കോവിഡ് ബൂസ്റ്റര്‍ ഷോട്ടിനെ വിമര്‍ശിച്ച് ഇലോണ്‍ മസ്‌ക്


JANUARY 23, 2023, 3:03 PM IST

സാന്‍ഫ്രാന്‍സിസ്‌കോ: കോവിഡ്-19 വാക്സിനുകളുടെ പാര്‍ശ്വഫലങ്ങളെ ക്കുറിച്ചുള്ള ഒരു ട്വീറ്റിന് മറുപടിയായി, താന്‍ രണ്ടാമത്തെ കോവിഡ് ബൂസ്റ്റര്‍ ഷോട്ട് സ്വീകരിച്ചതിന് ശേഷം വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നതായി മസ്‌ക് വ്യക്തമാക്കി.

'രണ്ടാമത്തെ ബൂസ്റ്റര്‍ ഷോട്ടില്‍ നിന്ന് എനിക്ക് വലിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായി. കുറേ ദിവസങ്ങളായി മരിക്കുന്നത് പോലെ തോന്നി. എങ്കിലും ശാശ്വതമായ പ്രശ്നങ്ങള്‍ ഇല്ലെന്ന് പ്രതീക്ഷിക്കുന്നു, പക്ഷേ അതും എനിക്കറിയില്ല' അദ്ദേഹം കുറിച്ചു.

എന്തുകൊണ്ടാണ് നിങ്ങള്‍ രണ്ടാമത്തെ ബൂസ്റ്റര്‍ ഷോട്ട് സ്വീകരിച്ചതെന്ന് ഒരു ഉപയോക്താവ് മസ്‌കിനോട് ചോദിച്ചപ്പോള്‍, മറുപടി ഇങ്ങനെയായിരുന്നു''എനിക്ക് ടെസ്ല ഗിഗാ ബെര്‍ലിന്‍ സന്ദര്‍ശിക്കേണ്ടതുണ്ട്. ഇത് എന്റെ തിരഞ്ഞെടുപ്പല്ല''. നല്ല ആരോഗ്യവാനായിരുന്ന തന്റെ ബന്ധുവിന് മയോകാര്‍ഡിറ്റിസ് ബാധിച്ച് ആശുപത്രി സന്ദര്‍ശിക്കേണ്ടി വന്നതായും മറ്റൊരു ട്വീറ്റില്‍ മസ്‌ക് കൂട്ടിച്ചേര്‍ത്തു.

'ചെറുപ്പകാരനായ, നല്ല ആരോഗ്യവുമുള്ള എന്റെ ബന്ധുവിന് ഗുരുതരമായ മയോകാര്‍ഡിറ്റിസ് ബാധ ഉണ്ടായിരുന്നു. അതിനാല്‍ ആശുപത്രിയില്‍ പോകേണ്ടി വന്നു' മസ്‌ക് പറഞ്ഞു. വാക്സിനുകള്‍ വരുന്നതിന് മുമ്പ് തനിക്ക് കോവിഡ് ബാധിച്ചതായും, ആ സമയത്ത് അതൊരു 'ചെറിയ ജലദോഷം' പോലെ മാത്രമായിരുന്നുവെന്നും മസ്‌ക് വെളിപ്പെടുത്തി.

കൈ വേദനിച്ചതൊഴിച്ചാല്‍ പാര്‍ശ്വഫലങ്ങളൊന്നുമില്ലാതെയാണ് ആദ്യത്തെ ഡോസ് വാക്സിന്‍ എടുത്തതെന്നും, ഒന്നാം ബൂസ്റ്റര്‍ ഡോസും കാര്യമായ കുഴപ്പമില്ലായിരുന്നു. രണ്ടാമത്തേത് തന്നെ അടിമുടി തകര്‍ത്തുവെന്നും അദ്ദേഹം പറയുന്നു.

Other News