കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടാമെന്ന് ആവര്‍ത്തിച്ച് ട്രംപ്


JANUARY 22, 2020, 9:58 AM IST

ദാവോസ്: കശ്മീര്‍ വിഷയത്തില്‍ ഇടപെടാമെന്നു പാകിസ്താനോടു ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടക്കുന്ന ലോക ഇക്കണോമിക് ഫോറത്തിനിടെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി നടത്തിയ കൂടിക്കാഴ്ചയെത്തുടര്‍ന്നാണ് ട്രംപിന്റെ വാഗ്ദാനം. കശ്മീര്‍ പ്രശ്‌നത്തില്‍ അമേരിക്കന്‍ ഇടപെടല്‍ ഇന്ത്യ ആവര്‍ത്തിച്ചു നിരാകരിക്കുന്നതിനിടെയാണ് ട്രംപിന്റെ പ്രതികരണം. ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞതിനുശേഷം നാലാം തവണയാണ് ട്രംപ് ഇത്തരത്തില്‍ പ്രതികരിക്കുന്നത്. ആദ്യ സന്ദര്‍ശനത്തിനായി അടുത്തയാഴ്ച ഇന്ത്യയില്‍ എത്താനിരിക്കെയാണ് ട്രംപിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. 

കൂടിക്കാഴ്ചക്കുശേഷം ട്രംപും ഇമ്രാന്‍ഖാനും ഒരുമിച്ചാണ് മാധ്യമങ്ങളെ അഭിസംബോധന ചെയ്തത്. കശ്മീര്‍ പ്രശ്‌നവും പാകിസ്താനിലും ഇന്ത്യയിലും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളും ചര്‍ച്ച ചെയ്തതായി ട്രംപ് വ്യക്തമാക്കി. ഞങ്ങള്‍ക്ക് സഹായിക്കാനാകുമെങ്കില്‍ തീര്‍ച്ചയായും സഹായിക്കും. വളരെ വളരെ ശ്രദ്ധയോടെ കശ്മീരിലെ സ്ഥിതിഗതികള്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. അഫ്ഗാനിസ്താന്‍ പോലെ, ചര്‍ച്ച ചെയ്യപ്പെടേണ്ട നിരവധി പ്രശ്‌നങ്ങളുണ്ടെന്ന് ഇമ്രാന്‍ഖാന്‍ പറഞ്ഞു. സമാന സാഹചര്യമാണ് ഇന്ത്യയിലും. അതൊരു വലിയ പ്രശ്‌നം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലേക്കു പുറപ്പെടുമ്പോള്‍ പാകിസ്താനും സന്ദര്‍ശിക്കുമോയെന്ന മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തിന്, ഞങ്ങള്‍ തമ്മില്‍ ഇപ്പോള്‍ സന്ദര്‍ശിച്ചതായും ഇനി അതിന്റെ ആവശ്യമില്ലെന്നുമായിരുന്നു ട്രംപിന്റെ മറുപടി.

സെപ്റ്റംബറില്‍, യു.എന്‍ പൊതുസഭക്കായി അമേരിക്കയില്‍ ലോകനേതാക്കള്‍ എത്തിയപ്പോഴാണ് ട്രംപ് അവസാനമായി കശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചത്. രണ്ടു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരായ നരേന്ദ്ര മോദിയും ഇമ്രാന്‍ഖാനും താല്‍പര്യം അറിയിക്കുന്നപക്ഷം വിഷയത്തില്‍ ഇടപെടാമെന്നായിരുന്നു ട്രംപിന്റെ നിലപാട്. എന്നാല്‍ കശ്മീര്‍ ഇന്ത്യ-പാക് ഉഭയകക്ഷി പ്രശ്‌നമാണെന്ന നിലപാട് ഇന്ത്യ ആവര്‍ത്തിച്ചു. ഭൂരിഭാഗം അംഗങ്ങളും ഇതേ നിലപാട് സ്വീകരിച്ചതോടെയാണ് അമേരിക്കന്‍ ശ്രമങ്ങള്‍ ലക്ഷ്യം കാണാതിരുന്നത്. ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ കശ്മീര്‍ പ്രശ്‌നം വീണ്ടും ചര്‍ച്ചയായേക്കുമെന്നാണ് സൂചന.

Other News