ചൈനീസ് ടെക് കമ്പനികളായ വാവയ്, സെഡ്.ടി.ഇ എന്നിവയുമായുള്ള ബന്ധം വിച്ഛേദിക്കുകയാണെന്ന് മാസച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നേളജി


APRIL 4, 2019, 11:17 PM IST

ന്യൂയോര്‍ക്ക്:  ഉപരോധം ലംഘിച്ച് ഇറാനുമായി ഇടപാട് നടത്തിയെന്ന് ആരോപിച്ച് അമേരിക്കന്‍ അന്വേഷണം നേരിടുന്ന വന്‍കിട ചൈനീസ് ടെക് കമ്പനികളായ വാവയ്. സെഡ്.ടി.ഇ എന്നിവയുമായുള്ള ബന്ധം വിച്ഛേദിക്കുകയാണെന്ന മുന്‍ നിര അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയായ മാസച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി) അറിയിച്ചു. ഫെഡറല്‍ സഹായം നഷ്ടപ്പെടാതരിക്കാന്‍ വാവയ് ഉള്‍പ്പെടെയുള്ള ചൈനീസ് ടെലികോം കമ്പനികളുടെ ഉപകരണങ്ങള്‍ നീക്കം ചെയ്യുകയാണെന്ന് അറിയിച്ച ഏറ്റുമൊടുവിലത്തെ അമേരിക്കന്‍ വിദ്യഭ്യാസ സ്ഥാപനമാണ് എം.ഐ.ടി. 

ഈ ചൈനീസ് കമ്പനികളുമായി ഏതെങ്കിലും തരത്തിലുള്ള ഇടപാടുകള്‍ പുതിയതായി നടത്തുകയോ, നിലവിലുള്ളതു പുതുക്കുകയോ ചെയ്യില്ലെന്ന് എം.ഐ.ടി യുടെ ഗവേഷണ വിഭാഗം വൈസ് പ്രസിഡന്റ് മരിയ സുബര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കത്തില്‍ പറഞ്ഞു. ഇവര്‍ക്കെതിരേ ഉപരോധ ലംഘനത്തിന് ഫെഡറല്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണിതെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചൈനയക്കു പുറമേ റഷ്യ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുമായി ഏതെങ്കിലും സഹകരണം ഉണ്ടാക്കുന്നതും കൂടുതലായ അഡ്മിസ്‌ട്രേറ്റീവ് പരിശോധനകള്‍ക്ക് വിധേയമാണെന്ന് സുബര്‍ പറഞ്ഞു.

വാവയ് കമ്പനിയില്‍ നിന്നു ഫണ്ട് സ്വീകരിക്കുന്നത് നിറുത്തിവച്ചതായി ബ്രിട്ടനിലെ ഓക്‌സഫഡ് യൂണിവേഴ്‌സിറ്റി അറിയിച്ചിരുന്നു. ഉപരോധം ലംഘിച്ച് ഇറാനുമായി ഇടപാട് നടത്തിയതിന്റെ പേരില്‍ വാവയ് കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ മെങ് വാന്‍സുവിനെ അമേരിക്കന്‍ നിര്‍ദേശപ്രകാരം കാനഡയില്‍ വച്ച് ഡിസംബറില്‍ അറസ്റ്റ് ചെയ്തിരുന്നു. അമേരിക്കന്‍ ഉത്പന്നങ്ങള്‍ അനധികൃതമായി ഇറാന്‍, ഉത്തരകൊറിയ എന്നിവടങ്ങളിലേക്ക് കയറ്റി അയച്ചത് കെത്തിയതിനെ തുടര്‍ന്ന് സെഡ്.ടി.ഇ കമ്പനിക്ക് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ - ജൂലൈ കാലഘട്ടത്തില്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. 1.4 ബില്യണ്‍ പിഴ അടച്ചതിനെ തുടര്‍ന്നാണ് ഉപരോധം പിന്‍വലിച്ചത്. ചൈനീസ് കമ്പനികളുടെ ടെലികോം ഉപകരണങ്ങള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷമി ഉയര്‍ത്തുന്നുവെന്ന് അമേരിക്ക ആരോപിച്ചു വരികയാണ്. അവരുടെ ഉപകരണങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ ചാരപ്പണിക്ക് ഉപയോഗിക്കുന്നുവെന്നാണ് ആരോപണം. 


Other News