ജോണ്‍ ബോള്‍ട്ടനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ ഇറാനിക്കെതിരെ കുറ്റം ചുമത്തി


AUGUST 10, 2022, 8:34 PM IST

വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടത്തിന്റെ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിന് ഇറാന്‍ ഇസ്‌ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അംഗത്തിനെതിരെ യു എസ് നീതിന്യായ വകുപ്പ് കുറ്റം ചുമത്തി. 

കോടതി രേഖകള്‍ അനുസരിച്ച് 2021 ഒക്ടോബറില്‍ ടെഹ്‌റാനിലെ ഷഹ്‌റാം പൗര്‌സാഫി എന്ന മെഹ്ദി റെസായി (45)ക്കെതിരെയാണ് ജോണ്‍ ബോള്‍ട്ടിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഗൂഢാലോചനയില്‍ കുറ്റം ചുമത്തിയത്. 2020ല്‍ കൊല്ലപ്പെട്ട ഇറാന്‍ വിപ്ലവകാരിയും ഗാര്‍ഡ്‌സ് കോര്‍പ്‌സ് ഖുദ്‌സ് ഫോഴ്‌സ് കമാന്ററുമായ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് പ്രതികാരമായാണ് ജോണ്‍ ബോള്‍ട്ടിനെ കൊല്ലാന്‍ തീരുമാനിച്ചതെന്ന് നീതിന്യായ വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു. 

ഇസ്‌ലാമിക് റവല്യൂഷണി ഗാര്‍ഡ് കോര്‍പ്‌സ് ഖുദ്‌സ് ഫോഴ്‌സിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പൗര്‌സഫി വാഷ്ംഗ്ടണ്‍ ഡി സിയിലും മേരിലാന്റിലുമെല്ലാം കൊലപാതകം നടത്താന്‍ യു എസിലുള്ളവര്‍ക്ക് മൂന്ന് ലക്ഷം ഡോളറാണ് വാഗ്ദാനം നല്കിയതെന്ന് നീതിന്യായ വകുപ്പ് അറിയിച്ചു. 

യു എസില്‍ വ്യക്തികളെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ ചരിത്രമാണ് ഇറാനുള്ളതെങ്കിലും അത് ഭീഷണിയായി കണക്കാക്കി യു എസ് പൗരന്മാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നവരെ പിടികൂടുന്ന ചരിത്രമാണ് അമേരിക്കന്‍ സര്‍ക്കാറിനുള്ളതെന്ന് എഫ് ബി ഐ നാഷണല്‍ സെക്യൂരിറ്റി ബ്രാഞ്ച് എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് ഡയറക്ടര്‍ ലാറിസ് നാപ്പ് പറഞ്ഞു.

Other News