ട്വിറ്റര്‍ ഏറ്റെടുക്കുന്നത് മാറ്റിവച്ച് ഇലോണ്‍ മസ്‌ക്; കമ്പനി ഓഹരി വിലയില്‍ വന്‍ ഇടിവ് 


MAY 13, 2022, 9:18 PM IST

വാഷിംഗ്ടണ്‍: ഏറെ നാളത്തെ ചര്‍ച്ചകള്‍ക്ക് ശേഷം 4,400 കോടി കോടി ഡോളറിന് പ്രബല സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആയ ട്വിറ്റര്‍ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ച ശതകോടീശ്വരവ്യവസായി ഇലോണ്‍ മസ്‌ക് കാലുമാറി. ട്വിറ്റര്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവക്കുകയാണെന്ന് മസ്‌ക് അറിയിച്ചു.

ട്വിറ്റര്‍ ഏറ്റെടുക്കുന്ന സമയത്ത് വ്യാജ അക്കൗണ്ടുകള്‍ ഇല്ലാതാക്കുക എന്നുള്ള തന്റെ ലക്ഷ്യം സാധിക്കണമെങ്കില്‍ ഇനിയും ഏറെ ചര്‍ച്ചകളും പരിശോധനകളും ആവശ്യവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മസ്‌ക് നിലപാട് മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. മൊത്തം ട്വിറ്റര്‍ ഉപയോക്താക്കളില്‍ ഏകദേശം അഞ്ച് ശതമാനത്തോളം വ്യാജ അക്കൗണ്ടുകളാണെന്നും മസ്‌ക് തന്റെ ട്വീറ്റില്‍ പറഞ്ഞു. ഈ കണക്കുകളില്‍ വ്യക്തത വരുത്തുന്നത് വരെ ഏറ്റെടുക്കല്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി മസ്‌ക് ട്വീറ്റ് ചെയ്തു.

മസ്‌കിന്റെ പ്രഖ്യാപനം വന്നതോടെ ട്വിറ്റര്‍ ഓഹരിവില 8.7 ശതമാനം ഇടിഞ്ഞ് രാവിലത്തെ ട്രേഡിംഗില്‍ ഓഹരിയൊന്നിന് 41.15 ഡോളര്‍ എന്ന നിലയിലെത്തി. ട്രേഡിംഗ് ആരംഭിക്കുന്നതിന് മുന്‍പ് ഓഹരി വില 20 ശതമാനം വരെ ഇടിഞ്ഞിരുന്നു. ട്വിറ്റര്‍ ഏറ്റെടുക്കല്‍ നീട്ടിവയ്ക്കുകയാണെന്ന പ്രഖ്യാപനത്തിനും ഓഹരി വിലയിടിവിനും രണ്ട് മണിക്കൂര്‍ ശേഷം താന്‍ ഇപ്പോഴും ട്വിറ്റര്‍ ഏറ്റെടുക്കുന്നതില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് മസ്‌ക് അറിയിച്ചു. 

ഏറെ നാളത്തെ ചര്‍ച്ചകള്‍ക്ക് വിരാമമിട്ടുകൊണ്ട് കഴിഞ്ഞ മാസമാണ് 4,400 കോടി കോടി ഡോളറിന് ട്വിറ്റര്‍ ഏറ്റെടുക്കുന്നതായി മസ്‌ക് പ്രഖ്യാപിച്ചത്. ഒരു ഓഹരിക്ക് 54.20 ഡോളര്‍ അതായത് ഏകദേശം 4300 കോടി യു എസ് ഡോളറിന് ട്വിറ്റര്‍ വാങ്ങുമെന്ന് ഏപ്രില്‍ 14നാണ് മസ്‌ക് പ്രഖ്യാപിച്ചത്. 9.2 ശതമാനം ഓഹരി നിക്ഷേപമായിരുന്നു ട്വിറ്ററില്‍ മസ്‌കിനുള്ളത്. 

ട്വിറ്റര്‍ അഭിപ്രായ സ്വാതന്ത്ര്യത്തുള്ള സാധ്യത പ്രയോജപ്പെടുത്തുന്നില്ലെന്നും സ്വകാര്യ ഉടമസ്ഥതയിലേക്ക് എത്തുമ്പോള്‍ മാത്രമേ അതിനു സാധിക്കുകയുള്ളു എന്നും അതിനാലാണ് താന്‍ ഇത്തരമൊരു നിലപാടിലേക്ക് എത്തിയെതെന്നും മസ്‌ക് അവകാശപ്പെട്ടിരുന്നു.

ട്വിറ്ററില്‍ സജീവമായ ശതകോടീശ്വരനായ ബിസിനസുകാരില്‍ ഒരാളാണ് ഇലോണ്‍ മസ്‌ക്. 80 ദശലക്ഷത്തിലധികം ഫോളോവേഴ്‌സാണ് ട്വിറ്ററില്‍ അദ്ദേഹത്തിനുള്ളത്. 2009 മുതല്‍ ട്വിറ്ററില്‍ സ്ഥിര സാന്നിധ്യമായ മസ്‌ക്, തന്റെ ബിസിനസുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ വലിയ പ്രഖ്യാപനങ്ങള്‍ക്ക് ട്വിറ്റര്‍ ഹാന്റില്‍ ഉപയോഗിച്ചിരുന്നു.

Other News