യു എസിലെ ആദ്യ കറുത്ത വര്‍ഗ്ഗക്കാരനായ സ്റ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍ അന്തരിച്ചു


OCTOBER 18, 2021, 6:35 PM IST

വാഷിംഗ്ടണ്‍: യു എസിലെ ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരനായ സ്‌റ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍ കോവിഡ് അനുബന്ധ രോഗങ്ങളെ തുടര്‍ന്ന് അന്തരിച്ചു. 84 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണ് ഫേസ് ബുക്ക് പോസ്റ്റ് വഴി മരണ വിവരം അറഇയിച്ചത്. 

ഇരുപതാം നൂറ്റാണ്ടിന്റെ അവസാന വര്‍ഷങ്ങളിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ വര്‍ഷങ്ങളിലും അമേരിക്കന്‍ വിദേശനയം രൂപപ്പെടുത്താന്‍ സഹായിച്ച നിരവധി റിപ്പബ്ലിക്കന്‍ ഭരണകൂടങ്ങളെ സഹായിക്കാന്‍ കോളിന്‍ പവലുണ്ടായിരുന്നു. 

പട്ടാളത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന പവല്‍ വിയറ്റ്‌നാം പോരാട്ട കാലത്താണ് റൊണാള്‍ഡ് റീഗന്റെ അവസാന വര്‍ഷങ്ങളില്‍ ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരനായ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിതനായത്. ജോര്‍ജ്ജ് എച്ച് ഡബ്ല്യു ബുഷിന് കീഴില്‍ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫിന്റെ ഏറ്റവും പ്രായം കുറഞ്ഞ ആദ്യത്തെ ആഫ്രിക്കന്‍ അമേരിക്കന്‍ ചെയര്‍മാനുമായിരുന്നു അദ്ദേഹം. 

ഗള്‍ഫ് യുദ്ധ സമയത്ത് യു എസ് നേതൃത്വത്തിലുള്ള സഖ്യസൈന്യത്തിന്റെ വിജയത്തിന് ശേഷമാണ് പവലിന്റെ പ്രശസ്തി കുതിച്ചുയര്‍ന്നത്. 90കളുടെ അവസാനത്തിലാവട്ടെ അമേരിക്കയുടെ ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരനായ പ്രസിഡന്റാകാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നുവരെ കരുതിയിരുന്നു. എന്നാല്‍ ജോര്‍ജ്ജ് ഡബ്ല്യു ബുഷിന്റെ ആദ്യ സ്‌റ്റേറ്റ് സെക്രട്ടറി എന്ന നിലയില്‍ ഇറാഖ് യുദ്ധവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയ്ക്കു മുമ്പാകെ തെറ്റായ വിവരങ്ങള്‍ പങ്കുവെച്ചത് അദ്ദേഹത്തിന്റെ പ്രശസ്തിക്ക് മങ്ങലേല്‍പ്പിക്കുകയായിരുന്നു. അത് അദ്ദേഹത്തിന് തീരാകളങ്കമായി മാറുകയും ചെയ്തു.

Other News