അമേരിക്കയുടെ ഐലാന്‍ കുര്‍ദി; നൊമ്പരക്കാഴ്ചയായി തീരത്തടിഞ്ഞ അച്ഛനും മകളും


JUNE 27, 2019, 10:21 AM IST

ന്യൂയോര്‍ക്ക് :   കുടിയേറ്റ ശ്രമത്തിനിടയില്‍ മുങ്ങിമരിച്ച മൂന്നുവയസുകാരന്‍ ഐലാന്‍ കുര്‍ദിയെന്ന സിറിയന്‍ ബാലന്റെ ഓര്‍മകള്‍ വേട്ടയാടപ്പെടുന്ന ലോകത്തിനുമുന്നില്‍ മറ്റൊരു ദുരന്തക്കാഴ്ചയായി മാറുകയാണ് അമേരിക്ക-മെക്‌സിക്കോ അതിര്‍ത്തിയില്‍ വെള്ളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട ഒരു പിതാവിന്റെയും മകളുടെയും ചിത്രം.
ഒസ്‌കാര്‍ ആല്‍ബര്‍ട്ടോ മാര്‍ട്ടിനസ് രമീരസും മകള്‍ വലേരിയയുമാണ് അഭയാര്‍ഥി ജീവിതത്തിന്റെ നൊമ്പരമായി മാറിയത്. അമേരിക്ക-മെക്‌സിക്കോ അതിര്‍ത്തിയില്‍ റിയോ ഗ്രാന്‍ഡെ തീരത്താണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. മെക്‌സിക്കന്‍ ദിനപത്രമായ ലാ ജൊര്‍ണാഡയാണ് ഈ നൊമ്പരചിത്രം ചിത്രം പ്രസിദ്ധീകരിച്ചത്.

കമഴ്ന്നുകിടക്കുന്ന രീതിയിലായിരുന്നു മൃതദേഹങ്ങള്‍. അച്ഛന്റെ ടീ ഷര്‍ട്ടിനുള്ളിലായിരുന്നു കുട്ടി. മരണത്തിന്റെ ആഴങ്ങളിലേക്ക് ആണ്ട് പോകുമ്പോഴും ആ പിതാവിന്റെ കൈ പിഞ്ചോമനയെ ചേര്‍ത്തുപിടിച്ചിരുന്നു. കൈവിടാത്ത സ്‌നേഹത്തിന് പക്ഷേ മറുകര എത്താനായില്ല. ഇത് അമേരിക്കയുടെ ഐലാന്‍ കുര്‍ദി നിമിഷം എന്ന അടിക്കുറിപ്പോടെയാണ് ഷെയര്‍ ചെയ്യപ്പെട്ടത്.

അമേരിക്കയില്‍ അഭയം കിട്ടാനുള്ള ശ്രമങ്ങള്‍ ഫലം കാണാതെ വന്നതോടെയാണ് രമീരസ് മകളുമായി ഞായറാഴ്ച നീന്തിത്തുടങ്ങിയത്. തിങ്കളാഴ്ചയാണ് മൃതദേഹം കിട്ടിയത്.

'വീടുണ്ടാക്കണം, മെച്ചപ്പെട്ട ജീവിതം വേണം. അതിന് പണം വേണം. ഇതുവരെയെത്തി ഇനി തിരിച്ചുപോക്കില്ല എങ്ങനെയെങ്കിലും അക്കരെ എത്തണമെന്ന് പറഞ്ഞാണ് വെള്ളത്തിലേക്ക് ചാടിയത്.' പോകരുതെന്ന് കെഞ്ചി പറഞ്ഞതാണെന്ന് രമീരസിന്റെ മാതാവ് അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു.

തിരയില്‍ ഭര്‍ത്താവും മകളും മുങ്ങിത്താഴുന്നത് കണ്ടുനില്‍ക്കാനെ കഴിഞ്ഞുള്ളൂവെന്ന് രാമിരസിന്റെ ഭാര്യ ടാനിയ മെക്‌സിക്കന്‍ അധികൃതരോട് പറഞ്ഞു. ഏപ്രില്‍ മൂന്നിന് എല്‍ സാല്‍വദോറില്‍നിന്ന് പുറപ്പെട്ടതാണ് ഇവര്‍. ഇടയ്ക്ക് രണ്ട് മാസം തപച്ചുലയില്‍ അഭയം കണ്ടു.

കഴിഞ്ഞ വര്‍ഷം മാത്രം ഇങ്ങനെ 283 പേരാണ് മരിച്ചത്.

Other News