ചാന്ദ്ര പുതുവത്സരാഘോഷത്തിനിടെ വെടിവെയ്പ്; പത്തുപേര്‍ മരിച്ചു


JANUARY 22, 2023, 6:45 PM IST

ലോസ് ഏഞ്ചല്‍സ്: ചാന്ദ്ര പുതുവത്സരാഘോഷ പരിപാടിക്ക് ശേഷം നടന്ന വെടിവെയ്പില്‍ പത്തുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കാലിഫോര്‍ണിയന്‍ നഗരമായ മോണ്ടെറി പാര്‍ക്കിലെ വ്യാപാരസ്ഥാപനത്തിലാണ് വെടിവെയ്പുണ്ടായത്. 

പത്തുപേര്‍ക്കെങ്കിലും പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. 

മോണ്ടേറി പാര്‍ക്ക് ചാന്ദ്ര പുതുവത്സര ആഘോഷത്തിനായി ആയിരക്കണക്കിന് ആളുകളാണ് നഗരത്തിലെത്തിയത്. രാത്രിയുണ്ടായ വെടിവെയ്പ്പിലെ പ്രതി പുരുഷനാണെന്നും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു. 

സംഭവത്തിന് ശേഷം നഗരത്തില്‍ വന്‍ പൊലീസ് സന്നാഹമുള്ളതായാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ പ്രചരിക്കുന്നത്. ലോസ് ഏഞ്ചല്‍സിന് ഏകദേശം എട്ട് മൈല്‍ കിഴക്കാണ് സംഭവം. 

എന്നാല്‍ വെടിവെയ്പപിന് കാരണമായ സംഭവങ്ങള്‍ക്ക് കാരണം ചാന്ദ്രോത്സവവുമായി ബന്ധമുള്ളതായി തോന്നുന്നില്ലെന്ന് ഒരു പ്രാദേശിക മാധ്യമ പ്രവര്‍ത്തകനെ ഉദ്ധരിച്ച് ബി ബി സി റിപ്പോര്‍ട്ട് ചെയ്തു.  

സമീപത്തെ ഡാന്‍സ് സ്റ്റുഡിയോയില്‍ ഒരു തോക്കുധാരിയെത്തി ഏഷ്യന്‍- അമേരിക്കക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷിയില്‍ നിന്ന് മനസ്സിലായതെന്ന് മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞു. മെഷീന്‍ ഗണ്ണോ സെമി ഓട്ടോമാറ്റിക്ക് തോക്കോ ആണ് അയാളുടെ കൈവശമുണ്ടായിരുന്നത്. 

വെടിവെപ്പ് നടന്ന സ്ഥലത്തിന് എതിര്‍വശത്തുള്ള ഒരു റെസ്റ്റോറന്റ് ഉടമയുമായി താന്‍ സംസാരിച്ചതായും മൂന്ന് പേര്‍ റെസ്റ്റോറന്റിലേക്ക് ഓടിക്കയറി വന്നതായി അദ്ദേഹം വിവരിച്ചതായും മാധ്യമ പ്രവര്‍ത്തകന്‍ പറയുന്നു. മെഷീന്‍ ഗണ്ണുമായി ഒരാള്‍ ഉള്ളതിനാല്‍ വാതില്‍ പൂട്ടാന്‍ ആളുകള്‍ ഉടമയോട് പറയുകയും ചെയ്തു. 

ഏകദേശം പത്ത് മിനിറ്റിനുശേഷം ആരോ ഒരു കാറില്‍ രക്ഷപ്പെട്ടതായും പറഞ്ഞു. 

മോണ്ടെറി പാര്‍ക്ക് ചാന്ദ്ര പുതുവത്സര ഉത്സവം എന്താണ്?

ചൈനയിലും മറ്റ് കിഴക്കന്‍ ഏഷ്യന്‍ സംസ്‌കാരങ്ങളിലും ആഘോഷിക്കപ്പെടുന്ന ചാന്ദ്ര കലണ്ടറിന്റെ ആരംഭം കുറിക്കുന്ന വാര്‍ഷിക പരിപാടിയാണ് മോണ്ടറി പാര്‍ക്ക് ചാന്ദ്ര പുതുവത്സര ഉത്സവം.

പ്രാദേശിക ഗവണ്‍മെന്റ് വെബ്സൈറ്റ് അനുസരിച്ച് ഈ വര്‍ഷത്തെ ഉത്സവത്തില്‍ പരമ്പരാഗത പുതുവര്‍ഷ സിംഹവും ഡ്രാഗണ്‍ നര്‍ത്തകരും ഭക്ഷണ സ്റ്റാളുകളും റൈഡുകളും മറ്റ് വിനോദങ്ങളും ഉണ്ടായിരുന്നു.

തെക്കന്‍ കാലിഫോര്‍ണിയയില്‍ നിന്ന് പ്രതിദിനം ഒരു ലക്ഷത്തിലധികം സന്ദര്‍ശകരെയാണ് ആഘോഷം ആകര്‍ഷിച്ചത്.

Other News