അക്രമത്തിന് പിന്നില്‍ ഡെമോക്രാറ്റിക്ക് ഗൂഢാലോചന


JANUARY 14, 2021, 9:36 PM IST

ജനുവരി ആറിന് ക്യാപിറ്റോള്‍ മന്ദിരത്തില്‍ നടന്ന അക്രമസംഭവങ്ങള്‍ക്ക് പിന്നില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ ഗൂഢാലോചനയുണ്ടെന്ന് താന്‍ സംശയിക്കുന്നുവെന്ന് ക്യാപിറ്റോള്‍ മന്ദിരത്തിന് മുന്നിലെ റാലിയില്‍ ഇന്ത്യന്‍ പതാകയുമേന്തി പങ്കെടുത്ത് അമേരിക്കന്‍ ഇന്ത്യക്കാരുടെയും ഇന്ത്യന്‍ ജനതയുടെയും ശ്രദ്ധ പിടിച്ചുപറ്റിയ വിന്‍സന്‍ പാലത്തിങ്കല്‍ പറയുന്നു.'അക്രമസംഭവങ്ങള്‍ അരങ്ങേറിയതോടെ ട്രംപിന്റെ ലക്ഷ്യങ്ങളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ലക്ഷ്യങ്ങളും പരാജയപ്പെട്ടുവെന്നതാണ് സത്യം. എനിക്ക് ഇത്ര ഡിപ്രഷന്‍ തോന്നിയ ദിവസമുണ്ടായിട്ടില്ല. നമ്മള്‍ പ്രതീക്ഷിച്ചതൊന്നും നടന്നില്ല. അക്രമം തന്നെയാണ് അതിന് കാരണം. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് ഈ അക്രമം റിപ്പബ്ലിക്കന്‍സ് ഉണ്ടാക്കിയതല്ലെന്ന്. അക്രമം ഉണ്ടായാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് എല്ലാവര്‍ക്കുമറിയാം. അവിടെ വന്നവരെയൊക്കെ 'ഇന്‍സറക്ഷനിസ്റ്റ്' എന്ന് വിളിക്കുന്നത് അനീതിയാണ്. ആരാണ് ഈ അക്രമത്തിന് പിന്നില്‍ എന്ന് അന്വേഷിച്ച് കണ്ടുപിടിക്കണം. പക്ഷെ, ട്രംപിനോടുള്ള വിരോധം മൂലം ഫലപ്രദമായ അന്വേഷണം പോലും നടക്കില്ല,' 'സംഗമ'ത്തിന് നല്‍കിയ അഭിമുഖത്തില്‍ വിന്‍സന്‍ പറയുന്നു.

അഭിമുഖത്തില്‍ നിന്ന് ചില ഭാഗങ്ങള്‍...സംഗമം: ജനുവരി 6ന്റെ സംഭവവികാസങ്ങള്‍ ലോകത്തിന് മുന്നില്‍ അമേരിക്കയ്ക്ക് വലിയ നാക്കേടാണുണ്ടാക്കിയത്. ക്യാപിറ്റോളില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടാകുമെന്ന സൂചനയുണ്ടായിരുന്നോ?വിന്‍സന്‍ പാലത്തിങ്കല്‍: ശരിയാണത്, ക്യാപിറ്റോളില്‍ നടന്ന അക്രമസംഭവങ്ങള്‍ അമേരിക്കക്ക് നാക്കേടുണ്ടാക്കി. സ്വപ്‌നത്തില്‍ പോലും ചിന്തിക്കാനാവാത്ത കാര്യങ്ങളാണ് അവിടെ നടന്നത്. ഏകദേശം ഒരു മില്യണ്‍ ആളുകള്‍ പങ്കെടുത്ത റാലിയായിരുന്നു അത്. ഒന്നാമത്, ഇത്രയും പേര്‍ ക്യാപിറ്റോളിന് മുന്നില്‍ തടിച്ചുകൂടുന്നത് തടയാന്‍ ഡിസി അഡ്മിനിസ്‌ട്രേഷന്‍ എല്ലാ നടപടികളുമെടുത്തിരുന്നു. മീഡിയ അക്രമമുണ്ടാകാനുള്ള സാധ്യത ചൂണ്ടിക്കാട്ടി ജനങ്ങളെ പിന്തിരിപ്പിച്ചിരുന്നു. ടെക്ക് കമ്പനികളും ആശയവിനിമയത്തിനുള്ള വഴികള്‍ തടഞ്ഞിരുന്നു. ഇതെല്ലാമുണ്ടായിട്ടും ഒരു മില്യനോളം ആളുകളാണ് അവിടെയെത്തിയത്.ഞാന്‍ ക്യാപിറ്റോള്‍ ഹില്ലില്‍ പല പ്രതിഷേധങ്ങളിലും പങ്കെടുത്തിട്ടുണ്ട്. അവിടെ ഏതുതരം തീവ്രവാദി ആക്രമണവും നേരിടാന്‍ കഴിവുള്ള പൊലീസ് ഫോഴ്‌സ് ആണുള്ളത്. മെയ്ന്‍ ഗേറ്റുകള്‍ അടച്ചുകഴിഞ്ഞാല്‍ ക്യാപിറ്റോളിലേക്ക് ആര്‍ക്കും കേറാന്‍ പറ്റില്ല. ക്യാപിറ്റോളിലേക്ക് കേറാമെന്ന തോന്നലിലല്ല ഞാനൊന്നും അങ്ങോട്ട് പോകുന്നത്. അപ്പുറത്ത് വൈറ്റ്ഹൗസില്‍ റോസ് ഗാര്‍ഡനില്‍ നിന്ന് പ്രസിഡന്റ് പ്രസംഗിക്കുന്നു, മോണുമെന്റ് വരെയുള്ള പ്രദേശം വരെ വലിയ ആളാണ്. രാവിലെ 9 മണിക്ക് തുടങ്ങിയതാണ് പ്രതിഷേധം. തെരഞ്ഞെടുപ്പ് ചോദ്യം ചെയ്യുന്ന കോണ്‍ഗ്രസ് അംഗങ്ങള്‍ക്കും സെനറ്റ് അംഗങ്ങള്‍ക്കും ധാര്‍മിക പിന്തുണ നല്‍കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. തെരഞ്ഞെടുപ്പില്‍ തോറ്റു എന്ന് പറയുന്ന പ്രസിഡന്റിന് വേണ്ടി അമേരിക്കയുടെ പല ഭാഗത്ത് നിന്നായി (പേജ് 1 തുടര്‍ച്ച)ഒരു മില്യണ്‍ ആളുകള്‍ വരുക! അതൊരിക്കലും നടക്കുന്ന കാര്യമല്ല. ഞങ്ങളുടെ ഇടയില്‍ എല്ലാ വംശീയതകളിലും പെട്ടവരുമുണ്ടായിരുന്നു. എന്റെ തന്നെ ഏരിയായില്‍ നിന്ന് വിയറ്റ്‌നാമീസും, കൊറിയന്‍സും ജാപ്പനീസുമുണ്ടായിരുന്നു. ആറു സ്റ്റേറ്റുകളിലെ ഫലങ്ങള്‍ ചോദ്യം ചെയ്യാന്‍ പിന്തുണ നല്‍കുക എന്നതായിരുന്നു ഞങ്ങയുടെ ലക്ഷ്യം. ക്യാപിറ്റോളിന് ഏകദേശം അരമൈല്‍ അകലെ ഏകദേശം 1112 മണിക്ക് ഞാന്‍ ഫ്‌ളാഗും പിടിച്ച് നില്‍ക്കുകയും നടക്കുകയും ചെയ്യുന്നതിന്റെ ചിത്രമാണ് മാധ്യമങ്ങളില്‍ മുഴുവന്‍ വന്നത്. സത്യത്തില്‍ അക്രമമുണ്ടാകുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പെടുത്തതാണ് ആ ചിത്രം. പക്ഷെ പ്രചാരണമാകട്ടെ ഏതാണ്ട് ബാബ്‌റി മസ്ജിദ് പൊളിച്ചപ്പോള്‍ അവിടെ പതാക സ്ഥാപിച്ചു എന്നതുമായി താരതമ്യപ്പെടുത്തിക്കൊണ്ടായിരുന്നു.