ഹൂസ്റ്റണ്‍: തണുത്ത കാലാവസ്ഥയില്‍ വീടിന് തീ പിടിച്ച് അമ്മൂമ്മയും മൂന്നു കൊച്ചുമക്കളും മരിച്ച സംഭവത്തില്‍ കാരണം കണ്ടെത്താനാവാതെ പൊലീസ്.
ടെക്സസിലെ ഷുഗര്‍ ലാന്റിലായിരുന്നു സംഭവം. കഴിഞ്ഞ ആഴ്ചയിലെ കനത്ത ഹിമപാതത്തില്‍ വൈദ്യുതി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഫയര്‍ പ്ലേയ്സ് കത്തിച്ചു വീടിന്റെ മുകളിലെ നിലയില്‍ കിടന്നുറങ്ങാന്‍ പോയതായിരുന്നു അമ്മൂമ്മയും 11, എട്ട്, അഞ്ച് വയസ്സുള്ള മൂന്നുകുട്ടികളും. വിയറ്റ്നാമില്‍ നിന്നുള്ള കുടുംബമാണിവര്‍.
തണുപ്പ് രൂക്ഷമായതോടെ അഞ്ചുമൈല്‍ അകലെയുള്ള വീട്ടില്‍ നിന്നും അമ്മൂമ്മ മകളുടേയും കൊച്ചുമക്കളുടേയും വീട്ടില്‍ എത്തിയതായിരുന്നു. സംഭവ ദിവസം വൈകിട്ട് ഒന്‍പത് വരെ അമ്മൂമ്മയും കൊച്ചുമക്കളും ചേര്‍ന്ന് കാര്‍ഡ് കളിച്ചിരുന്നതായി കുട്ടികളുടെ മാതാവ് പറഞ്ഞു. പിന്നീടാണ് ഉറങ്ങാന്‍ പോയത്.
താഴത്തെ നിലയില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടികളുടെ മാതാവ് ജാക്ക് ലാം തീ ആളിപ്പടരുന്നതു കണ്ട് മുകളിലേക്ക് ഓടിക്കയറാന്‍ നടത്തിയ ശ്രമം വിജയിച്ചില്ല. താഴെനിന്നും നിലവിളിച്ചെങ്കിലും ആരും സഹായത്തിന് എത്തിച്ചേര്‍ന്നില്ല. പിന്നീടെന്താണ് സംഭവിച്ചതെന്ന് ഇവര്‍ ഓര്‍ക്കുന്നില്ല. പൊള്ളലേറ്റ ജാക്ക് ലാം ആശുപത്രിയിലാണ്. .മൂന്നുമക്കളുടേയും അമ്മയുടേയും മരണം താങ്ങാനാവാതെ കഴിയുകയാണ് ഇവര്‍.