സൗദിയില്‍ കോവിഡ് വ്യാപനം കൂടി: അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ കൂട്ടമായി സ്വദേശത്തേക്ക് മടങ്ങുന്നു


JULY 4, 2020, 3:50 PM IST

റിയാദ്: സൗദി അറേബ്യയില്‍ കാറോണ വൈറസിന്റെ ആഘാതം വര്‍ധിച്ചതിനെ തുടര്‍ന്ന് ഡസന്‍കണക്കിന് യുഎസ് നയതന്ത്രജ്ഞര്‍ രാജ്യം വിടുന്നു.

പുതിയ കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനിടയിലാണ് ഡസന്‍ കണക്കിന് യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരും അവരുടെ കുടുംബങ്ങളും ഈ വാരാന്ത്യത്തില്‍ സൗദി അറേബ്യയില്‍ നിന്ന് പോകുന്നത്.

സമ്പദ്വ്യവസ്ഥ വീണ്ടും തുറക്കുമ്പോള്‍ കോവിഡ് വ്യാപനം രൂക്ഷമാകാനുള്ള സാധ്യത വര്‍ധിച്ചതും മഹാമാരിക്കെതിരെ രാജ്യം സര്‍വശക്തിയും കേന്ദ്രീകരിക്കുകയും ചെയ്തിരിക്കുകയാണ്. നയതന്ത്രജ്ഞരുടെ അടിയന്തര മടക്കം സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് അംഗീകരിച്ചിരുന്നു. ഇതിനായി സൗദിയിലില്‍ നിന്ന് ശനിയാഴ്ച  പ്രത്യേക വിമാനം തയ്യാറാക്കിയിട്ടുണ്ട്. ഈ വിമാനത്തിലാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ സ്വദേശത്തേക്ക് മടങ്ങുക.

വരും ആഴ്ചകളില്‍ കൂടുതല്‍ നയതന്ത്രജ്ഞര്‍ മടങ്ങുമെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതീക്ഷിക്കുന്നു. സൗദി അറേബ്യ നേരത്തെ തന്നെ അടച്ചിടല്‍ ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ കൈക്കൊണ്ടത് വൈറസ് പടരാതിരിക്കാന്‍ സഹായിച്ചു. എന്നാല്‍ ഇതിനകം തന്നെ എണ്ണവില കുത്തനെ കുറഞ്ഞത് സമ്പദ് വ്യവസ്ഥയെ അതീവ ഗുരുതരമായി ബാധിച്ചതോടെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തില്‍ കഴിഞ്ഞ മാസം മിക്ക നിയന്ത്രണങ്ങളും നീക്കംചെയ്തു.

വെള്ളിയാഴ്ച സൗദിയിലെ മൊത്തം കോവിഡ് കേസുകള്‍ 200,000 കവിഞ്ഞു. മെയ് അവസാനത്തോടെ ഇത് 90,000 ആയിരുന്നു.  ഇറാനാണ് മിഡില്‍ ഈസ്റ്റില്‍ കോവിഡ് കേസുകളില്‍ രണ്ടാമത്തേത്്. സൗദിയില്‍ ഇതിനകം 1,800 ല്‍ അധികം ആളുകള്‍ മരിച്ചു. സ്ഥിതി വഷളായതോടെ തലസ്ഥാനമായ റിയാദിലെ യുഎസ് എംബസിയിലും വൈറസ് ബാധ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു.

മാര്‍ച്ച് മുതല്‍ വീട്ടില്‍ നിന്ന് ജോലി ചെയ്തിട്ടും കുറഞ്ഞത് 30 സ്റ്റാഫ് അംഗങ്ങള്‍ക്ക്  കോവിഡ് പോസിറ്റീവ് ആയെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു. യുഎസ് എംബസിയിലെ സുഡാനീസ് ഡ്രൈവര്‍ കോവിഡ് ബാധിച്ച് ജൂണ്‍ മാസത്തില്‍ മരിച്ചു. ഒരു സൗദി ആശുപത്രി ഒരു നയതന്ത്രജ്ഞ ഉദ്യോഗസ്ഥന്റെ കുടുംബാംഗത്തിന് ചികിത്സ നിഷേധിച്ച സംഭവവും ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. എംബസി ഇടപെട്ടതിനുശേഷമാണ് ചികിത്സ ലഭിച്ചതെന്നും പറയുന്നു. ഇതെ തുടര്‍ന്നാണ് സൗദിയിലെ സുരക്ഷിതത്വം ഇല്ലായ്മയെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍#റിനെ അറിയിച്ചത്.

 കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ലോകമെമ്പാടുമുള്ള അമേരിക്കന്‍ പൗരന്മാരോടും നയതന്ത്ര ഉദ്യോഗസ്ഥരോടും സ്വയം യാത്രചെയ്യുന്നത് ഒഴിവാക്കണം എന്ന നിര്‍ദ്ദേശം സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കിയിരുന്നു. ഇതോടെ നൂറുകണക്കിനു പേര്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങി. ഇവരെ സ്വദേശത്തേക്ക് തിരികെ കൊണ്ടുവരുന്നതിനായി മെയില്‍ പുതിയ നിര്‍ദേശം പുറപ്പെടുവിക്കുകയും പ്രത്യേക വിമാനങ്ങളില്‍ ഇവരെ നാട്ടിലേക്ക് കൊണ്ടുവരികയും ചെയ്തിരുന്നു.

Other News