യുഎസില്‍ സൂം കോളിനിടെ അമ്മയെ വെടിവെച്ചുകൊന്ന രണ്ടുവയസുകാരന്റെ പിതാവ് അറസ്റ്റില്‍


OCTOBER 14, 2021, 8:12 AM IST

ഒര്‍ലാന്‍ഡോ: സൂം കോളിനിടെ അബദ്ധത്തില്‍ അമ്മയെ തലയില്‍ വെടിവെച്ച രണ്ട് വയസുകാരന്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു.

ഒര്‍ലാന്‍ഡോയ്ക്ക് വടക്ക് നഗരമായ അല്‍തമോണ്ടെ സ്പ്രിംഗ്സിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഓഗസ്റ്റ് 11 നാണ് ദാരുണ സംഭവം. അലസമായി സൂക്ഷിച്ചിരുന്ന തോക്കെടുത്ത് കുട്ടി വീഡിയോ കോളില്‍ മുഴുകിയിരുന്ന 22 കാരിയായ അമ്മയുടെ തലയില്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഷമാന ലിന്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സൂം മീറ്റിങ്ങില്‍ പങ്കെടുത്ത സഹപ്രവര്‍ത്തകരാണ് വിവരം പോലീസിനെ അറിയിച്ചത്.

ലിന്നിന്റെ കാമുകനും കുട്ടിയുടെ പിതാവുമായ വെണ്ട്രെ അവെറി (22) ആണ് ചൊവ്വാഴ്ച അറസ്റ്റിലായത്. നരഹത്യയ്ക്കും തോക്ക് സുരക്ഷിതമായി സൂക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതിനുമാണ് കുറ്റം ചുമത്തിയിട്ടുള്ളതെന്ന് പോലീസും പ്രോസിക്യൂട്ടറും പറഞ്ഞു.

സംഭവസമയത്ത് അകലെയായിരുന്ന അവെറി, തിരിച്ചെത്തിയപ്പോള്‍ എമര്‍ജന്‍സി സര്‍വീസുമായി ബന്ധപ്പെട്ടെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

അവരുടെ അപ്പാര്‍ട്ട്‌മെന്റില്‍ തന്റെ കാമുകിയെ പുനരുജ്ജീവിപ്പിക്കാന്‍ അവേരി ശ്രമിക്കുന്നതിനിടയിലാണ് പോലീസ് ഉദ്യോഗസ്ഥര്‍ എത്തിയത്. എന്നാല്‍ യുവതിയുടെ മരണം സംഭവിച്ചു.

ജില്ലാ അറ്റോര്‍ണി ഡാന്‍ ഫാഗാര്‍ഡിന്റെ പ്രസ്താവന പ്രകാരം ഒരു വിചാരണ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല.

കുട്ടികള്‍ ആകസ്മികമായി വെടിവയ്ക്കുന്ന സംഭവം അമേരിക്കയില്‍ പുതിയതല്ല. സെപ്റ്റംബര്‍ അവസാനത്തില്‍, ടെക്‌സസില്‍ ഒരു ബന്ധുവിന്റെ ബാക്ക്പാക്കില്‍ ലോഡ് ചെയ്ത തോക്ക് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് വയസ്സുള്ള കുട്ടി അബദ്ധത്തില്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചിരുന്നു.

'എല്ലാ വര്‍ഷവും, യുഎസിലെ നൂറുകണക്കിന് കുട്ടികള്‍ക്ക് ക്ലോസറ്റുകളിലും നൈറ്റ്സ്റ്റാന്‍ഡ് ഡ്രോയറുകളിലും, ബാക്ക്പാക്കുകളിലും പേഴ്‌സുകളിലും, അലസമായി സൂക്ഷിക്കുന്ന തോക്കുകള്‍ എടുക്കാന്‍ അവസരം ലഭിക്കുന്നുണ്ടെന്ന്  ഫയര്‍മാര്‍സ് കണ്‍ട്രോള്‍ അഡ്വക്കസി ഗ്രൂപ്പായ ഗണ്‍സേഫ്റ്റി ഫോര്‍ എവരിടൗണ്‍ പറയുന്നു.

സംഘടനയുടെ അഭിപ്രായത്തില്‍, പ്രായപൂര്‍ത്തിയാകാത്തവരുടെ മന:പൂര്‍വ്വമല്ലാത്ത വെടിവെപ്പ് 2015 മുതല്‍ 879 മരണങ്ങള്‍ക്കും ഈ വര്‍ഷം 114 മരണങ്ങള്‍ക്കും കാരണമായി.

Other News