ക്യാപിറ്റോളില്‍ നടന്ന അക്രമത്തെപ്പറ്റി എന്താണ് പറയാനുള്ളത്?സ്വപ്‌നത്തില്‍ പോലും ചിന്തിക്കാനാവാത്ത കാര്യമാണ് നടന്നത്. ക്യാപിറ്റോള്‍ പൊലീസ് ക്യാപിറ്റോള്‍ സംരക്ഷിക്കാന്‍ വേണ്ടി മാത്രമുള്ള 2000 പേരുള്ള ഫോഴ്‌സ് ആണ്. സാധാരണ ദിവസം അവിടെ പോയാല്‍ പോലും അവരുടെ സാന്നിധ്യം നമുക്കറിയാനാവും. എല്ലായിടത്തും ആയുധധാരികളായ അവര്‍ നില്‍പ്പുണ്ടാവും. അവിടെ എല്ലാ വാതിലിനടുത്തതും അവരുണ്ട്. ഏത് തീവ്രവാദി ആക്രമണവും കൈകാര്യം ചെയ്യാന്‍ പരിശീലനം കിട്ടിയവരാണവര്‍. നമ്മുടെ ഓരോ ചലനവും ശ്രദ്ധിച്ചാണ് അവര്‍ നില്‍ക്കുന്നത്. എങ്ങോട്ടെങ്കിലും അല്പമൊന്ന് മാറിയാല്‍ എന്താ ചെയ്യുന്നത്, എങ്ങോട്ട് പോകുന്നു എന്ന ചോദ്യം വരും. അവിടെ ഇങ്ങിനെ ഒരു സംഭാവമുണ്ടാവുമെന്ന് നാം ഒരിക്കലും പ്രതീക്ഷിക്കുന്നില്ല. ഇതിന്റെ പുറകില്‍ എന്തോ കാര്യമായ ഒരു സുരക്ഷാ ലംഘനം ഉണ്ടായിട്ടുണ്ട്. ഒരു ഗൂഡാലോചന നടന്നിട്ടുണ്ട്.അങ്ങിനെ ഒരു ഗൂഡാലോചന പ്രസിഡന്റിന്റെ ഭാഗത്ത് നിന്നല്ല ഉണ്ടായതെന്ന് വ്യക്തമാണ്, കാരണം, ഇതില്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായിട്ടുള്ളത് ഞങ്ങള്‍ക്കാണ്. അത് കാട്ടുന്നത് ഇത് തീര്‍ച്ചയായും ഒരു ഡെമോക്രാറ്റിക്ക് പാര്‍ട്ടി ഗൂഢാലോചനയാണെന്നാണ് ഞങ്ങള്‍ കരുതുന്നത്. ഏകദേശം 3.30 ഒക്കെയായപ്പോള്‍ എനിക്ക് ടെന്‍ഷനായി. എന്താണ് നടക്കുന്നതെന്നറിയാന്‍ ഒരു മാര്‍ഗ്ഗവുമില്ലായിരുന്നു. ഭാര്യയെ വിളിക്കാന്‍ ഫോണ്‍ കിട്ടുന്നില്ല. പിന്നെ ടെക്സ്റ്റ് ചെയ്തപ്പോള്‍ ടിവി വച്ച് നോക്കിയിട്ട് ഭാര്യ തിരിച്ച് ടെക്സ്റ്റ് ചെയ്തു. അപ്പോഴാണ് അറിയുന്നത് ആളുകള്‍ ഇങ്ങിനെ അതിക്രമിച്ച് അകത്ത് കയറിയിട്ടുണ്ടെന്നും സ്പീക്കറുടെ കസേരയില്‍ അതിക്രമിച്ച് കടന്നിരുന്നെന്നും ഒരു സ്ത്രീക്ക് വെടിക്കൊണ്ടിട്ടുണ്ടെന്നുമെല്ലാം. തെരഞ്ഞെടുപ്പ് ഫലങ്ങളെ കുറിച്ച് ചര്‍ച്ച നടക്കില്ലെന്നും സെനറ്റ് പിരിഞ്ഞെന്നും അറിവായപ്പോള്‍ ഞങ്ങള്‍ അവിടെ നിന്ന് സ്ഥലം വിട്ടു.ഒപ്പമുണ്ടായിരുന്ന ഇന്ത്യക്കാര്‍ ആരെല്ലാമായിരുന്നു?