ആംസ്ട്രോംഗ് മരിച്ചത് ആശുപത്രിയുടെ അനാസ്ഥമൂല; നഷ്‌ടപരിഹാരം നൽകിയത് 60 ലക്ഷം ഡോളർ  


JULY 25, 2019, 11:22 PM IST

ഒഹായോ:ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ നീൽ ആംസ്ട്രോംഗിന്റെ മരണം ശസ്ത്രക്രിയയെ തുടർന്ന് ആശുപത്രിയുടെ അനാസ്ഥ മൂലമെന്ന് റിപ്പോർട്ട്.ആശുപത്രി 60 ലക്ഷം ഡോളർ ആംസ്‌ട്രോംഗിന്റെ ബന്ധുക്കൾക്ക് നഷ്‌ടപരിഹാരമായി നൽകിയെന്നും ഒഹായോ ഹാമിൽട്ടൻ കൗണ്ടി പ്രോബേറ്റ് കോടതിയിലെ  രേഖകൾ ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നുവെന്നും ന്യൂയോർക്ക് ടൈംസിലെ റിപ്പോർട്ടിൽ പറയുന്നു.ചന്ദ്രനിൽ മനുഷ്യൻ ആദ്യമായി കാലുകുത്തിയതിന്റെ സുവർണ്ണ ജൂബിലി വേളയിലാണ്,ഇതുവരെ മറഞ്ഞിരുന്ന സംഭവം വെളിച്ചത്താകുന്നത്.

2012 ഓഗസ്റ്റ് 25 നായിരുന്നു എൺപത്തി രണ്ടാം വയസിൽ നീൽ ആംസ്ട്രോംഗിന്റെ മരണം. വാസ്‌കുലർ  ബൈപാസ് സർജറിക്കുവേണ്ടിയാണ് സിൻസിനാറ്റി മേഴ്‌സി ഹെൽത്ത് ഫെയർഫീൽഡ് ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.ശസ്ത്രക്രിയ നടത്തി രണ്ടാഴ്‌ച കഴിഞ്ഞായിരുന്നു മരണം. 

മരണശേഷം രണ്ടു വർഷത്തിനകം ആംസ്‌ട്രോംഗിന്റെ ബന്ധുക്കൾ ആശുപത്രിയുമായി ഉണ്ടാക്കിയ കരാറനുസരിച്ചാണ് 60 ലക്ഷം ഡോളർ നഷ്‌ടപരിഹാരം നിശ്ചയിച്ചത്.ഇതെല്ലം സംബന്ധിച്ച രേഖകൾ മാത്രമല്ല,എന്തെങ്കിലും വിവരങ്ങൾ പോലും പരസ്യമാകുന്നത് ഇതാദ്യം.ആംസ്‌ട്രോംഗിന്റെ മക്കളായ മാർക്കും, റിക്കുമാണ് ആശുപത്രിക്കെതിരെ നഷ്‌ടപരിഹാരത്തിന് കേസ് നൽകിയത്.നഷ്‌ടപരിഹാരത്തുക മക്കൾക്കും പേരക്കുട്ടികൾക്കും മറ്റടുത്ത ബന്ധുക്കൾക്കുമിടയ്ക്ക് വിഭജിച്ചു നൽകുകയായിരുന്നു.

Other News