രൂക്ഷമാകുന്ന തൊഴിലില്ലായ്മ; വിപണി തുറക്കാന്‍ ആഹ്വാനം ചെയ്ത് ട്രംപ്


MAY 23, 2020, 12:40 AM IST

വാഷിങ്ടണ്‍: അമേരിക്കയില്‍ കോവിഡിനു പിന്നാലെ തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ വ്യാപകമായി വിപണി തുറക്കാന്‍ ആഹ്വാനം ചെയ്ത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ സംസ്ഥാന ഗവര്‍ണര്‍മാര്‍ ഇളവ് പ്രഖ്യാപിച്ചേക്കുമെന്നാണ് പ്രതീക്ഷയെന്ന് ട്രംപ് പറഞ്ഞു. മിഷിഗണില്‍ ആഫ്രിക്കന്‍-അമേരിക്കന്‍ നേതാക്കളുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിനെത്തുടര്‍ന്ന് തൊഴില്‍ നഷ്ടം ഏറിയതോടെ രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറഞ്ഞ നിലയിലാണ്.

ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ സംസ്ഥാന ഗവര്‍ണര്‍മാര്‍ ഇളവ് പ്രഖ്യാപിച്ചേക്കുമെന്നാണ് പ്രതീക്ഷ. ശരിയായ കാര്യങ്ങളാണ് നാം ചെയ്തത്. എന്നാല്‍ ഇപ്പോള്‍ നാം മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. നിങ്ങളത് ചെയ്തില്ലെങ്കില്‍ രാജ്യത്തെ തന്നെയാണ് നിങ്ങള്‍ തകര്‍ക്കുക -ട്രംപ് അഭിപ്രായപ്പെട്ടു. 

ആരാധനാലയങ്ങള്‍ വീണ്ടും തുറക്കുന്നതിനെക്കുറിച്ചും ട്രംപ് നിലപാട് വ്യക്തമാക്കി. ജനം അവരുടെ പള്ളികളില്‍ ആയിരിക്കാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ മനസ് കണക്കിലെടുക്കുമ്പോള്‍ അവ പ്രധാനമാണ്. സംസ്ഥാനങ്ങള്‍ വ്യത്യസ്ത കാലങ്ങളിലായി വീണ്ടും തുറക്കുന്നതിനെ, മഹത്വത്തിലേക്ക് മടങ്ങുക എന്ന ആശയമായാണ് ട്രംപ് അവതരിപ്പിച്ചത്. നവംബറിലെ തെരഞ്ഞെടുപ്പ്കൂടി ലക്ഷ്യമിട്ടാണ് തെരഞ്ഞെടുപ്പ് പ്രചാരണ സ്വഭാവമുള്ള പരിപാടിയില്‍ ട്രംപ് പ്രതികരിച്ചത്. 

അമേരിക്കയില്‍ തൊഴിലില്ലായ്മ നിരക്ക് ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ നിലയിലാണ്. കോവിഡിനും ലോക്ഡൗണിനും പിന്നാലെ രാജ്യത്ത് 38.6 ദശലക്ഷം ആളുകളാണ് തൊഴില്‍ രഹിത ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിച്ചിരിക്കുന്നത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. അതേസമയം, കോവിഡ് ബാധിച്ചവരുടെ എണ്ണം അരക്കോടി പിന്നിടുമ്പോഴും മഹാമാരി ലോകത്തെ വിട്ടൊഴിഞ്ഞിട്ടില്ല. റഷ്യയും ലാറ്റിന്‍ അമേരിക്കയും അടുത്ത ഹോട്ട്‌സ്‌പോട്ടുകളായി മാറിയിരിക്കുകയാണ്. യൂറോപ്പും അമേരിക്കയും വൈറസ് ബാധയുടെ അടുത്ത ഘട്ടത്തിലേക്കുള്ള യാത്രയിലുമാണ്. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണവും മരണനിരക്കും ഏറിയും കുറഞ്ഞും തുടരുകയാണ്. സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണവിധേയമായിട്ടില്ല.

Other News