വാഷിംഗ്ടണ്‍: ലോകമെമ്പാടുമുള്ള വര്‍ദ്ധിച്ചുവരുന്ന കോവിഡ് കേസുകള്‍ നിയന്ത്രിക്കുന്നതിനായി, യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി ) കാനഡ, യുകെ, നിരവധി പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ എന്നിവയുള്‍പ്പെടെ 22 രാജ്യങ്ങളിലേക്കും പ്രദേശങ്ങളിലേക്കും യാത്ര ചെയ്യരുതെന്ന് പൗരന്മാരോട് നിര്‍ദ്ദേശിച്ചു.
വളരെ ഉയര്‍ന്ന അപകടസാധ്യതയുള്ള മേഖല എന്ന നിലയില്‍ ഈ രാജ്യങ്ങളെ സിഡിസി ലെവല്‍ നാലിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ ലക്ഷ്യസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാന്‍ അമേരിക്കക്കാരോട് യുഎസിലെ ഉന്നത ആരോഗ്യ ഏജന്‍സി അഭ്യര്‍ത്ഥിച്ചു.
ഓസ്ട്രേലിയ, ഇസ്രായേല്‍, ഈജിപ്ത്, പനാമ, ഖത്തര്‍, ബഹാമസ്, ബഹ്റൈന്‍, ബൊളീവിയ, അല്‍ബേനിയ, അര്‍ജന്റീന, കാനഡ, ഫ്രാന്‍സ്, ഖത്തര്‍, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, യുണൈറ്റഡ് കിംഗ്ഡം, ഉറുഗ്വേ തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയിലുള്ളത്.
ഇതോടെ, സിഡിസിയുടെ ലെവല്‍ ഫോര്‍ ലിസ്റ്റില്‍ ഇപ്പോള്‍ 100-ലധികം രാജ്യങ്ങളുണ്ട്.
''നിങ്ങള്‍ പൂര്‍ണമായി വാക്സിനേഷന് എടുക്കുന്നത് വരെ അന്താരാഷ്ട്ര യാത്ര ചെയ്യരുത്. ഗുരുതരമായ രോഗങ്ങളില്‍ നിന്ന് സ്വയം പരിരക്ഷിക്കുന്നതിനും കോവിഡ് -19 ന്റെ വ്യാപനം മന്ദഗതിയിലാക്കുന്നതിനും പുതിയ വേരിയന്റുകളുടെ എണ്ണം കുറയ്ക്കുന്നതിനുമുള്ള ഏറ്റവും നല്ല മാര്‍ഗമാണ് വാക്സിനേഷന് എടുക്കുന്നത്. നിങ്ങള്‍ക്ക് യോഗ്യതയുണ്ടെങ്കില്‍ ഒരു കോവിഡ് -19 വാക്സിന് ബൂസ്റ്റര്‍ ഡോസ് ലഭിക്കാന്‍ സിഡിസി നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. സിഡിസി, അതിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിര്‍ദേശിച്ചു.
ഇപ്പോള്‍, ഒരു വിദേശ രാജ്യത്ത് നിന്ന് യുഎസിലേക്ക് പറക്കുന്ന വിമാന യാത്രക്കാര്‍ യാത്രയ്ക്ക് ഒരു ദിവസത്തിനുള്ളില്‍ എടുത്ത ഒരു നെഗറ്റീവ് ആര്‍ടിപിസിആര്‍ പരിശോധനാ ഫലം കാണിക്കേണ്ടതുണ്ട്,
യാത്രക്കാര്‍ തങ്ങളുടെ വിമാനത്തില്‍ കയറുന്നതിന് മുമ്പ് കഴിഞ്ഞ 90 ദിവസത്തിനുള്ളില്‍ വൈറസില്‍ നിന്ന് സുഖം പ്രാപിച്ചതിന്റെ തെളിവും കാണിക്കേണ്ടതുണ്ട്.
''വിമാന യാത്രക്കാര്‍ അവര്‍ അവതരിപ്പിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് സാക്ഷ്യപ്പെടുത്തല്‍ ഫോറത്തില്‍ സ്ഥിരീകരിക്കേണ്ടതുണ്ട്,'' സിഡിസി പറഞ്ഞു. യുഎസ് നിവാസികളും ഗ്രീന്‍ കാര്‍ഡ് ഉടമകളും ഉള്‍പ്പെടെ എല്ലാ യാത്രക്കാര്‍ക്കും ഈ ഉത്തരവ് ബാധകമാണ്.
ലോകമെമ്പാടും ഒമിക്രോണ്‍ കേസുകള്‍ അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍, ഇത് നിസ്സാരമായി കാണരുതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കി. 'ശാസ്ത്രം ഉപേക്ഷിക്കരുത്. ഇത് ആശങ്കയുടെ അവസാന വകഭേദമായിരിക്കില്ല, ''ഡബ്ല്യുഎച്ച്ഒയുടെ കോവിഡ് സാങ്കേതിക മേധാവി മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു.