സ്വന്തം പണമുപയോഗിച്ച് യു എസ് രാഷ്ട്രീയത്തെ മാറ്റിമറിച്ച ഡേവിഡ്  കോക് 


AUGUST 25, 2019, 12:05 AM IST

ന്യൂയോർക്ക്:ബില്യണറായ ലിബെര്‍ട്ടേറിയന്‍  ആയിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച അന്തരിച്ച  ഡേവിഡ്  കോക്  (79).ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നൂറുകോടിയിലധികം ഡോളര്‍ അദ്ദേഹം സംഭാവന നല്‍കിയിട്ടുണ്ട്. പക്ഷെ അതിനേക്കാളുപരി  കോക്  അറിയപ്പെടുന്നത് യു എസ് രാഷ്ട്രീയത്തെ പുനഃരാവിഷ്‌ക്കരിക്കുന്നതിനായി പണം ചിലവഴിച്ച ആളെന്ന നിലയിലാണ്. 

തങ്ങള്‍ക്ക് 'ഹീറോ' യെ നഷ്ടമായിയെന്നാണ്  കോക്  കുടുംബം പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറഞ്ഞത്.അദ്ദേഹത്തിന്റെ പ്രശസ്‌തമായ ചിരി, ശമിക്കാത്ത ജിജ്ഞാസ, വിശാല ഹൃദയം എന്നിവയെല്ലാം സ്‌മരിക്കപ്പെടുമെന്നും പ്രസ്‌താവനയില്‍ പറയുന്നു. കുറെവര്‍ഷങ്ങളായി വിവിധ രോഗങ്ങളുമായി അദ്ദേഹം മല്ലിടുകയായിരുന്നുവെന്ന്  കോക്   ഇന്‍ഡസ്ട്രീസിന്റെ പ്രസ്‌താവനയില്‍ അറിയിച്ചു. 

5050കോടി ഡോളറിന്റെ ആസ്‌തിയുള്ള  കോക്  ഫോര്‍ബ്‌സ് മാസികയുടെ റാങ്കിങ്ങില്‍ സ്വന്തം  സഹോദരനൊപ്പം ലോകത്തിലെ പതിനൊന്നാമത്തെ  സമ്പന്നന്‍ എന്ന സ്ഥാനം പങ്കിട്ടു.കാന്‍സസിലെ  വിചിത ആസ്ഥാനമായുള്ള  കോക്  ഇന്‍ഡസ്ട്രീസിലെ 42 % ഓഹരികളില്‍നിന്നുമാണ് അത്രയും സമ്പാദിച്ചത്. എണ്ണ മുതല്‍ ബീഫും പേപ്പറുംവരെ വ്യാപിച്ചുകിടക്കുന്ന ഒരു ബിസിനസ് സാമ്രാജ്യമായ  കോക്  ഇന്‍ഡസ്ട്രീസ് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള സ്വകാര്യ  കമ്പനിയാണ്.

വളരെക്കാലമായി ന്യൂയോര്‍ക്കില്‍ താമസിച്ചിരുന്ന ഡേവിഡ്  കോക്  കമ്പനിയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും 2018  ജൂണിലാണ് വിരമിച്ചത്.ഗര്‍ഭഛിദ്രം, സ്വവര്‍ഗ വിവാഹം തുടങ്ങിയ സാമൂഹ്യ വിഷയങ്ങളില്‍  കോക്  ഒരു ലിബറല്‍ ആയിരുന്നു.എന്നാല്‍ നികുതി കുറക്കല്‍, സ്വതന്ത്ര വ്യാപാരം, നിയന്ത്രണങ്ങള്‍ നീക്കംചെയ്യല്‍ തുടങ്ങിയ പ്രശ്‌നങ്ങളില്‍ യാഥാസ്ഥിതിക നിലപാടുകളെ പിന്തുണച്ചു.1980ല്‍ ലിബെര്‍ട്ടേറിയന്‍ പാര്‍ട്ടിയുടെ  പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്നു. 

യാഥാസ്ഥിതിക നിലപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി പണം സംഭാവന നല്‍കുന്നതിന് മൂത്ത സഹോദരനും  കോക്  ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവുമായ ചാള്‍സ്  കോക്കിനൊപ്പം സമാന മനസ്‌കരായ സമ്പന്നരുടെ ഒരു ശ്രുംഖല തന്നെയുണ്ടാക്കി ഡേവിഡ്. ഗവണ്മെന്റിന്റെ ഭരണ നിയന്ത്രണങ്ങള്‍ പരിമിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രൂപംകൊണ്ട ടീ പാര്‍ട്ടി പ്രസ്ഥാനത്തിന് സാമ്പത്തികമായ സഹായം നല്‍കിയത് അവരായിരുന്നു. പ്രസിഡന്റ് ബരാക് ഒബാമയുടെ ആദ്യ ടേമില്‍ 2010ല്‍ ഹൗസിന്റെ നിയന്ത്രണം നേടാന്‍ റിപ്പബ്ലിക്കന്മാരെ അത് സഹായിച്ചു

.  

യാഥാസ്ഥിതിക പ്രശ്‌നങ്ങളില്‍  അവര്‍  നല്‍കുന്ന പിന്തുണ ഡെമോക്രറ്റുകളെ രോഷംകൊള്ളിച്ചു. കോക്കും അദ്ദേഹത്തിന്റെ സഹോദരനും 'അമേരിക്കന്‍ പാരമ്പര്യത്തില്‍പ്പെട്ടവരല്ലെന്നും' പ്രചാരണത്തിനായി പണം ചിലവഴിച്ചുകൊണ്ട് 'അമേരിക്കയെ വാങ്ങാനാണ് അവര്‍ ശ്രമിക്കുന്നതെന്നും'' നെവാഡയിലെ ഡെമോക്രാറ്റിക് സെനറ്റര്‍ ഹാരി റീഡ് കുറ്റപ്പെടുത്തി.ഒരു വര്‍ഷം 100000  ഡോളറോ അതില്‍ കൂടുതലോ സംഭാവന നല്‍കുന്ന 700  പേരും  അവര്‍ക്കൊപ്പംതന്നെ 36  സംസ്ഥാനങ്ങളില്‍ ചാപ്റ്ററുകളുള്ള 'അമേരിക്കന്‍സ് ഫോര്‍ പ്രോസ്‌പെരിറ്റി' എന്ന സംഘടനയുമാണ് കോക് രൂപം നല്‍കിയ ശ്രുംഖലയില്‍ ഉള്‍പ്പെട്ടിരുന്നത്. യാഥാസ്ഥിതിക അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നവരുടെ സ്വാധീനശക്തി പരിശോധിച്ചാല്‍ അവരെ വെല്ലാനായി യു എസില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി മാത്രമേയുള്ളു. 

2010  ലെ സിറ്റിസണ്‍സ് യുണൈറ്റഡ്  കേസില്‍ പുറമെനിന്നുള്ള ശക്തികള്‍ക്ക് നേരിട്ടും അല്ലാതെയും പരിധിയില്ലാതെ ചെലവഴിക്കാന്‍  സുപ്രീം കോടതി അനുമതി നല്‍കിയതോടെ കോക്കുമാരെപ്പോലെയുള്ള വമ്പന്‍ സംഭാവന ദാതാക്കള്‍ക്ക് അവരുടെ സ്വാധീന ശക്തി വിപുലീകരിക്കാന്‍ കഴിഞ്ഞു.

2016ല്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡോണള്‍ഡ് ട്രംപിനെ  കോക് സഹോദരന്മാര്‍ പിന്തുണച്ചിരുന്നില്ല.എന്നാല്‍ നിയന്ത്രണങ്ങളില്‍ അയവു വരുത്തുന്ന ട്രംപ് ഭരണത്തിന്റെ നടപടികളെ അവരുടെ രാഷ്ട്രീയ ഗ്രൂപ്പ് പ്രശംസിക്കുന്നു. എങ്കിലും  പ്രസിഡന്റിന്റെ  വ്യാപാര, കുടിയേറ്റ നയങ്ങളെ  കോക് സഹോദരന്മാര്‍ വിമര്‍ശിക്കുന്നുണ്ട്. 

കോക്കിന്റെ രാഷ്ട്രീയേതരമായ  വലിയ മാനവിക പ്രവര്‍ത്തനങ്ങള്‍ വ്യാപകമായ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ഒരിക്കല്‍ കോളേജിലെ ബാസ്‌കറ്റ്ബാള്‍ താരമായിരുന്ന കോക് അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ഒരു ഉന്നതനാണ്.6അടി  5 ഇഞ്ചാണ് ഉയരം. ന്യൂയോര്‍ക് നഗരത്തിലെ ഏറ്റവും ഉദാരമനസ്‌കനായ മനുഷ്യസ്‌നേഹിയായിരുന്നു അദ്ദേഹം.തന്റെ സ്വത്തില്‍ നിന്നും 130 കോടി  ഡോളറില്‍ കൂടുതല്‍ മാനവിക പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം സംഭാവന നല്‍കിയിട്ടുണ്ട്. ന്യൂയോര്‍ക്കിലെ ലിങ്കണ്‍ സെന്ററിലുള്ള സ്റ്റേറ്റ് തീയേറ്റര്‍, പ്രെസ്‌ബെറ്റീരിയന്‍ ഹോസ്പിറ്റല്‍, മെട്രോപൊളിറ്റന്‍ ആര്‍ട് മ്യൂസിയം എന്നിവക്ക് നല്‍കിയ സംഭാവനകളും ഇതിലുള്‍പ്പെടും.ഇവയെല്ലാം മന്‍ഹാട്ടനിലാണ് സ്ഥിതിചെയ്യുന്നത്.ഇതില്‍ സ്റ്റേറ്റ് തീയേറ്റര്‍ ഡേവിഡ് എച്ച് കോക് തീയേറ്റര്‍ എന്ന് പുനര്‍നാമകരണം നടത്തുകയും ചെയ്‌തു. 

1992 ല്‍ പ്രോസ്‌ട്രേറ്റ് കാന്‍സര്‍ പിടിപെട്ട കോക്കിന്റെ ആരോഗ്യ നില സമീപ വര്‍ഷങ്ങളില്‍ വളരെ വഷളായി.ബിസിനസ്,രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ടുള്ള കത്തില്‍ വഷളാകുന്ന ആരോഗ്യനിലയെക്കുറിച്ചദ്ദേഹം സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ ഏതാനുംദശകങ്ങളില്‍ കാന്‍സര്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി വലിയ സംഭാവനകള്‍ അദ്ദേഹം നല്‍കുകയുണ്ടായി.മന്‍ഹാട്ടനിലെ മെമ്മോറിയല്‍ സ്ലോന്‍ കെറ്ററിംഗ് കാന്‍സര്‍  സെന്ററിനും, മാതൃവിദ്യാലയമായ കേംബ്രിഡ്‌ജിലെ  മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ്  ടെക്‌നോളജിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റഗ്രേറ്റീവ് കാന്‍സര്‍ റിസര്‍ച് സ്ഥാപിക്കുന്നതിനും നല്‍കിയ സംഭാവനകളും അതിലുള്‍പ്പെടും. 

വാള്‍സ്ട്രീറ്റ് ജേണലിനു നല്‍കിയ ഒരു അഭിമുഖത്തില്‍ മാനവിക പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സംഭാവനകളുടെ കാര്യത്തില്‍ ഒരു  'ഷുഗര്‍ ഡാഡി' എന്നാണ് ഡേവിഡ് സ്വയം വിശേഷിപ്പിക്കുന്നത്. സംഭാവന നല്‍കേണ്ടത് തന്റെ 'ധാര്‍മ്മിക ഉത്തരവാദിത്വം' ആണെന്നും അദ്ദേഹം പറഞ്ഞു.ഒരു വലിയ വീട് വാങ്ങുന്നതിനോ അല്ലെങ്കില്‍ 1500 ലക്ഷം ഡോളര്‍ മുടക്കി ഒരു പെയിന്റിങ് വാങ്ങുന്നതിനെയുംകാള്‍ പ്രശസ്‌തമായ സ്ഥാപനങ്ങള്‍ക്ക് തന്റെ പണം നല്‍കുന്നതിനാണ് ഇഷ്‌ടപ്പെടുന്നതെന്നു കോക് പറഞ്ഞു. 'ലോകത്തെ  കൂടുതല്‍ മെച്ചപ്പെട്ട ഒന്നാക്കി  മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്  എന്റെ പണം ചെലവഴിക്കുന്നതിനാണ് ഞാന്‍ ആഗ്രഹിക്കുന്നത്' .

1991ല്‍  മരണത്തെ മുന്നില്‍ക്കണ്ട നിമിഷത്തില്‍ നിന്നുമാണ് തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതെന്ന് കോക് പറഞ്ഞു. ലോസ് ആഞ്ചലസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ടുവിമാനങ്ങള്‍ കൂട്ടിയിടിച്ച സംഭവമായിരുന്നു അത്. പുകപടലം നിറഞ്ഞ വിമാനത്തിനുള്ളില്‍നിന്നും കോക് എങ്ങനെയോ രക്ഷപ്പെട്ടു. 30ലധികംപേര്‍ ആ അപകടത്തില്‍ കൊല്ലപ്പെടുകയുണ്ടായി. 2014ല്‍ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ ആ അപകടത്തെക്കുറിച്ച് കോക് പറഞ്ഞതിങ്ങനെ: 'ദൈവം എന്റെ ചുമലുകളില്‍ ഉണ്ടായിരുന്നതായി എനിക്ക് തോന്നി.അദ്ദേഹമാണെന്റെ  ജീവന്‍ രക്ഷിച്ചത്.ഞാന്‍  നല്ല ജോലികള്‍ ചെയ്യണമെന്നും നല്ല പൗരനായി ജീവിക്കണമെന്നും അദ്ദേഹം  തീരുമാനിച്ചിരുന്നു'. 

1940  മെയ് 3 നു വിചിതയില്‍ ജനിച്ച കോക് സ്വന്തം പട്ടണത്തിലെ പബ്ലിക് സ്‌കൂളുകളില്‍ പഠിക്കുകയും മസാച്യുസെറ്റ്‌സിലെ പ്രശസ്‌തമായ ദീര്‍ഫില്‍ഡ് അക്കാദമിയില്‍ ചേരുകയും ചെയ്‌തു.എം ഐ ടിയില്‍നിന്നും കെമിക്കല്‍ എഞ്ചിനീയറിങ്ങില്‍ മാസ്റ്റര്‍ ബിരുദവും നേടി. കോക്കിന്റെ അനന്തരാവകാശികളായി ഭാര്യ ജൂലിയയും മൂന്നു മക്കളുമുണ്ട്. ചാള്‍സ് കോക്, ഇരട്ട സഹോദരനായ വില്യം കോക്, ഫ്രഡറിക് കോക് എന്നിവര്‍ സഹോദരന്മാരാണ്.  

Other News