മലയാളികളടക്കം ഞങ്ങള്‍ പത്ത് പേരോളമുണ്ടായിരുന്നു. ചിലരങ്ങോട്ടുമിങ്ങോട്ടുമൊക്കെ പോയി. പക്ഷെ, ഞങ്ങള്‍ ഏതാണ്ട് ആറുപേരെങ്കിലും ഒരുമിച്ചാണ് നിന്നത്. മീഡിയയില്‍ എനിക്കൊപ്പം ചൂണ്ടിക്കാണിക്കപ്പെട്ട കൃഷ്ണ എന്റെ സൃഹുത്താണ്. അവന്‍ ആര്‍എസ്എസുകാരാനായിരിക്കാം. ഞാനതൊന്നുമല്ല. പക്ഷെ, ഫ്‌ളാഗ് കൊണ്ടുപോയതിന്റെ പൂര്‍ണ ഉത്തരവാദിത്തം എനിക്കാണ്. ഞാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വിര്‍ജീനിയ സ്റ്റേറ്റ് കമ്മിറ്റി മെമ്പര്‍ ആണ്. കൃഷ്ണ മെരിലാന്‍ഡിലാണ്. അവന്‍ പാര്‍ട്ടി അംഗമൊന്നുമല്ല, ട്രംപ് അനുകൂലിയാണ്.ഇനിയും അക്രമമുണ്ടാകുമെന്ന വാര്‍ത്തകളുണ്ട്. അങ്ങനെ സംഭവിക്കുമോ?എനിക്ക് തോന്നുന്നില്ല പ്രസിഡന്റ് ട്രംപ് വിളിച്ചാല്‍ ഇനി അങ്ങനെ ആളുകള്‍ പോകുമെന്ന്. അങ്ങനെയുണ്ടായാല്‍ ട്രംപിന്റെ വലിയ അനുകൂലികള്‍ മാത്രമാവും പോവുക.പക്ഷെ, എനിക്കൊരു കാര്യം ഉറപ്പുണ്ട്. അവിടെ വന്നതില്‍ 95% പേരും സമാധാനപരമായി പ്രതിഷേധിക്കാന്‍ വന്നവരാണ്. ബില്‍ഡിങ്ങിനുള്ളില്‍ തള്ളിക്കയറാന്‍ ശ്രമിച്ചത് ഒരു 100200 പേര്‍ മാത്രമാണ്. എന്റെ ചുറ്റും നിന്നിരുന്ന അക്രമം കണ്ടു കരയുകയായിരുന്നു. അവരില്‍ ചിലര്‍ മുട്ടുകുത്തി നിന്ന് പ്രാര്‍ത്ഥിക്കുന്നത് എനിക്ക് കാണാമായിരുന്നുദൈവമേ, എന്റെ രാജ്യത്തിന് എന്താ സംഭവിക്കുന്നതെന്നൊക്കെ പറഞ്ഞ്. അത്ര നിഷ്‌ക്കളങ്കരായ ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍സ് അവര്‍. അവരെന്നോടും അവരുടെ കൂടെ കൂടാന്‍ പറഞ്ഞു. അവരെയൊക്കെ വൈറ്റ് സൂപ്രമസി്ര്രസ്സ് എന്നൊക്കെ വിളിക്കുന്നത് കഷ്ടമാണ്.തെരഞ്ഞെടുപ്പില്‍ യഥാര്‍ത്ഥത്തില്‍ ക്രമക്കേട് നടന്നോ, എങ്കില്‍ എങ്ങിനെ? എത്ര വ്യാപകമായി?ഇവിടെ ഒരു ഫെഡറല്‍ ഇലക്ഷന്‍ കമ്മീഷന്‍ ഉണ്ടെങ്കിലും അവരുടെ ഒരേയൊരു ഉത്തരവാദിത്തം ആരും സംഭാവന നല്‍കുന്നതില്‍ ക്രമക്കേട് കാട്ടുന്നില്ല എന്നുറപ്പ് വരുത്തല്‍ മാത്രമാണ്. സംസ്ഥാനങ്ങളും, അവയില്‍ തന്നെ കൗണ്ടികളുമാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. അത് ഒരു വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന പ്രക്രിയയാണ്. അതിന് അടിസ്ഥാനം ഒരു ഹോണര്‍ കോഡ് ആണ്. അത് തെറ്റിയാല്‍ എല്ലാം പോയി. കോവിഡ് വന്നപ്പോള്‍ അബ്‌സെന്റീ വോട്ടുകള്‍ സംബന്ധിച്ചുള്ള നിയമങ്ങള്‍ ഏറെ ലളിതമാക്കി. സാധാരണ 1012% വരുന്ന അബ്‌സെന്റീ ബാലറ്റുകളുടെ എണ്ണം ഇത്തവണ 5060% വന്നു. സാധാരണ അബ്‌സെന്റീ ബാലറ്റുകള്‍ രേഖകള്‍ പരിശോധിച്ച് 30% വരെ തള്ളിക്കളയുമായിരുന്നു. പക്ഷെ ഇത്തവണ ഒരെണ്ണം പോലും തള്ളിപ്പോയില്ലെന്ന് തന്നെ പറയാം. അതായത് എല്ലാ അബ്‌സെന്റീ വോട്ടുകളും എണ്ണപ്പെട്ടു.വിര്‍ജീനിയയിലെ മെട്രോപൊളിറ്റന്‍ ഏരിയയിലെല്ലാം 50 ശതമാനത്തില്‍ കൂടുതലായിരുന്നു അബ്‌സെന്റീ ബാലറ്റ്. അത് അഴിമതിക്ക് വഴിയൊരുക്കാവുന്ന കാര്യമാണ്. ഡിട്രോ്ര്രയിലും, ഫിലഡല്‍ഫിയയിലും ഷിക്കാഗോയിലുമുള്ള എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണിത്. ഇത്തവണ അത് കൂടുതല്‍ വ്യാപകമായി. ഏതാണ്ട് 910 സ്റ്റേറ്റുകളിലേക്ക് വ്യാപിച്ചു. അപ്പോള്‍ ചോദിക്കാം റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ഭരിക്കുന്ന സ്റ്റേറ്റുകളില്‍ അതെങ്ങിനെ നടക്കുമെന്ന്. റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ഉണ്ടായിട്ട് കാര്യമില്ല. കാരണം, തെരഞ്ഞെടുപ്പ് നടക്കുന്നത് കൗണ്ടികളിലാണ്. ഇവിടെ തീയതികള്‍ അടിസ്ഥാനപ്പെടുത്തിയാണ് തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നത്. അങ്ങിനെയാണ് ജോര്‍ജ് ഡബ്ലിയു ബുഷ് ജയിച്ചത്. വോട്ടുകള്‍ മുഴുവന്‍ എണ്ണാന്‍ സമയമില്ലായിരുന്നു. എണ്ണിയിരുന്നെങ്കില്‍ അല്‍ ഗോര്‍ ജയിച്ചേനെ. എന്നുവച്ചാല്‍ ക്രമക്കേട് കണ്ടുപിടിക്കാനൊന്നും സമയം കിട്ടില്ല.റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ ഈ അക്രമവും മറ്റും എങ്ങനെയാണ് ബാധിക്കുക?റിപ്പബ്ലിക്കന്‍ പാര്‍ട്ടി നെടുകെ പിളര്‍ന്ന അവസ്ഥയിലാണ്. ജനങ്ങള്‍ ട്രംപിന്റെ കൂടെയും നേതാക്കള്‍ വേറൊരു വഴിക്കും എന്നതാണവസ്ഥ. ഞാന്‍ ഒരു എഞ്ചിനീയറാണ്. തൃശൂര്‍ എഞ്ചിനീയറിംഗ് കോളജില്‍ പഠിച്ചതാണ്. മാസ്റ്റേഴ്‌സ് ചെയ്യാന്‍ വന്നു. കുറച്ച് കാലം ജോലി ചെയ്തു. ഇപ്പോള്‍ ഞാനും ഭാര്യയും ചേര്‍ന്ന് ഒരു ചെറിയ കമ്പനി നടത്തുന്നു. പണ്ടേ രാഷ്ട്രീയമുള്ള ആളാണ്. എന്റെ പേഴ്‌സണാലിറ്റി അതാണ്. ഇപ്പോള്‍ എനിക്ക് 54 വയസായി. നേരത്തെ കല്യാണം കഴിച്ചതുകൊണ്ട് കുട്ടികള്‍ സ്വന്തം കാലില്‍ നില്‍ക്കാനായി. ഇനി എന്റെ സ്വപ്‌നം പിന്തുടരുകയാണ് വേണ്ടതെന്ന് ഞാന്‍ കരുതുന്നു. കോണ്‍ഗ്രസ്മാനോ അല്ലെങ്കില്‍ സെനറ്ററോ ഒന്നും ആകാനല്ല.