യുഎസ് ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ ചാരന്‍ റോബര്‍ട്ട് ഹാന്‍സന്‍ ജയിലില്‍ മരിച്ചു


JUNE 6, 2023, 6:38 AM IST

ഫ്ലോറന്‍സ്: റഷ്യക്ക് വേണ്ടി ചാരവൃത്തി നടത്തിയതിന് ശിക്ഷിക്കപ്പെട്ട മുന്‍ എഫ്.ബി.ഐ ഏജന്റ് റോബര്‍ട്ട് ഹാന്‍സനെ (79) ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 2002 ജൂലൈ 17 മുതല്‍ അദ്ദേഹം കൊളറാഡോയിലെ ഫ്ലോറന്‍സിലെ അതി സുരക്ഷാ ജയിലില്‍ കഴിയുകയാണ്. യുഎസ് ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ ചാരന്മാരില്‍ ഒരാള്‍ എന്ന് കുപ്രസിദ്ധിയാര്‍ജ്ജിച്ച ആളാണ് റോബര്‍ട്ട് ഹാന്‍സെന്‍

തിങ്കളാഴ്ച രാവിലെ 6:55 ഓടെയാണ് ഹാന്‍സനെ ചലനമില്ലാതെ കണ്ടെത്തുന്നത്. എമര്‍ജന്‍സി മെഡിക്കല്‍ സംഘം ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം മരണത്തിന് കീഴടങ്ങി. എന്നാല്‍ ഹാന്‍സന്റെ മരണകാരണം പുറത്തുവിട്ടിട്ടില്ല. 15 ഓളം ചാരവൃത്തി കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഹാന്‍സെന്‍, 2002 ജൂലൈ 17 മുതല്‍ ഫ്ലോറന്‍സ് ജയിലിലാണ് കഴിഞ്ഞിരുന്നത്.

സോവിയറ്റ് യൂണിയനും പിന്നീട് റഷ്യയ്ക്കും വേണ്ടി 20 വര്‍ഷത്തിലേറെ ചാരപ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. ഈ കാലയളവില്‍ റഷ്യന്‍ അക്കൗണ്ടുകളില്‍ നിന്ന് 1.4 മില്യണ്‍ ഡോളറിലധികം പണവും വജ്രങ്ങളും മറ്റ് നിരവധി പാരിതോഷികങ്ങളും ലഭിച്ചു. 1976ല്‍ എഫ്ബിഐയില്‍ ഒരു സ്പെഷ്യല്‍ ഏജന്റായി ചേര്‍ന്ന ഹാന്‍സെന്‍, രഹസ്യവിവരങ്ങളിലേക്കുള്ള പ്രവേശനം ലഭിക്കുന്ന നിരവധി ഇന്റലിജന്‍സ് സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

Other News