യു എസിലെ കോവിഡ് മരണം അഞ്ച് ലക്ഷത്തിനടുത്ത്


FEBRUARY 22, 2021, 12:32 PM IST

വാഷിംഗ്ടണ്‍: കോവിഡിനെ തുടര്‍ന്ന് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷത്തോടടുക്കുന്നു. ഒന്നാം ലോകമഹായുദ്ധം, രണ്ടാം ലോകമഹായുദ്ധം, വിയറ്റ്‌നാം യുദ്ധം എന്നിവയില്‍ മരിച്ചവരേക്കാള്‍ കൂടുതല്‍ പേരാണ് കോവിഡിനെ തുടര്‍ന്ന് അമേരിക്കയില്‍ മരിച്ചിരിക്കുന്നത്. മറ്റൊരു രാജ്യത്തും ഇത്രയധികം പേര്‍ മരിച്ചിട്ടില്ല. 

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ അഞ്ചിലൊന്നും അമേരിക്കയിലാണ്- 498033 പേരെയാണ് കോവിഡ് അമേരിക്കയില്‍ കൊലപ്പെടുത്തിയത്. അമേരിക്കയില്‍ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് ഈ കണക്ക് പുറത്തുവന്നിരിക്കുന്നത്. 

യു എസിന്റെ എല്ലാ ഭാഗങ്ങളിലും കൊറോണ വൈറസ് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. കണക്കുകള്‍ പ്രകാരം 670ല്‍ ഒരാളാണ് അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നത്. ഇതോടൊപ്പം കൊറോണ വൈറസ് വകഭേദങ്ങള്‍ പുതിയ ഭീഷണിയായി രംഗത്തുണ്ട്. 

പുതിയ വൈറസ് കേസുകള്‍ കുത്തനെ കുറയുകയും മരണം മന്ദഗതിയിലാവുകയും ചെയ്തിട്ടുണ്ട്. എങ്കിലും 2022 വരെയെങ്കിലും മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകതയാണ് പകര്‍ച്ചവ്യാധി വിദഗ്ധന്‍ ഡോ. അന്തോണി ഫൗസി പറയുന്നത്. എന്നാല്‍ ഈ വര്‍ഷം അവസാനത്തോടെ യു എസിന് സാധാരണ നിലയിലെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് പ്രസിഡന്റ് ജോ ബൈഡനുള്ളത്.

Other News