കശ്മീര്‍ പ്രശ്‌നത്തില്‍ വീണ്ടും മധ്യസ്ഥത വാഗ്ദാനവുമായി ട്രമ്പ്


AUGUST 2, 2019, 1:32 PM IST

വാഷിങ്ടണ്‍: കശ്മീര്‍ വിഷയത്തില്‍  ഇന്ത്യയെ പ്രകോപിപ്പിച്ച് വീണ്ടും പ്രസിഡന്റ് ട്രമ്പ്. ഇന്ത്യയ്ക്കും പാക്കിസ്ഥാനും സമ്മതമാണെങ്കില്‍ കശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്നും ഇക്കാര്യം പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറിയിച്ചിട്ടുണ്ടെന്നും ട്രമ്പ് പറഞ്ഞു.വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യയുടെ പ്രതികരണം പുറത്തുവന്നിട്ടില്ല.

നേരത്തെ കാശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി മോഡി തന്നോട് ആവശ്യപ്പെട്ടുവെന്ന ട്രമ്പിന്റെ പ്രസ്താവന ഇന്ത്യയില്‍ വലിയ കോലാഹലമുണ്ടാക്കിയിരുന്നു.കാശ്മീര്‍ പ്രശ്‌നം സിംല കരാറിന്റെ അടിസ്ഥാനത്തില്‍ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന ഇന്ത്യയുടെ പ്രഖ്യാപിത നിലപാടില്‍ തന്നിഷ്ടപ്രകാരം മാറ്റം വരുത്തിയെന്ന് മോഡിയ്‌ക്കെതിരെ ആക്ഷേപമുയര്‍ന്നു. തുടര്‍ന്ന് മധ്യസ്ഥതവഹിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുകയായിരുന്നു. മാത്രമല്ല, ട്രമ്പിന്റെ മധ്യസ്ഥതഓഫര്‍ ഇന്ത്യ നിരസിക്കുകയും ചെയ്തു.

കാശ്മീര്‍ പ്രശ്‌നത്തെ അന്തര്‍ദ്ദേശീയ പ്രശ്‌നമാക്കുക എന്നത് വര്‍ഷങ്ങളായി പാക്കിസ്ഥാന്‍ സ്വീകരിക്കുന്ന നിലപാടാണ്. എന്നാല്‍ കാശ്മിര്‍ രാജ്യത്തിന്റെ ആഭ്യന്തരകാര്യമാണെന്ന നിലപടാണ് ഇന്ത്യയുടെത്.

Other News