മിലിട്ടറിയെ ഉപയോഗിച്ച ബൈഡന്റെ അധികാരത്തെ ചോദ്യം ചെയ്ത് ഡമോക്രാറ്റിക്ക് സെനറ്റര്‍മാര്‍


FEBRUARY 27, 2021, 9:16 PM IST

വാഷിംഗ്ടണ്‍: സ്വയരക്ഷയ്‌ക്കോ അത്യാവശ്യ സന്ദര്‍ഭങ്ങളിലോ അല്ലാതെ മിലിട്ടറിയെ ഉപയോഗിക്കുന്നതിനുള്ള പ്രസിഡന്റ് ബൈഡന്‍ അധികാരം ഉപയോഗിച്ചതിനെ ചോദ്യം ചെയ്ത് ഡമോക്രാറ്റിക് സെനറ്റര്‍മാര്‍ രംഗത്ത്. ഫെബ്രുവരി 25ന് കിഴക്കന്‍ സിറിയയില്‍ ഇറാന്‍ പിന്തുണയുള്ളവര്‍ക്കെതിരെ നടത്തിയ അമേരിക്കന്‍ വ്യോമാക്രമണം പ്രസിഡന്റിന് പ്രത്യേക അധികാരം ഉപയോഗിക്കാനാവുന്ന സന്ദര്‍ഭത്തിലോ സാഹചര്യത്തിലോ അല്ലെന്നാണ് വെര്‍ജീനിയയില്‍ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്റര്‍ ടിം കെയല്‍ അഭിപ്രായപ്പെട്ടത്. ഇതിനെ പിന്തുണച്ച് കാലിഫോര്‍ണിയയില്‍ നിന്നുള്ള ഡമോക്രാറ്റിക് ഹൗസ് അംഗം റോ ഖന്നയും പ്രസ്താവനയിറക്കിയിരുന്നു. 

ആദ്യമായി പ്രസിഡന്റ് ബൈഡന്‍ അമേരിക്കന്‍ മിലിട്ടറിയെ ഉപയോഗിച്ചതിനുള്ള ന്യായീകരണവും ഇവര്‍ ആവശ്യപ്പെട്ടു.

ഒഫന്‍സീവ് മിലിട്ടറി ആക്ഷന്‍ ആവശ്യമെങ്കില്‍ കോണ്‍ഗ്രസിനെ ബോധ്യപ്പെടുത്തിയിട്ടു മാത്രമേ നടപ്പാക്കാനാകൂ എന്നാണ് ഭരണഘടന വിവക്ഷിക്കുന്നത്. അതിന് സാധ്യമല്ലെങ്കില്‍ സൈനിക നടപടികള്‍ പൂര്‍ത്തിയായ ഉടനെ കോണ്‍ഗ്രസിനെ അറിയിക്കേണ്ടതാണെന്നും സെനറ്റര്‍മാര്‍ പറഞ്ഞു. 

അതേസമയം സെനറ്റര്‍ ബെര്‍ണി സാന്റേഴ്‌സ് പ്രസിഡന്റ് ബൈഡന്റെ സൈന്യത്തെ ഉപയോഗിക്കുന്നതിനുള്ള അധികാരത്തെ ചോദ്യം ചെയ്തു. അമേരിക്കന്‍ പൗരന്മാരെ സംരക്ഷിക്കാന്‍ ആവശ്യമായ സൈന്യത്തെ ഉപയോഗിക്കണമെങ്കില്‍ പോലും അതിനുള്ള അധികാരം പ്രസിഡന്റിനില്ല, കോണ്‍ഗ്രസിനാണെന്നാണ് ഭരണഘടന അനുശാസിക്കുന്നതെന്നും ബെര്‍ണി ചൂണ്ടിക്കാട്ടി.

Other News