പ്രേതബാധ ഒഴിപ്പിക്കാൻ കാറിലടച്ച കുഞ്ഞ് മരിച്ച കേസ്: അമ്മയ്ക്ക് 25 വർഷം ജയിൽ 


JULY 26, 2019, 1:22 AM IST

ലോസാഞ്ചലസ്‌: പ്രേതബാധ ഒഴിപ്പിക്കാൻ പൊരിവെയിലത്തിട്ട കാറില്‍ അടച്ചിട്ടതിനെ തുടർന്ന് മൂന്നു വയസുകാരി മരിച്ച കേസിൽ  അമ്മയ്ക്ക് 25 വര്‍ഷം തടവുശിക്ഷ. ഒൻപതു മണിക്കൂറിലേറെ കാറിൽ അടച്ചിട്ടതിനെത്തുടർന്ന് കൊടുംചൂടുമൂലം കുഞ്ഞ് മരിക്കുകയായിരുന്നു.2017 ജൂണിലായിരുന്നു പൈശാചിക സംഭവം.

കാലിഫോര്‍ണിയക്കാരി എയ്ഞ്ചല ഫാഖി(29 ) നാണ് മകൾ മൈയയെ കാറിലിട്ടു പൂട്ടി മരണത്തിലേക്കു തള്ളിവിട്ടതിനു ശിക്ഷിക്കപ്പെട്ടത്.ഏയ്ഞ്ചലയുടെ കാമുകനും പ്രതിശുതവരനുമായ ഉൻത്വാൻ സ്‌മിത്തും കേസിലെ പ്രതിയാണ്.ഇയാളുടെ വിചാരണ നടക്കാനിരിക്കുകയാണ്.

കുഞ്ഞിനെ പിടികൂടിയിരുന്ന പ്രേതങ്ങളെ അകറ്റാനാണ് തങ്ങള്‍ അവളെ കാറില്‍ അടച്ചിട്ടതെന്നാണ് സ്‌മിത്തും എയ്ഞ്ചലയും പറയുന്നത്. കാറിന്റെ പിന്‍സീറ്റിലായി പുതപ്പുകളില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം. ചൂട് താങ്ങാനാകാതെയാണ് കുഞ്ഞ് മരിച്ചതെന്ന് മൈയയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്‌ത ഡോക്‌ടർമാര്‍ വ്യക്തമാക്കിയിരുന്നു.

ജൂണിലാണ് എയ്ഞ്ചല കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്. തുടർന്ന് കഴിഞ്ഞദിവസം  സാക്രമെന്റോയിലെ ജില്ലാ അറ്റോര്‍ണി ശിക്ഷാവിധി പ്രസ്‌താവിച്ചു.

Other News