ഇവിടുത്തെ ജനാധിപത്യ പ്രക്രിയയില്‍ നമ്മള്‍ ഇമ്മിഗ്രന്റ്‌സ് കൂടുതല്‍ ഇടപെടേണ്ടതുണ്ട്. നമ്മള്‍ മാറി നില്‍ക്കുമ്പോള്‍ നിലവാരമില്ലാത്ത മനുഷ്യര്‍ നേതൃത്വത്തിലേക്ക് കേറി വരും. എന്റെയൊക്കെ ഏരിയയില്‍ 20% ഏഷ്യന്‍ അമേരിക്കന്‍സും, 16% ഹിസ്പാനിക്‌സും 12% ബ്ലാക്ക്‌സും ആണ്. വൈറ്റ്‌സിനേക്കാള്‍ കൂടുതല്‍ മൈനോറിറ്റീസും ഇമ്മിഗ്രന്റ്‌സുമാണ്. നമുക്ക് മേന്മയൊക്കെയുണ്ട്, പക്ഷെ നാം ഭയന്ന് പിന്‍വാങ്ങി നില്‍ക്കുകയാണ്. അതുകൊണ്ടാണ് ഞാനൊക്കെ പറയുന്നത് നമ്മള്‍ ഈ ഫൊക്കാനയും ഫോമയുമൊക്കെ കളിച്ച് നടക്കാതെ നമ്മള്‍ ഈ വെല്ലുവിളി ഏറ്റെടുക്കണമെന്ന്. അങ്ങിനെ ചെയ്യാന്‍ തയ്യാറുള്ളവര്‍ക്ക് ഒരു റോള്‍ മോഡല്‍ ആകുക എന്നതാണ് എന്റെ ലക്ഷ്യം.മലയാളികള്‍ ഇവിടെ ഫോമാ, ഫൊക്കാനയൊക്കെ കളിച്ച് അതിന്റെ പേരില്‍ പരസ്പരം തര്‍ക്കിച്ച് സ്വന്തം കഴിവ് കളയുകയാണ്. നമുക്ക് ഒരുപാട് ഊര്‍ജമുണ്ട്. ഞങ്ങളുടെ കേരളാ അസോസിയേഷനെന്നൊക്കെ പറഞ്ഞാല്‍ വളരെ നന്നായി നടക്കുന്ന സംഘടനയാണ്. അതുകൊണ്ടാണ് ഞാന്‍ ചോദിക്കുന്നത്: എന്തുകൊണ്ട് നമുക്ക് വലിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് കൂടാ?ചീട്ടുകളിയുടെ ഭാഷയില്‍ ചോദിച്ചാല്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അദ്ദേഹത്തിന്റെ കാര്‍ഡ് ഓവര്‍പ്ലേ ചെയ്യുകയായിരുന്നില്ലേ?ട്രംപ് ബിസിനസില്‍ നിന്ന് വന്നയാളാണ്. പുള്ളിയെ നന്നായി പഠിച്ചിട്ടാണ് ഞാന്‍ പിന്തുണയ്ക്കാന്‍ തുടങ്ങിയത്. പുള്ളി പതിനെട്ടാം വയസ്സിലോ മറ്റോ അപ്പന്റെ ബിസിനസില്‍ ചേര്‍ന്ന ആളാണ്. ഇപ്പോള്‍ പുള്ളിക്ക് ഏതാണ്ട് 450 കമ്പനികളുണ്ട്. ഓരോ റിയല്‍ എസ്റ്റേറ്റ് പ്രോജക്ടും ഒരു കമ്പനിയാണ്. അതില്‍ നാലെണ്ണം മാത്രമാണ് ബാങ്കറ്ര്രപസിക്ക് ഫയല്‍ ചെയ്തത്. പക്ഷെ പുള്ളി അതൊന്നും വിശദീകരിക്കാന്‍ തയ്യാറുള്ള ആളല്ല. പുള്ളി ഒരു മാവെറിക്ക് ആണ്., ഒരു സ്ട്രാറ്റജി ഇല്ല. ഒരു പ്രസിഡന്റിനെ പിന്തുണയ്ക്കുന്ന വിശ്വസ്തരുടെ ഒരു കൂട്ടം വേണം. പുള്ളിക്ക് അതില്ലാതായി. ഒപ്പം നില്‍ക്കുന്നവരെപ്പോലും ഇഷ്ടപ്പെടാത്തതെ എന്തെങ്കിലും ചെയ്താല്‍ പരസ്യമായി കുറ്റപ്പെടുത്തും. അത് ശരിയല്ല. