ജോര്‍ജ് ഡബ്ല്യു ബുഷിനെ വധിക്കാനുള്ള ഇസ്ലാമിക് സ്‌റ്റേറ്റ് പദ്ധതി തകര്‍ത്തെന്ന് എഫ്ബിഐ


MAY 25, 2022, 6:09 PM IST

വാഷിംഗ്ടന്‍ : മുന്‍ യുഎസ് പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷിനെ വധിക്കാന്‍ യുഎസില്‍ രാഷ്ട്രീയ അഭയം തേടിയ ഇറാഖ് സ്വദേശി പദ്ധതിയിട്ടിരുന്നതായി യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റ് വ്യക്തമാക്കി. ഒഹായോയില്‍ താമസിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവി ഷിഹാബ് അഹമ്മദ് ഷിഹാബ് എന്ന 52കാരനാണ് പദ്ധതി തയാറാക്കിയത്. ബുഷിനെ വധിക്കാന്‍ യുഎസിലേക്ക് നാല് ഇറാഖ് പൗരന്മാരെ കടത്താനും ഷിഹാബ് ഒരുങ്ങിയതായും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എഫ്ബിഐ ഈ ശ്രമം പരാജയപ്പെടുത്തിയതായും ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ എഫ്ബിഐ വ്യക്തമാക്കി.

കൊലയാളി സംഘത്തെ മെക്‌സിക്കന്‍ അതിര്‍ത്തിയിലൂടെ യുഎസിലേക്ക് കടത്താനാണ് ശ്രമിച്ചത്. 2003ല്‍ ഇറാഖ് ആക്രമിക്കാന്‍ ഉത്തരവിട്ടതിന് തിരിച്ചടിയായാണ് ഈ പദ്ധതി ആസൂത്രണം ചെയ്തത്. ഷിഹാബും മറ്റൊരാളും ബുഷിനെ വധിക്കാനുള്ള പദ്ധതി കൊളംബസ് നഗരത്തില്‍ ആസൂത്രണം ചെയ്തു. തോക്കുകളും കൃത്രിമ യൂണിഫോം സംഘടിപ്പിക്കുന്നതും ആക്രമണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ സംബന്ധിച്ചും ഇവര്‍ ചര്‍ച്ച നടത്തി.മുന്‍ ഐഎസ് തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദിയുടെ ബന്ധുവാണ് താനെന്ന് ഷിഹാബ് പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റ് അംഗങ്ങളും ഇറാഖ് ഇന്റലിജന്‍സ് ഏജന്റുമാരെയും ചേര്‍ത്തു സംഘം രൂപീകരിക്കാനാണ് തീരുമാനിച്ചത്. ചൊവ്വാഴ്ചയാണ് ഷിഹാബിനെ അറസ്റ്റ് ചെയ്തത്.

മുന്‍ പ്രസിഡന്റിനെ കൊലപ്പെടുത്താനുള്ള പദ്ധതിയുടെ വിശദാംശങ്ങള്‍, കുറ്റാരോപിതനായ ഷിഹാബിന്റെ സെല്‍ഫോണ്‍ രേഖകള്‍ പരിശോധിക്കാന്‍ മാര്‍ച്ചില്‍ എഫ്ബിഐക്ക് വാറണ്ട് ലഭിച്ചുവെന്ന് 43 പേജുള്ള കോടതി രേഖ വെളിപ്പെടുത്തി.

വാറണ്ടിലുള്ള വ്യക്തി ഷിഹാബ് ചൊവ്വാഴ്ച രാവിലെയാണ് അറസ്റ്റിലായതെന്ന് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

സംഭവത്തില്‍ മുന്‍ പ്രസിഡന്റ് ആശങ്കാകുലനല്ലെന്ന് ബുഷിന്റെ വക്താവ് ചൊവ്വാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.

Other News