്‌മെന്റ്് സ്റ്റോറിലെ ഡ്രസിംഗ് മുറിയില്‍ വെച്ച് ലൈംഗികമായി ആക്രമിച്ചെന്ന് ആയിരുന്നു പരാതി.

'വസ്ത്രം മാറുന്ന മുറി അടഞ്ഞ സമയത്ത് ആയിരുന്നു അത്, അദ്ദേഹം എന്റെ അടുത്തേക്ക് വന്നു, ഭിത്തിയിലേക്ക് എന്നെ തള്ളിനിര്‍ത്തി, കുറച്ച് മോശമായി എന്റെ തലയില്‍ ഇടിച്ചു, അദ്ദേഹത്തിന്റെ വായ എന്റെ ചുണ്ടുകള്‍ക്കടുത്തേക്ക് കൊണ്ടുവന്നു - കാരോള്‍ എല്ലെ മാഗസിനില്‍ എഴുതി.

തള്ളിമാറ്റാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പാന്റിന്റെ സിപ് അഴിച്ച ട്രമ്പ് തന്നിലേക്ക് കൂടുതല്‍ തീക്ഷ്ണമായി അടുത്തെന്നും ഒരുവിധത്തില്‍ ട്രമ്പിനെ തള്ളി മാറ്റി ഓടി രക്ഷപ്പെടുകയായിരുന്നെന്നും കാരോള്‍ കുറിച്ചു. അതേസമയം, അനന്തരഫലങ്ങളെക്കുറിച്ച് പേടിയുണ്ടായിരുന്നതിനാലാണ് പൊലീസിനെ സമീപിക്കാതിരുന്നതെന്നും കാരോള്‍ വ്യക്തമാക്കി.

എന്നാല്‍, ഈ ആരോപണങ്ങള്‍ പൂര്‍ണമായി നിഷേധിച്ച ഡൊണാള്‍ഡ് ട്രമ്പ് 'അവള്‍ എന്റെ തരക്കാരിയല്ലെ'ന്നാണ് പറഞ്ഞത്.

ട്രമ്പിനെതിരെ ഇ ജീന്‍ കാരോള്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച്  ദ ഹില്‍ പ്രതിനിധി ചോദിച്ചപ്പോള്‍ ആയിരുന്നു ട്രമ്പന്റെ പ്രതികരണം.

'ഞാന്‍ എല്ലാ ബഹുമാനത്തോടെയും കൂടിയാണ് ഇത് പറയുന്നത്. ഒന്നാമത്, അവര്‍ എന്റെ ടൈപ്പല്ല. രണ്ടാമത്, ഇത് ഒരിക്കലും സംഭവിച്ചിട്ടില്ല. ഇത് ഒരിക്കലും സംഭവിക്കില്ല, ഓക്കേ' - ഓവല്‍ ഓഫീസില്‍ വെച്ച് നടത്തിയ അഭിമുഖത്തില്‍ ട്രമ്പ് പറഞ്ഞു. കാരോള്‍ പൂര്‍ണമായും കള്ളം പറയുകയാണെന്നും ട്രമ്പ് ആരോപിച്ചു. തനിക്ക് ഈ സ്ത്രീയെക്കുറിച്ച് ഒന്നും അറിയില്ലെന്നും പ്രസിഡന്റ് പറഞ്ഞു.


Other News