വ്യാജ യൂണിവേഴ്‌സിറ്റിയില്‍ അഡ്മിഷനെടുത്ത ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ട്രാക്കിംഗ് സംവിധാനവുമായി  സഞ്ചരിക്കണം


FEBRUARY 2, 2019, 7:37 AM IST

ഡിട്രോയിറ്റ്: അമേരിക്കയില്‍ അണ്ടര്‍ കവര്‍ ഏജന്റുമാര്‍ 'നടത്തി വന്ന' വ്യാജ യൂണിവേഴ്‌സിറ്റിയില്‍ അഡ്മിഷനെടുത്ത ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ട്രാക്കിംഗ് സംവിധാനവുമായി സഞ്ചരിക്കണമെന്ന് പോലീസ് നിര്‍ദേശം നല്‍കി. മിഷിഗണില്‍ 'യൂണിവേഴ്‌സിറ്റി ഓഫ് ഫാമിംഗ്ടണ്‍' എന്ന പേരില്‍ ഇവര്‍ തുടങ്ങിയ വ്യാജ യൂണിവേഴ്‌സിറ്റിയില്‍ എന്റോള്‍ ചെയ്ത ഇരുനൂറോളം വിദ്യാര്‍ഥികളെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം ലാന്‍ഡ് സെക്യൂരിറ്റി, ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സമെന്റ് എന്നിവയുടെ ഏജന്റുമാര്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം ഇവരെ വിട്ടയച്ചുവെങ്കിലും കാലില്‍ ട്രാക്കിംഗ് സംവിധാനം ഘടിപ്പിക്കുകയും, നിശ്ചിത പരിധിക്കു പുറത്ത് പോകരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. 

തടഞ്ഞു വച്ചിട്ടുള്ള വിദ്യാര്‍ഥികളുടെ പൂര്‍ണ ലിസ്റ്റ് ലഭ്യമാക്കണമെന്നും, ഇവര്‍ക്ക് കോണ്‍സുലര്‍ സൗകര്യം തടയരുതെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ റിക്രൂട്ടിംഗ് നടത്തിയവരെയും, വിദ്യാര്‍ഥികളെയും വ്യത്യസ്തമായ രീതിയില്‍ കാണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളെ ട്രക്കിംഗ് സംവിധാനത്തിന്റെ കീഴിലാക്കിയ നടപടി പ്രതിഷേധാര്‍ഹമാണെന്നും, അധികൃതര്‍ മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്നും തെലുങ്കു അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ടാന) ഭാരവാഹികള്‍ പറഞ്ഞു. അറ്റ്‌ലാന്റയില്‍ സന്ദര്‍ശനത്തിന് എത്തിയ അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ഷ വര്‍ധന്‍ ശൃംഗ്ല, കോണ്‍സുലര്‍ ജനറല്‍ സ്വാതി വിജയ് കുല്‍ക്കര്‍ണി എന്നിവരെ സന്ദര്‍ശിച്ച് ടാന ഭാരവാഹികള്‍ സംഭവത്തില്‍ ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ തന്നെ വ്യാജ യൂണിവേഴ്സ്റ്റി തുടങ്ങിയ ശേഷം അതില്‍ അഡ്മിഷന്‍ തേടുന്ന വിദ്യാര്‍തികളെ പിന്നീട് കുരുക്കിലാക്കുന്ന നടപടി അപലനീയമാണെന്ന് തെലുങ്കാന എന്‍.ആര്‍.ഐ പേരന്റ്‌സ് അസോസിയേഷന്‍ കുറ്റപ്പെടുത്തി. ഈ യൂണിവേഴ്‌സിറ്റിയില്‍ അഡ്മിഷന്‍ എടുത്തിട്ടുള്ള വിദ്യാര്‍ഥികള്‍ മധ്യവര്‍ഗ കുടുംബങ്ങളില്‍ നിന്നുള്ളവരാണെന്നും, അവര്‍ നിരപരാധികളാണെന്നും അസോസിയേഷന്‍ പറഞ്ഞു. 


വിദ്യാര്‍ഥികളെ സ്റ്റുഡന്റ് വിസയില്‍ റിക്രൂട്ട് ചെയ്ത എട്ട് ഇന്ത്യന്‍ വംശജരെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. ഇതോടെ ഇവര്‍ മുഖേന അമേരിക്കയില്‍ എത്തിയിട്ടുള്ള നൂറു കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നാടുകടത്തല്‍ - ജയില്‍ ഭീഷണിയിലാണ്. സ്റ്റുഡന്റ് വിസ പ്രോഗ്രാം മറയാക്കി മതിയായ യോഗ്യതയില്ലാത്ത വിദേശികള്‍ അമേരിക്കയില്‍ എത്തി ജോലി ചെയ്യുന്നതു കണ്ടെത്തുന്നതിനു വേണ്ടി നടത്തിയ അണ്ടര്‍ കവര്‍ ഓപ്പറേഷനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇന്ത്യന്‍ വംശജരായ എട്ടു പേരെ അറസ്റ്റു ചെയ്തത്. ഹോം ലാന്‍ഡ് സെക്യൂരിറ്റി ഏജന്റുമാര്‍ യൂണിവേഴ്‌സിറ്റി അധികൃതരെന്നു നടിച്ച് രംഗത്തു വന്നത് 2017 ഫെബ്രുവരി മുതലാണ്. യൂണിവേഴ്‌സിറ്റിയുടെ ഉടമസ്ഥരോ, ജീവനക്കാരോ എന്ന ഇവരുടെ നാട്യം ഈ മാസം വരെ തുടര്‍ന്നിരുന്നു. 

മിഷിഗണില്‍ 'യൂണിവേഴ്‌സിറ്റി ഓഫ് ഫാമിംഗ്ടണ്‍' എന്ന പേരില്‍ ഇവര്‍ തുടങ്ങിയ വ്യാജ യൂണിവേഴ്‌സിറ്റിയില്‍ എന്റോള്‍ ചെയ്ത ഇരുനൂറോളം വിദ്യാര്‍ഥികളെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം ലാന്‍ഡ് സെക്യൂരിറ്റി, ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സമെന്റ് എന്നിവയുടെ ഏജന്റുമാര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അറുനൂറോളം പേര്‍ ഇവിടെ എന്റോള്‍ ചെയ്തിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. വ്യാജ യൂണിവേഴ്‌സിറ്റിയാണ് ഇതെന്ന് അറിഞ്ഞു കൊണ്ടാണ് വിദ്യാര്‍ഥികള്‍ 'ട്യൂഷന്‍' ഫീസടച്ച് ഇവിടെ എന്‍ റോള്‍ ചെയ്തതെന്നും, സ്റ്റുഡന്റ് വിസ പ്രോഗ്രാമിന്റെ മറവില്‍ വര്‍ക്ക് ഓതറൈസേന്‍ സമ്പാദിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും അധികൃതര്‍ ആരോപിക്കുന്നു. 


Other News