എലിസബത്ത് വാറന്‍ ഒന്നാം സ്ഥാനത്തെന്നു പുതിയ സര്‍വേ


OCTOBER 16, 2019, 3:27 PM IST

ന്യുയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡമോക്രാറ്റിക് സ്ഥാനാര്‍ഥികളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്ന ജൊ ബൈഡനെ പിന്തള്ളി എലിസബത്ത് വാറന്‍ മുന്‍പന്തിയിലെത്തിയതായി ഒക്ടോബര്‍ 14 തിങ്കളാഴ്ച ക്വനിപേയക്ക് യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച സര്‍വ്വേയില്‍ ചൂണ്ടികാണിക്കുന്നു. പുതിയ സര്‍വേയില്‍ 27 ശതമാനം വോട്ടുകളാണ് ജൊ ബൈഡനു ലഭിച്ചത്. എന്നാല്‍ എലിസബത്ത് വാറന്‍ 30 ശതമാനം വോട്ടുകള്‍ കരസ്ഥമാക്കി ഒന്നാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്ത് എത്തിയ ബര്‍ണി സാന്‍ഡേഴ്‌സിന് 11 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. സെനറ്റര്‍ കമല ഹാരിസ് 4 ശതമാനം വോട്ടുകളും നേടി. കഴിഞ്ഞ ഓഗസ്റ്റില്‍ ബൈഡന് 4 ശതമാനം പിന്തുണച്ചപ്പോള്‍ വാറന് ലഭിച്ചത് 21 ശതമാനമായിരുന്നു. ജൊ ബൈഡനും മകനും ഉക്രെയ്ന്‍ വിവാദത്തില്‍ ഉള്‍പ്പെട്ടതും ബൈഡന്‍ ഡിബേറ്റുകളില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെയ്ക്കാത്തതുമാണ് ശതമാനം കുറഞ്ഞതിനു കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്.

അമേരിക്കക്ക് പുതിയൊരു വനിതാ പ്രസിഡന്റ് എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് ഹിലാരി ക്ലിന്റന്‍ പരാജയപ്പെട്ടിടത്തു വാറന്‍ വിജയിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ബെര്‍ണി സാന്‍ഡേഴ്‌സ് വളരെ പിന്നോക്കം പോയതും വാറന് അനുകൂല ഘടകമായി മാറിയിട്ടുണ്ട്.  പി.പി. ചെറിയാന്‍

Other News