മെക്സിക്കന്‍ നഗരത്തില്‍ കത്തോലിക്ക പുരോഹിതന്‍ കുത്തേറ്റുമരിച്ചസംഭവം: അന്വേഷണം പുരോഗമിക്കുന്നു


AUGUST 27, 2019, 11:39 AM IST

മെക്സിക്കോ സിറ്റി: ഉത്തര മെക്സിക്കന്‍ അതിര്‍ത്തി നഗരമായ മറ്റാമോറോസില്‍ കത്തോലിക്കാ പുരോഹിതന്‍ കുത്തേറ്റുമരിച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി അറ്റോര്‍ണി ജനറല്‍.

മറ്റാമോറോസ് രൂപതയിലെ ഫാ. ജോസ് മാര്‍ട്ടിന്‍ ഗുസ്മാന്‍ വേഗയാണ് വ്യാഴാഴ്ച അജ്ഞാതന്റെ കുത്തേറ്റ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ തെളിവെടുത്തു. കൊല്ലപ്പെട്ട പുരോഹിതന് പുറത്തുനിന്ന് ഭക്ഷണം വാങ്ങി നല്‍കുന്ന സഹായി ഉള്‍പ്പെടെയുള്ളവരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.

 വ്യാഴാഴ്ച രാത്രി ഉച്ചത്തിലുള്ള നിലവിളി കേട്ട് ഇടവകക്കാര്‍ ചെന്ന് നോക്കിയപ്പോള്‍ ഫാ. ജോസ് മാര്‍ട്ടിനെ കുത്തേറ്റ നിലയില്‍ കണ്ടെത്തുകയായിരിന്നുവെന്ന് സഭയുടെ മള്‍ട്ടിമീഡിയ സെന്റര്‍ അറിയിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

ഫാ. ജോസ് മാര്‍ട്ടിന്‍ ഗുസ്മാന്‍ വേഗയുടെ മരണത്തില്‍ മറ്റാമോറോസ് രൂപത ബിഷപ് യൂജിനോ ലിറ റുഗാര്‍സ്യ നടുക്കവും ദുഖവും രേഖപ്പെടുത്തി. ഫാ. ജോസിന്റെ കുടുംബത്തെ ബിഷപ് അനുശോചനം അറിയിച്ചു.ഈ വര്‍ഷം മെക്സികോയില്‍ കൊല്ലപ്പെടുന്ന ആദ്യത്തെ കത്തോലിക്ക വൈദികനാണ് ഫാ. ജോസ് മാര്‍ട്ടിന്‍. സഭയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ 26 വൈദികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

മെക്സിക്കോയിലെ നിരവധി രൂപതകളില്‍ നിന്നും വൈദികരെ ഭീഷണിപ്പെടുത്തിയതായുളള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ടെന്നും മള്‍ട്ടി മീഡിയ സെന്റര്‍ കൂട്ടിച്ചേര്‍ത്തു. അടുത്ത കാലങ്ങളില്‍ മോഷണ ശ്രമത്തിനിടയിലും തട്ടിക്കൊണ്ടുപോയും മറ്റും നിരവധി വൈദികരെ മെക്സിക്കോയില്‍ കൊലപ്പെടുത്തിയിട്ടുണ്ട്. ലോകത്ത് വൈദികര്‍ക്ക് ഏറ്റവും കൂടുതല്‍ ഭീഷണി നിലനില്‍ക്കുന്ന രാജ്യം മെക്സിക്കോയാണെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരിന്നു.

Other News