കൊറോണ വൈറസ് വന്നത് ചൈനയില്‍നിന്ന്, അതിനെ നിസാരമായി കാണില്ല -ട്രംപ്


MAY 22, 2020, 9:40 AM IST

വാഷിങ്ടണ്‍: മാരകമായ കൊറോണ വൈറസ് വന്നത് ചൈനയില്‍ നിന്നാണെന്നും അമേരിക്ക അതിനെ നിസാരമായി കാണുകയില്ലെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇത് ചൈനയില്‍ നിന്ന് വന്നതാണ്. അത് സന്തോഷം നല്‍കുന്ന കാര്യമില്ല. ഞങ്ങളൊരു വ്യാപാര കരാര്‍ ഒപ്പിട്ടിരുന്നു, അതിന്റെ മഷി പോലും ഉണങ്ങിയിരുന്നില്ല. എല്ലാത്തേക്കാളും വേഗത്തില്‍ വൈറസ് പടര്‍ന്നു. അതിനെ നിസാരമായി കാണാന്‍ ഉദ്ദേശിക്കുന്നില്ല -മിഷിഗണില്‍ ആഫ്രിക്കന്‍-അമേരിക്കന്‍ നേതാക്കളുടെ ചടങ്ങില്‍ പങ്കെടുക്കവെ ട്രംപ് പറഞ്ഞു. 

കോവിഡ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മുതല്‍ ചൈനക്കെതിരെ ആരോപണം ഉന്നയിക്കുന്ന ട്രംപ് ഒരിക്കല്‍ കൂടിയത് ആവര്‍ത്തിക്കുകയായിരുന്നു. എന്നാല്‍ ചൈനക്കെതിരെ ഏതു രീതിയിലുള്ള നടപടിയാണ് അമേരിക്ക സ്വീകരിക്കുന്നത് എന്നതിനെക്കുറിച്ച് സൂചനകളൊന്നും അദ്ദേഹം പങ്കുവെച്ചിട്ടില്ല. അതേസമയം, കോണ്‍ഗ്രസ് അംഗങ്ങളില്‍നിന്ന്, പ്രത്യേകിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍നിന്ന് ഇക്കാര്യത്തില്‍ ട്രംപ് ഭരണകൂടം കടുത്ത സമ്മര്‍ദ്ദം നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വ്യാഴാഴ്ച സെനറ്റര്‍മാരായ ടെഡ് ക്രൂസും റിക്ക് സ്‌കോട്ടും മൈക്ക് ബ്രൗണ്‍, മാര്‍ഷാ ബ്ലാക്ക്ബണ്‍, ജോനി ഏണസ്റ്റ്, മാര്‍ത്ത മാക് സാലി, ടോം കോട്ടണ്‍ എന്നിവര്‍ക്കൊപ്പം കോവിഡ് 19 വാക്‌സിന്‍ സംക്ഷണ ആക്ട് അവതരിപ്പിച്ചിരുന്നു. അമേരിക്കന്‍ വാക്‌സിന്‍ ഗവേഷണം മോഷ്ടിക്കാനോ അട്ടിമറിക്കാനോയുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമങ്ങളെ പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ആക്ട്. ആഭ്യന്തര മന്ത്രാലയം, സുരക്ഷ വകുപ്പുകളില്‍ നിന്ന് സമഗ്ര ദേശീയ സുരക്ഷ വിശകലനവും കോവിഡ് വാക്‌സിന്‍ ഗവേഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചൈനയില്‍നിന്നുള്ള വിദ്യാര്‍ഥി വിസയിലുള്ള എല്ലാവരെക്കുറിച്ചും എഫ്.ബി.ഐ അന്വേഷണവും ബില്‍ ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ ട്രംപ് ഭരണകൂടം അനുകൂല നടപടിയെടുത്തേക്കുമെന്നാണ് കണക്കുക്കൂട്ടല്‍.

Other News