മാന്ദ്യഭീതിയില്‍ അമേരിക്ക; ട്രംപിന്റേത് തലതിരിഞ്ഞ നയങ്ങളെന്ന് സാമ്പത്തിക വിദഗ്‌ധർ 


AUGUST 20, 2019, 10:06 PM IST

വാഷിംഗ്‌ടൺ:പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങള്‍ അമേരിക്കയെ വീണ്ടും സാമ്പത്തികമാന്ദ്യത്തിലേക്ക് തള്ളിവിടുമെന്ന് സാമ്പത്തിക വിദഗ്‌ധർ.2021 അവസാനത്തോടെ അമേരിക്കയില്‍ കടുത്ത മാന്ദ്യം പിടിമുറുക്കുമെന്ന് നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ബിസിനസ് ഇക്കണോമിക്‌സ് സർവേചൂണ്ടിക്കാട്ടി. 

മന്ദഗതിയിലായ അമേരിക്കന്‍ സമ്പദ് വ്യവസ്ഥ കടുത്ത മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുമെന്ന് സർവേയില്‍ പങ്കെടുത്ത 74 ശതമാനം സാമ്പത്തിക വിദഗ്‌ധരും വിലയിരുത്തി.അടുത്തവര്‍ഷംതന്നെ മാന്ദ്യം സംഭവിക്കുമെന്ന് പ്രവചിക്കുന്നവരാണ് ഇവരില്‍ ഭൂരിപക്ഷവും.

ജൂലൈയില്‍ അമേരിക്കയിലെ ഉപഭോക്തൃസൂചികയില്‍ കുത്തനെ ഇടിവുണ്ടായി.സാമ്പത്തികമാന്ദ്യത്തിന്റെ സൂചന കഴിഞ്ഞവര്‍ഷം മുതല്‍ ദൃശ്യമാണ്. ഈ സാഹചര്യത്തിലാണ് 2008ന്‌ ശേഷം ആദ്യമായി അമേരിക്കന്‍ ഫെഡറല്‍ റിസർവ് പലിശ കുറയ്ക്കാന്‍ നിര്‍ബന്ധിതമായത്.

പലിശ കുറയ്ക്കൽ ഇനിയും ഉണ്ടായേക്കും.ചൈനീസ് ഉൽപ്പന്നങ്ങള്‍ക്ക് കുത്തനെ നികുതി ചുമത്തിയതും അമേരിക്കൻ വിപണിയെ ബാധിച്ചു. ചൈനീസ് ഉൽപ്പന്നങ്ങള്‍ക്ക് 10 ശതമാനം ചുങ്കം കൂടി ഏര്‍പ്പെടുത്തിയ ട്രംപിന്റെ നീക്കം ആഗോള ഓഹരിവിപണിയില്‍ കനത്തനഷ്‌ടം വരുത്തി. ചൈന, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളില്‍നിന്നുള്ള ഇറക്കുമതി ഉൽപ്പന്നങ്ങള്‍ക്ക് നികുതി കൂട്ടിയപ്പോള്‍ ഈ കമ്പനികളുടെ അമേരിക്കന്‍ വിതരണസ്ഥാപനങ്ങള്‍ കടുത്ത പ്രതിസന്ധിയിലായി. 

ട്രംപിന്റേത് തലതിരിഞ്ഞ നയങ്ങളാണെന്ന് വിദഗ്‌ധരിൽ ഏറിയ പങ്കും അഭിപ്രായപ്പെടുന്നു.എന്നാൽ അമേരിക്കന്‍ ഉപയോക്താക്കള്‍ സമ്പന്നരാണെന്നും വാള്‍മാര്‍ട്ടുപോലുള്ള സ്ഥാപനങ്ങള്‍ പ്രകടനം മെച്ചമാക്കിയെന്നും ട്രംപ് പ്രതികരിച്ചു.

Other News