കോവിഡ്, വംശീയത, സുപ്രീം കോടതി; പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ ആദ്യ സംവാദം 29ന്


SEPTEMBER 23, 2020, 1:35 AM IST

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ ആദ്യ സംവാദത്തില്‍ കോവിഡ്, സുപ്രീം കോടതി, രാജ്യത്തെ വംശീയ പ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചയാവുമെന്ന് ഡിബേറ്റ് കമ്മീഷന്‍ അറിയിച്ചു. സെപ്റ്റംബര്‍ 29ന് ഒഹായോയിലെ ക്ലീവ്ലാന്‍ഡിലെ കേസ് വെസ്റ്റേണ്‍ റിസര്‍വ് സര്‍വകലാശാലയിലാണ് ആദ്യ സംവാദം. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റിക്കിന്റെ ജോ ബൈഡനും നിര്‍ദ്ദിഷ്ട വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കി വാദപ്രതിവാദങ്ങള്‍ ഉന്നയിക്കും.  

ആറ് വിഷയങ്ങളെ 15 മിനിറ്റ് വീതമുള്ള സെഷനുകളിലായാണ് അവതരിപ്പിക്കുന്നതെന്ന് ഡിബേറ്റ് കമ്മീഷന്‍ പറഞ്ഞു. ട്രംപിന്റെയും ബൈഡന്റെയും പശ്ചാത്തലം, സുപ്രീം കോടതി, കോവിഡ് 19, സമ്പദ് വ്യവസ്ഥ, നഗരങ്ങളിലെ വംശീയത-അക്രമം, തെരഞ്ഞെടുപ്പിന്റെ സത്യനിഷ്ഠ എന്നിവയാണ് വിഷയങ്ങള്‍. എന്നാല്‍ പുതിയ വാര്‍ത്തകളും സംഭവകളും ഉണ്ടാകുന്നപക്ഷം ചര്‍ച്ചാവിഷയങ്ങളില്‍ മാറ്റമുണ്ടാകാമെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഫോക്‌സ് ന്യൂസിന്റെ ക്രിസ് വാലസ് മോഡറേറ്റര്‍ ആകും. 

ആദ്യ സംവാദത്തിലേക്കുള്ള തയ്യാറെടുപ്പുകളിലാണ് ട്രംപും ബൈഡനും. പതിവായി ചെയ്യുന്നതെല്ലാം ചെയ്തുകൊണ്ടാണ് സംവാദത്തിന് തയ്യാറെടുക്കുന്നതെന്നാണ് ട്രംപ് പ്രതികരിച്ചത്. അതേസമയം, സംവാദത്തെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ട്രംപിന്റെ ഉത്തരവാദിത്തത്തെ ചോദ്യം ചെയ്യാനുള്ള അവസരാണെന്നും ബൈഡന്‍ പ്രതികരിച്ചു. 

Other News