വിവാഹം കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം നവ ദമ്പതികള്‍ക്ക് ദാരുണാന്ത്യം


AUGUST 25, 2019, 10:38 PM IST

ടെക്‌സാസ്:വിവാഹം കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം നവദമ്പതികള്‍ക്ക് ദാരുണ മരണം. വിവാഹശേഷം സത്കാര വേദിയിലേക്ക് പുറപ്പെട്ട ടെക്‌സാസ് സ്വദേശികളായ ഹാര്‍ലി മോര്‍ഗനും വധു റിയാനന്‍ ബുഡ്റിയോക്‌സുമാണ് അപകടത്തില്‍ മരിച്ചത്.

ബാല്യകാല സുഹൃത്തുക്കളായ 19-കാരൻ മോര്‍ഗനും 20 -കാരി റിയാനനും വിവാഹിതരായത്  വെള്ളിയാഴ്‌ചയായിരുന്നു. വിവാഹം കഴിഞ്ഞ് വിവാഹവേദിയായ ജസ്റ്റിസ് ഓഫ് പീസ് കെട്ടിടത്തില്‍ നിന്ന് പുറത്തേക്കിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. വിവാഹ ചടങ്ങുകള്‍ക്ക് ശേഷം സത്കാരവേദിയിലേക്ക് പോകുമ്പോള്‍ ഇവര്‍ സഞ്ചരിച്ച കാറില്‍ എതിരെ വന്ന ട്രക്ക് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ കാർ നിരവധി തവണ മലക്കം മറിഞ്ഞു കുഴിയിലേക്ക് പതിച്ചു.വരനായിരുന്നു കാർ ഓടിച്ചിരുന്നതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.ട്രക്ക് ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ അസ്വാഭാവികത ഇല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.