നാന്‍സി പെലോസിക്കെതിരെ വിലക്ക് പ്രഖ്യാപിച്ച് ചൈന


AUGUST 5, 2022, 10:50 PM IST

ബീജിംഗ്: തായ്‌വാന്‍ സന്ദര്‍ശിച്ച യു എസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിക്കെതിരെ വിലക്ക് പ്രഖ്യാപിച്ച് ചൈന. ചൈനയുടെ ആശങ്കകളെ പെലോസി അവഗണിച്ചുവെന്നും ചൈനയുടെ ദ്വീപിലേക്ക് അനുമതിയില്ലാതെ പ്രവേശിച്ചത് അംഗീകരിക്കാനാവില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 

തായ്‌വാന് ചുറ്റും ചൈന നടത്തുന്ന സൈനികാഭ്യാസങ്ങളെ വിമര്‍ശിച്ച ജി സെവന്‍ രാജ്യങ്ങളുടേയും യൂറോപ്യന്‍ യൂണിയന്‍ നയതന്ത്രജ്ഞരേയും വിളിച്ചു വരുത്തിയതായി ചൈന അറിയിച്ചു. ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യ ഇടപെടലാണ് നടത്തുന്നതെന്ന് വിദേശകാര്യ സഹമന്ത്രി ഡെങ് ലി പറഞ്ഞു. 

നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തിന് മറുപടിയായി ചൈനീസ് നാവിക സേനയുടെ കപ്പലുകളും യുദ്ധവിമാനങ്ങളും അയക്കുകയും തായ്‌വാന്‍ കടലിടുക്കില്‍ മിസൈലുകള്‍ വിക്ഷേപിക്കുകയും ചെയ്തു. ആവശ്യം വന്നാല്‍ തായ്‌വാന്‍ പിടിച്ചെടുക്കുമെന്ന തരത്തിലാണ് ചൈന നിലവില്‍ പെരുമാറുന്നത്. 

തായ്‌വാന് കുറുകെയുള്ള ചൈനീസ് തീരത്ത് സൈനിക വിമാനങ്ങള്‍ കാണാനും ഫൈറ്റര്‍ ജെറ്റുകള്‍ തലക്കു മുകളിലൂടെ പറക്കുന്ന ഫോട്ടോയെടുക്കാനും വിനോദ സഞ്ചാരികള്‍ കൂട്ടം കൂടിയിരുന്നു. 

തായ്‌വാന്‍ കടലിടുക്കിലെ മധ്യരേഖയ്ക്ക് കുറുകെ ചൈനയുടെ കപ്പലുകളും യുദ്ധവിമാനങ്ങളും പല തവണ പറന്നതായി തായ്‌വാന്‍ പ്രതിരോധ മന്ത്രാലയം ആരോപിച്ചിരുന്നു. ചൈനയ്ക്കും തായ്‌വാനും ഇടിയലുള്ള അനൗദ്യോഗിക രേഖയായിരുന്നു ഇത്. 

സൈനികാഭ്യാസം ആരംഭിച്ചതിന് ശേഷം വ്യാഴാഴ്ച മുതല്‍ ചൈന തൊടുത്തുവിട്ട മിസൈലുകളില്‍ അഞ്ചെണ്ണം തങ്ങളുടെ പ്രത്യേക സാമ്പത്തിക മേഖലയിലാണ് പതിച്ചതെന്ന് ജപ്പാന്‍ പ്രതിരോധ മന്ത്രി നൊബുവോ കിഷി കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. ജപ്പാന്‍ ദേശീയ സുരക്ഷയ്ക്കും ജാപ്പനീസ് ജനതയുടെ സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണി എന്ന നിലയിലാണ് ചൈനയുടെ മിസൈല്‍ വന്നതിനെ അവര്‍ കാണുന്നത്. 

ചൈനയുടെ തെക്കു കിഴക്കന്‍ തീരമായ ഫുജിയാനില്‍ നിന്ന് വിക്ഷേപിച്ച നാല് മിസൈലുകള്‍ തായ്‌വാനു മുകളിലൂടെ പറന്നതായി ജപ്പാന്‍ പ്രതിരോധ മന്ത്രാലയം പിന്നീട് പറഞ്ഞു. തായ്‌വാന്‍ ലക്ഷ്യമിടടുള്ള ചൈനയുടെ സൈനിക അഭ്യാസങ്ങള്‍ പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായ ഗുരുതരമായ പ്രശ്‌നത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദ പറഞ്ഞു. 

യു എസ്- തായ്‌വാന്‍ ഒത്തുകളിക്കും പ്രകോപനത്തിനും മറുപടിയായി ചൈനയുടെ പ്രത്യാക്രമണം സ്വാഭാവികമാണെന്ന് 

ഡെങ് ലി പറഞ്ഞു. പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം നഗ്നമായ രാഷ്ട്രീയ കൃത്രിമത്വവും ചൈനയുടെ പരമാധികാരത്തിന്റേയും പ്രാദേശിക അഖണ്ഡതയുടേയും നഗ്നവും ഗുരുതരവുമായ ലംഘനവുമാണെന്നും വ്യക്തമാക്കി. 

തായ്‌വാനെതിരെ ചൈന നടത്തുന്ന സൈനികാഭ്യാസങ്ങള്‍ക്ക് ന്യായീകരണമില്ലെന്ന ജി 7 രാജ്യങ്ങളുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ജപ്പാനുമായുള്ള വിദേശകാര്യ മന്ത്രിമാരുടെ യോഗം ചൈന റദ്ദാക്കിയിരുന്നു. കംബോഡിയയില്‍ നടന്ന അസോസിയേഷന്‍ ഓഫ് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു ഇരു മന്ത്രിമാരും. 

പെലോസിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ചൈന നേരത്തെ യു എസ് അംബാസഡര്‍ നിക്കോളാസ് ബേണ്‍സിനെ വിളിച്ചു വരുത്തിയിരുന്നു. 

തായ്‌വാന്‍ സന്ദര്‍ശനത്തിനെത്തിയ നാന്‍സി പെലോസി പ്രസിഡന്റ് സായ് ഇങ് വെന്നുമായുള്ള കൂടിക്കാഴ്ചയും മറ്റു പൊതുപരിപാടികളും പൂര്ത്തിയാക്കി ദക്ഷിണ കൊറിയയിലേക്കും ജപ്പാനിലേക്കുമാണ് പോയത്. ഇരു രാജ്യങ്ങളിലും യു എസ് സൈനിക താവളങ്ങളുള്ളതിനാല്‍ തായ്‌വാന്‍ ഉള്‍പ്പെടുന്ന സംഘര്‍ഷത്തിലേക്ക് പുതിയ സംഭവ വികാസങ്ങള്‍ എത്തിച്ചേരാനും സാധ്യതയുണ്ട്. 

ചൈനീസ് അഭ്യാസത്തില്‍ നാവികസേന, വ്യോമസേന, റോക്കറ്റ് ഫോഴ്‌സ്, സ്ട്രാറ്റജിക്ക് സപ്പോര്‍ട്ട് ഫോഴ്‌സ്, ലോജിസ്റ്റിക്ക് സപ്പോര്‍ട്ട് ഫോഴ്‌സ് എന്നിവ ഉള്‍പ്പെടുന്നതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. തായ്‌വാന് ചുറ്റും ബീജിംഗ് ആറ് വ്യായാമ മേഖലകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

തായ്‌വാനെതിരെയുള്ള ചൈനയുടെ നീക്കങ്ങള്‍ ഗുരുതരവും ഉത്കണ്ഠാജനകവുമാണെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. 

Other News