കോവിഡ് വാക്‌സിന്‍ വര്‍ഷാവസാനത്തോടെ; 2021ല്‍ അമേരിക്കക്കാര്‍ക്ക് ലഭ്യമാകും: അന്തോണി ഫൗച്ചി


AUGUST 1, 2020, 3:15 AM IST

വാഷിങ്ടണ്‍: വര്‍ഷാവസാനത്തോടെ കോവിഡ് വാക്‌സിന്‍ വിതരണത്തിന് തയ്യാറാകുമെന്നും 2021ല്‍ അത് അമേരിക്കക്കാരുടെ കൈകളിലെത്തുമെന്നും യു.എസ് പകര്‍ച്ച്യാധി വിദഗ്ധന്‍ അന്തോണി ഫൗച്ചി. വാക്‌സിനുകള്‍ വികസിപ്പിക്കാന്‍ സാധാരണ വര്‍ഷങ്ങള്‍ വേണ്ടിവരുമെങ്കിലും, പുതിയ സാങ്കേതികവിദ്യകള്‍, ബ്യൂറോക്രാറ്റിക് റെഡ് ടേപ്പിന്റെ അഭാവം, കോവിഡിനെതിരെ മനുഷ്യശരീരത്തിന്റെ ശക്തമായ രോഗപ്രതിരോധ പ്രതികരണം എന്നിവ വാക്‌സിന്‍ കണ്ടെത്താനുള്ള പ്രക്രിയകള്‍ വേഗത്തിലാക്കിയതായി വെള്ളിയാഴ്ച ഹൗസ് സമിതി മുമ്പാകെ അഭിപ്രായപ്പെട്ടു. 

വാക്‌സിന്‍ മൃഗങ്ങളിലും മനുഷ്യരിലും പരീക്ഷിച്ചപ്പോള്‍ കിട്ടിയ വിവരങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ വാക്‌സിന്‍ സജ്ജമായേക്കുമെന്ന ശുഭാപ്തി വിശ്വാസം വര്‍ധിപ്പിക്കുന്നു. 2021ല്‍ അത് അമേരിക്കക്കാര്‍ക്ക് ലഭ്യമാകും. അതൊരു സ്വപ്‌നം മാത്രമാണെന്ന് കരുതുന്നില്ലെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ഡയറക്ടര്‍ കൂടിയായ ഫൗച്ചി അഭിപ്രായപ്പെട്ടു. 

എച്ച്.ഐ.വി വാക്‌സിനായി പതിറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടിവന്നതിനു വിപരീതമായി കോവിഡ് ഒരു വാക്‌സിനോട് പ്രതികരിക്കാനുള്ള സാധ്യത കൂടുതലാണ്. വൈറസിനോട് മനുഷ്യ ശരീരം ശക്തമായി പ്രതിരോധ പ്രതികരണം തീര്‍ക്കാതിരുന്നതിനാലാണ് എച്ച്.ഐ.വി വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ ക്ലേശകരമാക്കിയത്. എന്നാല്‍ കോവിഡിന്റെ കാര്യത്തില്‍ മനുഷ്യശരീരത്തിന്റെ പ്രതിരോധ പ്രതികരണം വളരെ ശക്തമാണ്. ഇപ്പോള്‍ നടത്തിവരുന്ന പരീക്ഷണം മൂന്നാംഘട്ടത്തിലും ഫലപ്രദമായി വിജയിക്കുമെന്ന ഉറപ്പില്‍ വിപുലമായ വിതരണത്തിന് ട്രംപ് ഭരണകൂടം തയ്യാറെടുക്കുകയാണ്. വാക്‌സിന്‍ ഫലപ്രദവും സുരക്ഷിതവുമാണെന്ന് കണ്ടെത്തിക്കഴിഞ്ഞാലുടന്‍ അവ വിതരണം ചെയ്യുന്നതിനുള്ള സാമ്പത്തിക വെല്ലുവിളികളും ഭരണകൂടം ഏറ്റെടുക്കും. പ്രതിരോധ വകുപ്പും സി.ഡി.സിയും അമേരിക്കക്കാര്‍ക്ക് വിവിധ ഘട്ടങ്ങളിലായി വാക്‌സിന്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കും. വാക്‌സിന്‍ ആര്‍ക്കാണ് ആദ്യം ആവശ്യമെന്നതുള്‍പ്പെടെ കാര്യങ്ങള്‍ സര്‍ക്കാര്‍ സമിതികള്‍ തീരുമാനിക്കുമെന്നും ഫൗച്ചി കൂട്ടിച്ചേര്‍ത്തു.

Other News