വാഷിംഗ്ടണ്‍: പന്ത്രണ്ട് വര്‍ഷത്തിന് ശേഷം 26/11 മുംബൈ ആക്രമണത്തിന് പിന്നിലെ സൂത്രധാരനെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അഞ്ച് ദശലക്ഷം യു എസ് ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. ലഷ്കറെ ത്വയ്യിബ അംഗം സാജിദ് മിറിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്കുന്നവര്ക്കാണ് പാരിതോഷികം.
2008ല്‍ യു എസ് റിവാര്‍ഡ്സ് ഫോര്‍ ജസ്റ്റിസ് പ്രോഗ്രാം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പാകിസ്താന് ആസ്ഥാനമായ വിദേശ തീവ്രവാദ സംഘടനയായ ലഷ്കറെ ത്വയ്യിബയിലെ മുതിര്‍ന്ന അംഗം സാജിര്‍ മിറിനെ കുറിച്ച് ഏതെങ്കിലും രാജ്യത്ത് അറസ്റ്റിലാവാനോ ശിക്ഷിക്കപ്പെടാനും സാധിക്കുന്ന തരത്തിലുള്ള വിവരങ്ങള്‍ കൈമാറുന്നവര്‍ക്കാണ് വന്‍തുക വാഗ്ദാനം ചെയ്തിരിക്കുന്നത്.
2008 നവംബര്‍ 26ന് മുംബൈയിലെ താജ്, ഒബ്റോയ് ഹോട്ടലുകള്‍, ലിയോപോള്‍ഡ് കഫെ, നരിമാന്, ഛത്രപതി ശിവജി ടെര്‍മിനസ് എന്നിവിടങ്ങളില്‍ നടത്തിയ ഏകോപിത ആക്രമണങ്ങളില്‍ 166 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഒന്‍പത് ഭീകരവാദികള്‍ കൊല്ലപ്പെടുകയും പിടിയിലായ അജ്മല്‍ കസബിനെ 2012 നവംബര്‍ 11ന് പൂനെയിലെ യെര്‍വാഡ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റുകയും ചെയ്തു.
ലഷ്ക്കറെ ത്വയ്യിബയുടെ മുംബൈ ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു സാജിദ് മിര്‍. 2011 ഏപ്രില്‍ 21ന് യു എസ് ഡിസ്ട്രിക്ട് കോടതി, ഇല്ലിനോയിയിലെ നോര്‍ത്തേണ്‍ ഡിസ്ട്രിക്ട്, ഈസ്റ്റേണ്‍ ഡിവിഷന് (ഷിക്കാഗോ, ഇല്ലിനോയിസ്) എന്നിവിടങ്ങളില്‍ മിറിനെ പ്രതിചേര്‍ത്തിരുന്നു.
തീവ്രവാദികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പാകിസ്താന് തീര്‍ത്തും നിരുത്തരവാദ സമീപനമാണ് സ്വീകരിക്കുന്നത്. ഇന്ത്യയുമായി ബന്ധപ്പെട്ട ഏഴ് സംഭവങ്ങളില്‍ പാകിസ്താന് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ഒരുദശകത്തിലേറെയായി കാര്യമായ മുന്നേറ്റം ഈ കേസുകളില്‍ ഉണ്ടായിട്ടില്ല.