ഇന്ത്യക്കാരുള്ളത് നന്നായി; ട്വിറ്റര്‍ സിഇഒ പരാഗിന്റെ നിയമനത്തെക്കുറിച്ച് ഇലോണ്‍ മസ്‌ക്


DECEMBER 1, 2021, 9:23 AM IST

കാലിഫോര്‍ണിയ: ട്വിറ്ററിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ചുമതലയേറ്റ ഇന്ത്യക്കാരനായ പരാഗ് അഗര്‍വാളിന്റെ നിയമനത്തെക്കുറിച്ചും ഇന്ത്യക്കാരെ പ്രശംസിച്ചും രസകരമായ കുറിപ്പ് പങ്കുവെച്ച് ടെസ്‌ല സിഇഒയും ശതകോടിശ്വരനുമായ ഇലോണ്‍ മസ്‌ക്.

'ഇന്ത്യന്‍ പ്രാഗത്ഭ്യത്തില്‍ നിന്ന് യുഎസിന് ഒരുപാട് നേട്ടമുണ്ടായി. നന്നായി, മസ്‌കിന് തെറ്റിയിട്ടില്ല' - എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. സ്ട്രൈപ് സിഇഒയും ഐറിഷ് കോടീശ്വരനുമായ പാട്രിക് കോളിസണിന്റെ ട്വീറ്റിന് മറുപടി ആയാണ് മസ്‌കിന്റെ കമന്റ്.

ട്വിറ്റര്‍ സഹസ്ഥാപകന്‍ ജാക് ഡോര്‍സിയില്‍ നിന്നാണ് പരാഗ് ഈ സ്ഥാനം ഏറ്റെടുക്കുന്നത്. 16 വര്‍ഷമാണ് ഡോര്‍സി സിഇഒ സ്ഥാനത്തിരുന്നത്. സിലിക്കണ്‍ വാലിയിലെ ഇന്ത്യന്‍ ടെക് മേധാവികളുടെ ഏറ്റവും ഒടുവിലത്തെ പേരു കൂടിയാണ് പരാഗ് അഗര്‍വാള്‍.

സിലിക്കണ്‍ വാലി കമ്പനികളിലെ ആറാമത്തെ ഇന്ത്യന്‍ മേധാവിയാണ് പരാഗ് അഗര്‍വാള്‍. സത്യ നദെല്ല (മൈക്രോസോഫ്റ്റ്), ആല്‍ഫാബെറ്റ് ആന്‍ഡ് ഗൂഗ്ള്‍ (സുന്ദര്‍ പിച്ചൈ) ശന്തനു നാരായന്‍ (അഡോബ്), അരവിന്ദ് കൃഷ്ണ (ഐബിഎം ഗ്രൂപ്പ്) എന്നിവരാണ് പ്രധാനപ്പെട്ട മറ്റുള്ളവര്‍. ഐഐടി മുംബൈയില്‍ നിന്നുള്ള എഞ്ചിനീയറാണ് മുപ്പത്തിയേഴുകാരനായ പരാഗ്. ട്വിറ്ററിന് മുമ്പ് മൈക്രോസോഫ്റ്റ്, എടി ആന്‍ഡ് ടി, യാഹൂ എന്നീ കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011ലാണ് ട്വിറ്ററിലെത്തിയത്. പത്തുവര്‍ഷത്തിനുള്ളില്‍ മേധാവിയും. കമ്പനിയുടെ സാങ്കേതിക വശങ്ങളുടെ മേല്‍നോട്ടമായിരുന്നു പരാഗിന്റെ പ്രധാന ചുമതല.

നവംബര്‍ 29 നാണ് ജാക് ഡോര്‍സി സോഷ്യല്‍ മീഡിയ ഭീമനുമായുള്ള തന്റെ ഒന്നര ദശാബ്ദത്തിലേറെ നീണ്ട ബന്ധം അവസാനിപ്പിച്ചത്. 2015 മുതല്‍ ട്വിറ്റര്‍ ചീഫ് എക്സിക്യൂട്ടീവായി തുടരുന്ന ഡോര്‍സിയുടെ രാജി ബോര്‍ഡ് അംഗങ്ങള്‍ അംഗീകരിച്ചു. എന്നിരുന്നാലും 2022 മെയ് വരെ അദ്ദേഹം ട്വിറ്ററിന്റെ ബോര്‍ഡില്‍ അംഗമായി തുടരും. സ്ഥാപകരില്‍ നിന്ന് സ്വയമേ മുമ്പോട്ടു പോകാന്‍ കമ്പനി തയ്യാറാണെന്ന് താന്‍ വിശ്വസിക്കുന്നതായി ഡോര്‍സി പറയുന്നു.

Other News