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ഭരണഘടനാ വിരുദ്ധമായി ഒന്നും ചെയ്യില്ല. അങ്ങനെയൊരാളെ ട്രംപ് വിമര്‍ശിക്കുമ്പോള്‍ അത് പലരെയും വിഷമിപ്പിക്കും. ഇവിടെ ഒരു രഹസ്യക്കച്ചവടവും നടപ്പില്ല. എല്ലാം സുതാര്യമാണ്. ട്രംപിന് സ്ട്രാറ്റജിക്ക് അലയന്‍സ് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. അത് ബന്ധങ്ങള്‍ വഷളാക്കി. അതാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണം.തെരഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങള്‍ സെനറ്റില്‍ വിലപ്പോയില്ല...ഞാന്‍ പ്രതീക്ഷിച്ചിരുന്നത് 6 സ്റ്റേറ്റുകളില്‍ ബലമുള്ള ഒബ്ജക്ഷനുണ്ട്. ഓരോ സ്റ്റേറ്റിനും ഒബ്‌ജെക്ഷന്‍ ഉണ്ടായാല്‍ 2 മണിക്കൂര്‍ ചര്‍ച്ച നടക്കും. ഓരോ അംഗത്തിനും 2 മിനുട്ട് വീതമാണ് ലഭിക്കുക. ഓരോരുത്തരും ഓരോ വിഷയം കേന്ദ്രീകരിച്ച് പ്രസംഗിച്ചാല്‍ ഈ പ്രശ്‌നങ്ങളെല്ലാം ലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനാവുമായിരുന്നു. പക്ഷെ, അവിടെ ഒരു ചര്‍ച്ചയും നടന്നില്ല. അണികള്‍ അസ്വസ്ഥരാണ്. അവര്‍ ട്രംപിന്റെ കടുത്ത പിന്തുണക്കാരാണ്. സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ ഇത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അന്ത്യമായിരിക്കും. അവര്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യുമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. വിര്‍ജീനിയയില്‍ എന്നെ കൊണ്ടാകാവുന്നത് ഞാന്‍ ചെയ്യുന്നുണ്ട്. ചെയര്‍മാനോടൊക്കെ തുടര്‍ച്ചയായി ബന്ധപ്പെടുന്നുണ്ട്. നമ്മള്‍ മിതവാദികളുടെ ഒപ്പം പോകരുത്, ജനങ്ങള്‍ എന്താണോ ചിന്തിക്കുന്നത് അതിനൊപ്പം നില്‍ക്കണമെന്നാണ് ഞാന്‍ പറയുന്നത്. അവര്‍ വലിയ ബുദ്ധിശാലികളല്ലായിരിക്കാം. പക്ഷെ അവരുടെ നിലപാടുകളില്‍ ശരികളുണ്ട്. അവര്‍ നല്ല മനുഷ്യരാണ്.  

Other News