റേഡിയേഷന്‍ ഭീഷണി:യു എസിൽ വമ്പൻ മൊബൈല്‍ കമ്പനികള്‍ക്കെതിരെ കേസ്


AUGUST 28, 2019, 1:38 AM IST

കാലിഫോര്‍ണിയ: ഹാനികരമാം വിധം റേഡിയേഷന്‍ പുറത്തുവരുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് മൊബൈല്‍ നിര്‍മ്മാതാക്കളായ ആപ്പിളിനും സാംസങ്ങിനുമെതിരെ കേസ്. ആപ്പിളിന്റെയും സാംസങ്ങിന്റെയും ഫോണുകളുടെ ഹാനികരമായ റേഡിയോ ഫ്രീക്വന്‍സി മനുഷ്യന് ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടി കാലിഫോര്‍ണിയയിലെ കോടതിയിലാണ് ഹർജി ഫയല്‍ ചെയ്‌തത്‌. 

ആപ്പിളിന്റെ ഐഫോണ്‍ 7, ഐഫോണ്‍ 8, ഐഫോണ്‍ X, സാംസെങ്ങിന്റെ ഗ്യാലക്‌സി എസ് 8, നോട്ട് 8 തുടങ്ങിയ മോഡൽ ഫോണുകള്‍ക്കെതിരെയാണ് കേസ്.

അമേരിക്കയുടെ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മിഷന്‍ അനുവദിച്ചിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ അളവിലാണ് ഇരുകമ്പനികളുടെയും ഫോണുകളിൽ നിന്നുള്ള റേഡിയേഷനെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.ആപ്പിള്‍ സ്വന്തം നിലയ്ക്ക് നടത്തിയ റേഡിയേഷന്‍ ടെസ്റ്റ് റിപ്പോര്‍ട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും  വ്യക്തമാക്കിയിട്ടുണ്ട്.

യുഎസിലെ കാലിഫോര്‍ണിയയിലുള്ള നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. റേഡിയേഷന്‍ എക്‌സ്‌പോഷര്‍ സംബന്ധിച്ച്‌ നിലവിലുള്ള അന്തര്‍ദ്ദേശീയവും ദേശീയവുമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്ന സുരക്ഷാ പരിധിയിലും വളരെ താഴെ വരുന്ന റേഡിയേഷൻ പോലും ജീവജാലങ്ങളെ ദോഷകരമായി ബാധിക്കുന്നുവെന്ന് ലോകമെമ്പാടുമുള്ള നൂറുകണക്കിന് ശാസ്ത്രജ്ഞരുടെ പിന്തുണയോടെ നടന്ന നിരവധി ശാസ്ത്ര ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്ന് ഹര്‍ജി ചൂണ്ടിക്കാട്ടുന്നു.

വർധിച്ച  ക്യാന്‍സര്‍ സാധ്യത, ജനിതക നാശ നഷ്ടങ്ങള്‍, പ്രത്യുല്‍പാദന വ്യവസ്ഥയുടെ ഘടനാപരവും പ്രവര്‍ത്തനപരവുമായ മാറ്റങ്ങള്‍, പഠനക്ഷമതാ നാശം, നാഡീവ്യൂഹ വൈകല്യങ്ങള്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഇതുമൂലമുണ്ടാകാമെന്നും വിദഗ്‌ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Other News